Sunday, August 19, 2012

ഒരു വാലിസ്നേറിയ പ്രശ്നം

മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'വാലിസ്നേറിയ എന്ന ആരൽപുല്ല് ' വായിച്ച ഒരു അക്വേറിയം ഹോബിയിസ്റ്റിന്റെ സംശയങ്ങളും അതിനു ലേഖകന്‍ നല്‍കിയ മറുപടികളും, അക്വേറിയം ഹോബി ഇഷ്ടപ്പെടുന്നവര്‍ക്കായി ഇവിടെ ചേര്‍ക്കുന്നു. (മാതൃഭൂമിയിലെ ലേഖനത്തിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.)

കടപ്പാട് : Aquascaping-blog.com

Sanjeev1asv:
ഇവിടെ എനിക്ക് വാലിസ്നേറിയയെ കുറിച്ച് വിശദമായി അറിയാന്‍ സാധിച്ചു. ഞാന്‍ എന്റെ വീട്ടിലുള്ള അക്വേറിയത്തിലും ഈ ചെടി നട്ടിടുണ്ട്. ആദ്യം അത് നല്ലതുപോലെ വളര്‍ന്നു. ഇപ്പൊൾ അത് വെള്ളത്തിന്റെ മുകളില്‍ പാറി കിടക്കുന്നുണ്ട്. എന്നാല്‍ അതില്‍ പുതിയ ഒരു തൈ വരുകയോ, ഉള്ള ചെടിയില്‍ നിന്നും പുതിയ ഇലകള്‍ വരുകയോ ചെയ്യുന്നില്ല. അക്വേറിയത്തിൽ ഞാന്‍ 2 ട്യൂബ് ലൈറ്റ് ആണ് കൊടുത്തിരിക്കുന്നത്‌. എന്നിട്ടും ചെടിയുടെ വളർച്ച മുന്നോട്ടില്ല. എന്താണ് ഇതിനു കാരണം?

VarnaMalsyangal :
ഇനി ചോദിക്കുന്ന വിവരങ്ങള്‍ തരാമോ?
- അക്വേറിയത്തിന്റെ വലിപ്പം, ട്യൂബ് ലൈറ്റുകള്‍ എത്ര വാട്ട്സിന്റെ, എത്ര എണ്ണം? ഏതൊക്കെ മത്സ്യങ്ങള്‍, എത്രയെണ്ണം ഉണ്ട്?
- അക്വേറിയം സെറ്റ് ചെയ്തിട്ട് എത്ര കാലമായി ? എത്ര കാലം കൂടുമ്പോള്‍ വെള്ളം മാറ്റാറുണ്ട്?
- അക്വേറിയത്തിന്റെ അടിത്തട്ടില്‍ ഇട്ടിരിക്കുന്ന മാധ്യമം ഏതൊക്കെ? എവിടെ നിന്നാണ് അക്വേറിയം ആവശ്യങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നത്?
- വാലിസ്നേറിയ നട്ടതിനു ശേഷം ഒരിക്കലെങ്കിലും വല്ലരികള്‍ മുളക്കുന്നത്‌ കണ്ടിട്ടുണ്ടോ? നട്ട ചെടികളുടെ ഭൂകാണ്ഡം ചരലിനു / മണലിനു മീതെ കാണാമോ?

കടപ്പാട് : http://forum.aquatic-gardeners.org

Sanjeev1asv:
3 അടി നീളം, 1.5 അടി ഉയരം, 1 അടി വീതി. 2 ട്യൂബ് ലൈറ്റ് കൊടുത്തിട്ടുണ്ട്‌. എത്ര വാട്ട്സ് ആണ് എന്ന് കൃത്യമായി അറിഞ്ഞുകൂട. ഇപ്പോള്‍ അതില്‍ ഉള്ളത്  6 പ്ലാറ്റി മത്സ്യം, ഒരു ഷാർക്ക്, ഒരു ലോച് എന്നിവയാണ്. ഏതാണ്ട് ഒരു വര്‍ഷത്തോളം ആയി അക്വേറിയം സെറ്റ് ചെയ്തിട്ട്. സ്ഥിരമായി എല്ലാ ഞായറാഴ്ച്ചകളിലും ഞാന്‍ വെള്ളം മാറ്റാറുണ്ട് (അക്വേറിയത്തിന്റെ 25 % വെള്ളം). അക്വേറിയത്തില്‍ ഏറ്റവും അടിയിലായി മണ്ണ് ഇട്ടിടുണ്ട്. അതിന്റെ മുകളില്‍ സാധാരണ അക്വേറിയം ഗ്രാവലും ഉണ്ട്. ഇതില്‍ നിറക്കുന്നത് കുഴല്‍ കിണറില്‍ നിന്നും ഉള്ള വെള്ളമാണ്. ചില ചെടികളുടേ ഭൂകാണ്ഡം മുകളില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ആദ്യം വാലിസ്നേറിയ നട്ടതിനു ശേഷം കുറച്ചു കാലം വല്ലരികള്‍ മുളക്കുന്നത്‌ കണ്ടു. ഇപ്പോള്‍ ഇല്ല.


VarnaMalsyangal :
സെറ്റ് ചെയ്തു വളരെക്കാലമായി തുടരുന്ന താങ്കളുടെ അക്വേറിയത്തെ അങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ട് , എങ്ങനെ ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താം എന്നാണ് ഇനി പറയാന്‍ പോകുന്നത്.

എത്ര വാട്ട്സ് ആണ് ട്യൂബ് ലൈറ്റുകള്‍ എന്ന് താങ്കള്‍ക്കു കണ്ടുപിടിക്കാന്‍ കഴിയാതിരുന്നത് കാലപ്പഴക്കം കൊണ്ടാണ്. എങ്കിൽ അവ മാറ്റുവാന്‍ സമയമായി എന്നനുമാനിക്കാം. സാധാരണ ഗതിയില്‍ ട്യൂബ് ലൈറ്റുകള്‍ വര്‍ഷങ്ങളോളം ഫ്യൂസ് ആകാതെ ഇരിക്കും. പക്ഷെ അവ നല്‍കുന്ന വെളിച്ചത്തിന്റെ ഗുണമേന്മ കുറഞ്ഞു
കൊണ്ടിരിക്കുകയും ചെയ്യും. ഇത് നമുക്ക് നേരിട്ട് മനസ്സിലാക്കാനാകില്ല. മുറികള്‍ക്കും മറ്റും വെളിച്ചം കിട്ടാന്‍ ഈ ഗുണമേന്മ ഒരു പ്രശ്നമല്ലെങ്കിലും ഒരു അക്വേറിയത്തില്‍ കാലപ്പഴക്കം ചെന്ന ട്യൂബ് ലൈറ്റിന്റെ ഉപയോഗം ചെടികളുടെ വളര്‍ച്ചയെ ബാധിക്കും. ഓരോ ഒന്‍പതു-പത്തു മാസങ്ങള്‍ കൂടുമ്പോള്‍ ചെടികളുള്ള അക്വേറിയത്തിലെ ട്യൂബ് ലൈറ്റുകള്‍ മാറ്റുന്നത് നല്ലതാണ്. ഇവയെ വീട്ടിലെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. അതിനാല്‍ ആദ്യം അക്വേറിയത്തിലെ ട്യൂബ് ലൈറ്റുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുക. താങ്കളുടെ ടാങ്കിനു 18 വാട്ട്സ് വീതമുള്ള രണ്ടു കൂള്‍ വൈറ്റ് ട്യൂബ് ലൈറ്റുകള്‍ മതിയാകും. വാലിസ്നേറിയകള്‍ മാത്രമാണ് വളര്‍ത്തുന്നതെങ്കില്‍ ഫിലിപ്സിന്റെ TL-D Super 80 Linear fluorescent tube, 18W, G13, Cool white ഉപയോഗിക്കാം.

താങ്കള്‍ ഉപയോഗിക്കുന്നത് കുഴല്‍ കിണറിലെ വെള്ളം ആണല്ലോ. പലപ്പോഴും ഇത്തരം വെള്ളത്തില്‍ പല ധാതുക്കളും കൂടിയ അളവില്‍ ലയിച്ചു ചേര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. വെള്ളം പരിശോധിച്ച് നോക്കിയാലെ കൃത്യമായി പറയാനാകൂ. ഇതേ വെള്ളം താങ്കള്‍ മറ്റൊരു അക്വേറിയത്തില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിലെ
ചെടികളുടെ വളര്‍ച്ച നോക്കി വെള്ളത്തിന്റെ ഗുണം ഒരു പരിധിവരെ മനസ്സിലാക്കാം. പക്ഷെ എന്തായാലും ഇതിനു പകരം മറ്റൊരു സ്രോതസ്സ് പരീക്ഷിക്കുന്നത് നന്നായിരിക്കും. തുറന്ന കിണറിലെ വെള്ളം കിട്ടുകയാണെങ്കില്‍ അത് ഉപയോഗിച്ച് നോക്കാം. അല്ലെങ്കില്‍ ടാപ്പ് വെള്ളം ഒരു രാത്രി മുഴുവന്‍ പരന്ന പാത്രത്തില്‍ തുറന്നു വെച്ചു ഒരു എയ്റേറ്റര്‍ ഉപയോഗിച്ചു വായു കുമിളകള്‍ ഉണ്ടാക്കി ക്ലോറിന്‍ അംശങ്ങള്‍ പോയി എന്ന് ഉറപ്പു വരുത്തിയ ശേഷം ഉപയോഗിക്കാം. ആഴ്ചയില്‍ താങ്കള്‍ക്ക് ഉദ്ദേശം മുപ്പതു ലിറ്റര്‍ വെള്ളം മാത്രമേ ആവശ്യമായി വരൂ.

അക്വേറിയത്തിന്റെ അടിത്തട്ടില്‍ മണ്ണ് ഉള്ളതിനാല്‍ താങ്കള്‍ വെള്ളം മാറ്റുമ്പോള്‍ ചരല്‍ സൈഫണ്‍ ചെയ്തു വൃത്തിയാക്കാറില്ല എന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ ചരലിലെ കറുത്ത ചളിയില്‍ നിന്നും ധാരാളം നൈട്രേറ്റ്  ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. എപ്പോഴെങ്കിലും താങ്കള്‍ അക്വേറിയത്തിലെ നൈട്രേറ്റിന്റെ അളവ് പരിശോധിച്ചിട്ടുണ്ട് എങ്കില്‍ അവ കൂടുതലാണെന്ന് കാണാം. നൈട്രേറ്റിന്റെ കൂടിയ അളവ് മത്സ്യങ്ങളെയും ചെടികളെയും ബാധിക്കാറുണ്ട്. അതിനാല്‍ അടുത്ത തവണ വെള്ളം മാറ്റുമ്പോള്‍ ഒരു സൈഫണ്‍
ഉപയോഗിച്ച് അടിത്തട്ടിനു മുകള്‍ ഭാഗത്തെ ചരല്‍ വൃത്തിയാക്കാന്‍ ശ്രമിക്കുക. ഇത് ചെയ്യുന്നതിന് ഒരു മാസം മുന്‍പെങ്കിലും ഒരു നല്ല പവര്‍ ഹെഡ് ഉള്ള സ്പോഞ്ച് ഫില്‍റ്റര്‍ വാങ്ങി അക്വേറിയത്തില്‍ സ്ഥാപിക്കുക. സൈഫൺ, ചരലില്‍ കൂടുതല്‍ ആഴത്തിലേക്ക് കൊണ്ടുപോയാല്‍ അടിയിലെ മണ്ണ് പൊങ്ങി വന്നു അക്വേറിയം വൃത്തികേടാകും എന്നതിനാല്‍ വളരെ സൂക്ഷിച്ചു വേണം സൈഫണ്‍ ഉപയോഗിക്കാന്‍. ഈ സമയം മത്സ്യങ്ങളെ മറ്റൊരു അക്വേറിയത്തിലേക്കോ പ്ലാസ്റ്റിക് ബക്കറ്റിലേക്കോ മാറ്റുന്നത് നന്നായിരിക്കും. മേല്‍ഭാഗത്തെ
ചരല്‍ വൃത്തിയാക്കിയ ശേഷം പുതിയ വെള്ളം നിറച്ച് ഒരു ദിവസത്തിന് ശേഷം മത്സ്യങ്ങളെ ഇടാം.

ടാങ്ക് വൃത്തിയാക്കി ഒരാഴ്ച കഴിഞ്ഞ് വാലിസ്നേറിയകളെ എല്ലാം ശ്രദ്ധയോടെ പിഴുതെടുക്കുക. അവയിലെ പഴകി ദ്രവിച്ച ഇലകള്‍ നീക്കം ചെയ്ത ശേഷം, ഒന്നൊന്നായി ഭൂകാണ്ടം ചരലിനു മുകളില്‍ വരത്തക്ക വിധം നടുക. വെള്ളം
കലങ്ങുകയാണ് എങ്കില്‍ 50 ശതമാനം വെള്ളം മാറ്റി പുതിയ വെള്ളം ഒഴിച്ച് കൊടുക്കുക. ഒരു മാസത്തിനു ശേഷം വീണ്ടും നൈട്രേറ്റ് പരിശോധിച്ച് അധികമെന്ന് കണ്ടാൽ, വാലിസ്നേറിയകളെ പിഴുതു മാറ്റാതെ, ചരല്‍ വൃത്തിയാക്കല്‍ ആവര്‍ത്തിക്കുക. ഇത്രയും ചെയ്യുകയാണെങ്കില്‍ വാലിസ്നേറിയ താങ്കളുടെ അക്വേറിയത്തില്‍ തഴച്ചു വളരും.

കടപ്പാട് : http://www.myfishforum.com