Saturday, September 1, 2012

അക്വേറിയത്തില്‍ ഏറ്റവും എളുപ്പം വളര്‍ത്താവുന്ന ജലസസ്യം


അക്വേറിയത്തില്‍ മത്സ്യങ്ങളോടൊപ്പം ജലസസ്യങ്ങള്‍ വളര്‍ത്തി വര്‍ണ്ണഭംഗി കൂട്ടാന്‍ എല്ലാ അക്വേറിയം ഹോബിയിസ്റ്റുകളും  താത്പര്യപ്പെടും. ടാങ്കിന്റെ പുറകിലായി വച്ച് പിടിപ്പിച്ച് അക്വേറിയത്തിന്റെ പച്ചപ്പ്‌ കൂട്ടാന്‍ പറ്റിയ ചെടികളിലൊന്നാണ്  വാലിസ്നേറിയകള്‍. ഇവയെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍ ചുവടെ.
കടപ്പാട് : http://www.shrimpnow.com


പ്രകാശ തീവ്രത : 0.5-2.5 വാട്ട്സ് ഒരു ഗാലണ് എന്ന തോതിൽ

ജലതാപനില  : 25-30ഡിഗ്രി സെൽഷ്യസ്

pH :  6-7.5

ജലത്തിന്റെ കാഠിന്യം : 15 ഓ അതിലല്പം താഴെയോ

അക്വേറിയത്തിന്റെ വലിപ്പം : പ്രശ്നമല്ല

അക്വേറിയത്തിലെ സ്ഥാനം : പിൻഭാഗം

പ്രജനനം : മുഖ്യമായും വല്ലരികളിലൂടെ, വിത്തു വഴി

വളർച്ചയെ ത്വരിതപ്പെടുത്തുന്ന പോഷകങ്ങൾ : പ്രത്യേകിച്ച് നിർബന്ധങ്ങളൊന്നുമില്ല

മറ്റു ചെടികൾക്കെതിരെയുള്ള രാസകങ്ങൾ : ഫീനോളിക് സംയുക്തങ്ങളും ആൽക്കലോയിഡുകളും

വേരുകൾ : ഭൂകാണ്ടത്തിൽ നിന്നും വെളുത്തു നാരുകൾ പോലെ

ഇലകളുടെ നിറം : പച്ച

ഇലകളുടെ സ്ഥാനം, ആകൃതി : ഭൂകാണ്ഡത്തിനു തൊട്ടു മുകളിൽ നിന്നു നാടകൾപോലെ

പൂക്കൾ : ഭൂകാണ്ഡത്തൊടു ചേർന്നുണ്ടാകുന്ന ആൺപൂക്കൾ, സ്പ്രിംഗ് പോലെയുള്ള തണ്ടുകളിൽ കാണുന്ന പെൺപൂക്കൾ

കാർബൺ ഡൈ ഓക്സൈഡ് : വേണമെന്നില്ല

വെള്ളത്തിനു പുറത്ത് വളർത്താമോ? : ഇല്ല, പൂർണ്ണമായും മുങ്ങിക്കിടന്ന് വളരുന്ന ചെടി

മറ്റ് നിർദ്ദേശങ്ങൾ : തുടക്കക്കാർക്ക് വളരെ യോജിച്ചത്


വാലിസ്നേറിയ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി അറിയാന്‍ മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'വാലിസ്നേറിയ  എന്ന ആരൽപ്പുല്ല് ' എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

Sunday, August 19, 2012

ഒരു വാലിസ്നേറിയ പ്രശ്നം

മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'വാലിസ്നേറിയ എന്ന ആരൽപുല്ല് ' വായിച്ച ഒരു അക്വേറിയം ഹോബിയിസ്റ്റിന്റെ സംശയങ്ങളും അതിനു ലേഖകന്‍ നല്‍കിയ മറുപടികളും, അക്വേറിയം ഹോബി ഇഷ്ടപ്പെടുന്നവര്‍ക്കായി ഇവിടെ ചേര്‍ക്കുന്നു. (മാതൃഭൂമിയിലെ ലേഖനത്തിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.)

കടപ്പാട് : Aquascaping-blog.com

Sanjeev1asv:
ഇവിടെ എനിക്ക് വാലിസ്നേറിയയെ കുറിച്ച് വിശദമായി അറിയാന്‍ സാധിച്ചു. ഞാന്‍ എന്റെ വീട്ടിലുള്ള അക്വേറിയത്തിലും ഈ ചെടി നട്ടിടുണ്ട്. ആദ്യം അത് നല്ലതുപോലെ വളര്‍ന്നു. ഇപ്പൊൾ അത് വെള്ളത്തിന്റെ മുകളില്‍ പാറി കിടക്കുന്നുണ്ട്. എന്നാല്‍ അതില്‍ പുതിയ ഒരു തൈ വരുകയോ, ഉള്ള ചെടിയില്‍ നിന്നും പുതിയ ഇലകള്‍ വരുകയോ ചെയ്യുന്നില്ല. അക്വേറിയത്തിൽ ഞാന്‍ 2 ട്യൂബ് ലൈറ്റ് ആണ് കൊടുത്തിരിക്കുന്നത്‌. എന്നിട്ടും ചെടിയുടെ വളർച്ച മുന്നോട്ടില്ല. എന്താണ് ഇതിനു കാരണം?

VarnaMalsyangal :
ഇനി ചോദിക്കുന്ന വിവരങ്ങള്‍ തരാമോ?
- അക്വേറിയത്തിന്റെ വലിപ്പം, ട്യൂബ് ലൈറ്റുകള്‍ എത്ര വാട്ട്സിന്റെ, എത്ര എണ്ണം? ഏതൊക്കെ മത്സ്യങ്ങള്‍, എത്രയെണ്ണം ഉണ്ട്?
- അക്വേറിയം സെറ്റ് ചെയ്തിട്ട് എത്ര കാലമായി ? എത്ര കാലം കൂടുമ്പോള്‍ വെള്ളം മാറ്റാറുണ്ട്?
- അക്വേറിയത്തിന്റെ അടിത്തട്ടില്‍ ഇട്ടിരിക്കുന്ന മാധ്യമം ഏതൊക്കെ? എവിടെ നിന്നാണ് അക്വേറിയം ആവശ്യങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നത്?
- വാലിസ്നേറിയ നട്ടതിനു ശേഷം ഒരിക്കലെങ്കിലും വല്ലരികള്‍ മുളക്കുന്നത്‌ കണ്ടിട്ടുണ്ടോ? നട്ട ചെടികളുടെ ഭൂകാണ്ഡം ചരലിനു / മണലിനു മീതെ കാണാമോ?

കടപ്പാട് : http://forum.aquatic-gardeners.org

Sanjeev1asv:
3 അടി നീളം, 1.5 അടി ഉയരം, 1 അടി വീതി. 2 ട്യൂബ് ലൈറ്റ് കൊടുത്തിട്ടുണ്ട്‌. എത്ര വാട്ട്സ് ആണ് എന്ന് കൃത്യമായി അറിഞ്ഞുകൂട. ഇപ്പോള്‍ അതില്‍ ഉള്ളത്  6 പ്ലാറ്റി മത്സ്യം, ഒരു ഷാർക്ക്, ഒരു ലോച് എന്നിവയാണ്. ഏതാണ്ട് ഒരു വര്‍ഷത്തോളം ആയി അക്വേറിയം സെറ്റ് ചെയ്തിട്ട്. സ്ഥിരമായി എല്ലാ ഞായറാഴ്ച്ചകളിലും ഞാന്‍ വെള്ളം മാറ്റാറുണ്ട് (അക്വേറിയത്തിന്റെ 25 % വെള്ളം). അക്വേറിയത്തില്‍ ഏറ്റവും അടിയിലായി മണ്ണ് ഇട്ടിടുണ്ട്. അതിന്റെ മുകളില്‍ സാധാരണ അക്വേറിയം ഗ്രാവലും ഉണ്ട്. ഇതില്‍ നിറക്കുന്നത് കുഴല്‍ കിണറില്‍ നിന്നും ഉള്ള വെള്ളമാണ്. ചില ചെടികളുടേ ഭൂകാണ്ഡം മുകളില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ആദ്യം വാലിസ്നേറിയ നട്ടതിനു ശേഷം കുറച്ചു കാലം വല്ലരികള്‍ മുളക്കുന്നത്‌ കണ്ടു. ഇപ്പോള്‍ ഇല്ല.


VarnaMalsyangal :
സെറ്റ് ചെയ്തു വളരെക്കാലമായി തുടരുന്ന താങ്കളുടെ അക്വേറിയത്തെ അങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ട് , എങ്ങനെ ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താം എന്നാണ് ഇനി പറയാന്‍ പോകുന്നത്.

എത്ര വാട്ട്സ് ആണ് ട്യൂബ് ലൈറ്റുകള്‍ എന്ന് താങ്കള്‍ക്കു കണ്ടുപിടിക്കാന്‍ കഴിയാതിരുന്നത് കാലപ്പഴക്കം കൊണ്ടാണ്. എങ്കിൽ അവ മാറ്റുവാന്‍ സമയമായി എന്നനുമാനിക്കാം. സാധാരണ ഗതിയില്‍ ട്യൂബ് ലൈറ്റുകള്‍ വര്‍ഷങ്ങളോളം ഫ്യൂസ് ആകാതെ ഇരിക്കും. പക്ഷെ അവ നല്‍കുന്ന വെളിച്ചത്തിന്റെ ഗുണമേന്മ കുറഞ്ഞു
കൊണ്ടിരിക്കുകയും ചെയ്യും. ഇത് നമുക്ക് നേരിട്ട് മനസ്സിലാക്കാനാകില്ല. മുറികള്‍ക്കും മറ്റും വെളിച്ചം കിട്ടാന്‍ ഈ ഗുണമേന്മ ഒരു പ്രശ്നമല്ലെങ്കിലും ഒരു അക്വേറിയത്തില്‍ കാലപ്പഴക്കം ചെന്ന ട്യൂബ് ലൈറ്റിന്റെ ഉപയോഗം ചെടികളുടെ വളര്‍ച്ചയെ ബാധിക്കും. ഓരോ ഒന്‍പതു-പത്തു മാസങ്ങള്‍ കൂടുമ്പോള്‍ ചെടികളുള്ള അക്വേറിയത്തിലെ ട്യൂബ് ലൈറ്റുകള്‍ മാറ്റുന്നത് നല്ലതാണ്. ഇവയെ വീട്ടിലെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. അതിനാല്‍ ആദ്യം അക്വേറിയത്തിലെ ട്യൂബ് ലൈറ്റുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുക. താങ്കളുടെ ടാങ്കിനു 18 വാട്ട്സ് വീതമുള്ള രണ്ടു കൂള്‍ വൈറ്റ് ട്യൂബ് ലൈറ്റുകള്‍ മതിയാകും. വാലിസ്നേറിയകള്‍ മാത്രമാണ് വളര്‍ത്തുന്നതെങ്കില്‍ ഫിലിപ്സിന്റെ TL-D Super 80 Linear fluorescent tube, 18W, G13, Cool white ഉപയോഗിക്കാം.

താങ്കള്‍ ഉപയോഗിക്കുന്നത് കുഴല്‍ കിണറിലെ വെള്ളം ആണല്ലോ. പലപ്പോഴും ഇത്തരം വെള്ളത്തില്‍ പല ധാതുക്കളും കൂടിയ അളവില്‍ ലയിച്ചു ചേര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. വെള്ളം പരിശോധിച്ച് നോക്കിയാലെ കൃത്യമായി പറയാനാകൂ. ഇതേ വെള്ളം താങ്കള്‍ മറ്റൊരു അക്വേറിയത്തില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിലെ
ചെടികളുടെ വളര്‍ച്ച നോക്കി വെള്ളത്തിന്റെ ഗുണം ഒരു പരിധിവരെ മനസ്സിലാക്കാം. പക്ഷെ എന്തായാലും ഇതിനു പകരം മറ്റൊരു സ്രോതസ്സ് പരീക്ഷിക്കുന്നത് നന്നായിരിക്കും. തുറന്ന കിണറിലെ വെള്ളം കിട്ടുകയാണെങ്കില്‍ അത് ഉപയോഗിച്ച് നോക്കാം. അല്ലെങ്കില്‍ ടാപ്പ് വെള്ളം ഒരു രാത്രി മുഴുവന്‍ പരന്ന പാത്രത്തില്‍ തുറന്നു വെച്ചു ഒരു എയ്റേറ്റര്‍ ഉപയോഗിച്ചു വായു കുമിളകള്‍ ഉണ്ടാക്കി ക്ലോറിന്‍ അംശങ്ങള്‍ പോയി എന്ന് ഉറപ്പു വരുത്തിയ ശേഷം ഉപയോഗിക്കാം. ആഴ്ചയില്‍ താങ്കള്‍ക്ക് ഉദ്ദേശം മുപ്പതു ലിറ്റര്‍ വെള്ളം മാത്രമേ ആവശ്യമായി വരൂ.

അക്വേറിയത്തിന്റെ അടിത്തട്ടില്‍ മണ്ണ് ഉള്ളതിനാല്‍ താങ്കള്‍ വെള്ളം മാറ്റുമ്പോള്‍ ചരല്‍ സൈഫണ്‍ ചെയ്തു വൃത്തിയാക്കാറില്ല എന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ ചരലിലെ കറുത്ത ചളിയില്‍ നിന്നും ധാരാളം നൈട്രേറ്റ്  ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. എപ്പോഴെങ്കിലും താങ്കള്‍ അക്വേറിയത്തിലെ നൈട്രേറ്റിന്റെ അളവ് പരിശോധിച്ചിട്ടുണ്ട് എങ്കില്‍ അവ കൂടുതലാണെന്ന് കാണാം. നൈട്രേറ്റിന്റെ കൂടിയ അളവ് മത്സ്യങ്ങളെയും ചെടികളെയും ബാധിക്കാറുണ്ട്. അതിനാല്‍ അടുത്ത തവണ വെള്ളം മാറ്റുമ്പോള്‍ ഒരു സൈഫണ്‍
ഉപയോഗിച്ച് അടിത്തട്ടിനു മുകള്‍ ഭാഗത്തെ ചരല്‍ വൃത്തിയാക്കാന്‍ ശ്രമിക്കുക. ഇത് ചെയ്യുന്നതിന് ഒരു മാസം മുന്‍പെങ്കിലും ഒരു നല്ല പവര്‍ ഹെഡ് ഉള്ള സ്പോഞ്ച് ഫില്‍റ്റര്‍ വാങ്ങി അക്വേറിയത്തില്‍ സ്ഥാപിക്കുക. സൈഫൺ, ചരലില്‍ കൂടുതല്‍ ആഴത്തിലേക്ക് കൊണ്ടുപോയാല്‍ അടിയിലെ മണ്ണ് പൊങ്ങി വന്നു അക്വേറിയം വൃത്തികേടാകും എന്നതിനാല്‍ വളരെ സൂക്ഷിച്ചു വേണം സൈഫണ്‍ ഉപയോഗിക്കാന്‍. ഈ സമയം മത്സ്യങ്ങളെ മറ്റൊരു അക്വേറിയത്തിലേക്കോ പ്ലാസ്റ്റിക് ബക്കറ്റിലേക്കോ മാറ്റുന്നത് നന്നായിരിക്കും. മേല്‍ഭാഗത്തെ
ചരല്‍ വൃത്തിയാക്കിയ ശേഷം പുതിയ വെള്ളം നിറച്ച് ഒരു ദിവസത്തിന് ശേഷം മത്സ്യങ്ങളെ ഇടാം.

ടാങ്ക് വൃത്തിയാക്കി ഒരാഴ്ച കഴിഞ്ഞ് വാലിസ്നേറിയകളെ എല്ലാം ശ്രദ്ധയോടെ പിഴുതെടുക്കുക. അവയിലെ പഴകി ദ്രവിച്ച ഇലകള്‍ നീക്കം ചെയ്ത ശേഷം, ഒന്നൊന്നായി ഭൂകാണ്ടം ചരലിനു മുകളില്‍ വരത്തക്ക വിധം നടുക. വെള്ളം
കലങ്ങുകയാണ് എങ്കില്‍ 50 ശതമാനം വെള്ളം മാറ്റി പുതിയ വെള്ളം ഒഴിച്ച് കൊടുക്കുക. ഒരു മാസത്തിനു ശേഷം വീണ്ടും നൈട്രേറ്റ് പരിശോധിച്ച് അധികമെന്ന് കണ്ടാൽ, വാലിസ്നേറിയകളെ പിഴുതു മാറ്റാതെ, ചരല്‍ വൃത്തിയാക്കല്‍ ആവര്‍ത്തിക്കുക. ഇത്രയും ചെയ്യുകയാണെങ്കില്‍ വാലിസ്നേറിയ താങ്കളുടെ അക്വേറിയത്തില്‍ തഴച്ചു വളരും.

കടപ്പാട് : http://www.myfishforum.com

Monday, July 23, 2012

നാടപ്പുല്ലും ആരല്‍ മത്സ്യങ്ങളും !

കുട്ടിക്കാലത്ത് അക്വേറിയം കടകളില്‍ നിന്ന് വാലിസ്നേറിയകള്‍ വാങ്ങി അക്വേറിയത്തില്‍ നട്ടു വളര്‍ത്താന്‍ തുടങ്ങിയതിനു ശേഷമാണ് കല്ലേപ്പുള്ളിയിലെ കനാലുകളില്‍ കാണുന്ന ആരല്പുല്ല്, ഇതേ ചെടി തന്നെയാണെന്ന് മനസ്സിലായത്‌ . വേനല്‍ക്കാലത്ത് കനാലുകളിലെ വെള്ളം കുറയുമ്പോള്‍ മാത്രമാണ് , ഒഴുക്കിനനുസരിച്ച് ഇളകിയാടുന്ന ഈ സുന്ദരന്‍ ചെടികള്‍ ശ്രദ്ധയില്‍പ്പെടുക!

കടപ്പാട് : http://www.aecos.com

കേരളത്തിലെ ജലാശയങ്ങളിൽ പൊതുവെ കാണപ്പെടുന്ന ഇവ, പലപ്പോഴും ആരൽപുല്ല്, നാടപ്പുല്ല്, കനാൽചണ്ടി എന്നിങ്ങനെയുള്ള പ്രാദേശിക പേരുകളിലും അറിയപ്പെടുന്നു. ഇതിനു രസകരമായ പല കാരണങ്ങളും ഉണ്ട്. വാലിസ്നേറിയകളില്‍  നീണ്ട നാടകള്‍ പോലെയുള്ള ഇലകള്‍ ഉള്ളതിനാലാകാം, ഈ ചെടിക്ക്  നാടപുല്ല് എന്ന പേര്‍ വീണത്‌. ആരല്‍ മത്സ്യങ്ങളോട് ഇവക്കുള്ള സാമ്യം കാരണം ഇവയ്ക്ക് ആരല്‍പുല്ല് എന്ന പേരും കിട്ടി. പേരിനെ അന്വര്‍ത്ഥമാക്കും വിധം ധാരാളം ആരല്‍ മത്സ്യങ്ങളും ഇവക്കിടയില്‍ താമസമാക്കാറുണ്ട്.  ഈ ടയര്‍ ട്രാക്ക് ആരല്‍ മത്സ്യങ്ങളെ പിടിക്കാനെത്തുന്ന മീന്‍പിടുത്തക്കാരുടെ ഭാഷയില്‍, വെള്ളത്തിനടിയില്‍ കുറ്റിക്കാടുകള്‍ പോലെ വളരുന്ന ചെടികള്‍ 'കനാല്‍ചണ്ടി'യും ആയി!

കടപ്പാട് : http://album-ek.narod.ru
ഉഷ്ണ-സമശീതോഷ്ണ മേഖലകളില്‍ സുലഭമായ ഈ ജലസസ്യം പക്ഷികള്‍ക്കും മറ്റു ജല ജീവികള്‍ക്കും  വാസസ്ഥലവും ഭക്ഷണവും പ്രദാനം ചെയ്യുന്നുണ്ട്. ക്യാന്‍വാസ് -ബാക്ക് താറാവുകള്‍ അഥവാ എയ്തിയ വാലിസ്നേരിയെ  എന്നറിയപ്പെടുന്ന ദേശാടന പക്ഷികള്‍ക്ക് ആ ശാസ്ത്രീയ നാമം ലഭിച്ചത് തന്നെ, അവ  വാലിസ്നേറിയകളെ ഭക്ഷണമാക്കുന്നതുകൊണ്ടാണ്. അങ്ങനെ പ്രകൃതിയിലെ ഭക്ഷ്യശൃംഖലയുടെ  ഒരു ഭാഗം കൂടിയാണ് വാലിസ്നേറിയ.

കടപ്പാട് : http://chinocreekwetlandsandeducationalpark.blogspot.de
കബൊംബ ചെടികളില്‍ നിന്നും വ്യത്യസ്തമായി വാലിസ്നേറിയകളെ ഒരു കളയായി പറഞ്ഞു കേള്‍ക്കാറില്ല. മാത്രമല്ല, വാലിസ്നേറിയകള്‍ നിബിഡമായി വളര്‍ന്ന്  ജലാശയങ്ങളിലെ അടിമണ്ണൊലിപ്പ് തടഞ്ഞു ജാലാവാസ വ്യവസ്ഥയെ ക്രമീകരിക്കുന്നതിനാല്‍, പ്രകൃതി സംരക്ഷണത്തിലും ഒരു പങ്കു വഹിക്കുന്നുണ്ട്

കടപ്പാട് : http://moje-akvarium.net
ആന്റോണിയോ വാലിസ്നേറി എന്ന പ്രകൃതിസ്നേഹിയുടെ പേരില്‍ അറിയപ്പെടുന്ന വാലിസ്നേറിയ ചെടികള്‍ അക്വേറിയം ഹോബിയിസ്റ്റുകള്‍ക്ക് സുപരിചിതമാണ്. വാലിസ്നേറിയയെ അക്വേറിയത്തില്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും അവയുടെ പ്രജനനത്തെയും കുറിച്ചും കൂടുതല്‍ അറിയാന്‍  മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'വാലിസ്നേറിയ എന്ന ആരല്‍പുല്ല്' വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

അക്വേറിയത്തില്‍ വളര്‍ത്തിയിരിക്കുന്ന വാലിസ്നേറിയകളെ ഈ വീഡിയോയില്‍ കാണാം.


 


Saturday, June 2, 2012

സ്വര്‍ണ്ണമത്സ്യങ്ങള്‍ ഉണ്ടായതെങ്ങനെ ?


സ്വര്‍ണ്ണമത്സ്യങ്ങള്‍ ഉണ്ടായതെങ്ങനെയെന്നു എത്രപേര്‍ക്ക് അറിയാം?

അക്വേറിയം ഹോബിയിലുള്ള ഏതൊരാളും എപ്പോഴെങ്കിലും സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തിക്കാണും. തുടക്കാരും മിക്കപ്പോഴും അക്വേറിയം കടയിലെത്തി ആദ്യം ചോദിക്കുന്നത് സ്വര്‍ണ്ണ മത്സ്യങ്ങളെയാണ്. സ്വര്‍ണ്ണ മത്സ്യങ്ങളെ വെല്ലുംവിധം പ്രശസ്തിയുള്ള വര്‍ണ്ണ മത്സ്യങ്ങള്‍ വേറെ ഇല്ലെന്നുതന്നെ പറയാം. 

കടപ്പാട് : http://animals.howstuffworks.com/

 സ്വര്‍ണ്ണവര്‍ണ്ണം മുതല്‍ ഓറഞ്ച്, മഞ്ഞ, ചെമപ്പ്, കറുപ്പ് എന്നി നിറങ്ങളില്‍ വരെയുമുള്ള സ്വര്‍ണ്ണമത്സ്യങ്ങള്‍ ഇന്ന് ലഭ്യമാണ്.  പക്ഷെ ഈ സുന്ദരന്‍ മത്സ്യങ്ങള്‍ പ്രകൃത്യാ കാണപ്പെടുന്നവയല്ല എന്നറിയുന്നവര്‍ ചുരുക്കം. പുരാതന ചൈനയില്‍ ഭക്ഷ്യാവശ്യത്തിനായി വളര്‍ത്തി വന്നിരുന്ന കാര്‍പ്പ് മത്സ്യങ്ങള്‍ക്ക് ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചാണ് സ്വര്‍ണ്ണമത്സ്യങ്ങള്‍ ഉണ്ടായത്.

സ്വര്‍ണ്ണനിറമുള്ള  ഒരു കാര്‍പ്പ് മത്സ്യത്തെ താഴെ കാണാം. ഈ മത്സ്യം സ്വര്‍ണ്ണമത്സ്യങ്ങളുടെ പൂര്‍വ്വികരായ പ്രഷ്യന്‍ കാര്‍പ്പ് ആണ്.
 
കടപ്പാട്  : http://en.wikipedia.org
ഒരു കൂട്ടം ജനിതകവ്യതിയാനങ്ങള്‍ തീന്‍മേശയില്‍ നിന്നും രക്ഷിച്ച പ്രഷ്യന്‍ കാര്‍പ്പുകളില്‍ നിന്നും നാം ഇന്ന് കാണുന്ന വിവിധ നിറങ്ങളിലും ആകൃതിയിലും ഉള്ള സ്വര്‍ണ്ണമത്സ്യങ്ങള്‍ എങ്ങനെയുണ്ടായി എന്നറിയാന്‍ കൌതുകം തോന്നുന്നില്ലേ?
 
സ്വര്‍ണ്ണമത്സ്യങ്ങളുടെ നൂറ്റാണ്ടുകളിലൂടെയുള്ള ചരിത്രത്തെക്കുറിച്ചു മാതൃഭുമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച, ''സ്വര്‍ണ്ണമത്സ്യങ്ങള്‍ സഹസ്രാബ്ദങ്ങളിലൂടെ'' എന്ന ലേഖനം വായിക്കൂ. ഈ ലേഖനത്തിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ. 


വിവിധയിനം സ്വര്‍ണ്ണ മത്സ്യങ്ങളെ ഈ വീഡിയോയില്‍ കാണൂ, ആസ്വദിക്കൂ. 


 



Wednesday, May 16, 2012

സഫലമീ അക്വേറിയം ഹോബി


അക്വേറിയം ഹോബി വിജയിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ  കുറിച്ചു മാതൃഭുമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'വര്‍ണ്ണമത്സ്യങ്ങള്‍ നിങ്ങളെ നിരാശപ്പെടുത്തുന്നുവോ?' എന്ന ലേഖനം വായിക്കൂ. ഈ ലേഖനത്തിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

തുടക്കക്കാരും അതുപോലെ തന്നെ പരിചയസമ്പന്നരായ അക്വേറിയം ഹോബിയിസ്റ്റുകളും ശ്രദ്ധ കൊടുക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം .

1. അക്വേറിയം പരിപാലനത്തെക്കുറിച്ചുള്ള ഒരു അടിസ്ഥാന പുസ്തകമെങ്കിലും വായിക്കാന്‍ ശ്രമിക്കുക

കടപ്പാട് : http://www.booksamillion.com
2. ഇന്റര്‍നെറ്റില്‍ അലങ്കാര മത്സ്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ തരുന്ന ധാരാളം വെബ്‌സൈറ്റുകളും ഫോറങ്ങളുമുണ്ട്

3. പരിചയക്കാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അക്വേറിയമുണ്ടെങ്കില്‍ അവരുടെ വീടുകളില്‍ സ്ഥാപിച്ച ടാങ്കുകള്‍ കാണുകയും, അവരുടെ അനുഭവങ്ങളില്‍ നിന്നു കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക

കടപ്പാട് : http://pathwaysaustin.org/
4. അക്വേറിയത്തിന്റെ വലിപ്പത്തിനനുസരിച്ച് മത്സ്യങ്ങളുടെ എണ്ണം തീരുമാനിക്കുക

5. ആരോഗ്യമുള്ള മത്സ്യങ്ങളെ തെരഞ്ഞെടുക്കുക

കടപ്പാട് :  http://arofanatics.com
6. കൃത്യസമയത്ത് മിതമായ തോതില്‍ ഭക്ഷണം നല്‍കു. ആഫ്രിക്കന്‍ സിക്ലിഡുകള്‍ക്ക്  ഭക്ഷണം കൊടുക്കുന്ന ഈ വീഡിയോ കാണൂ


7. അക്വേറിയത്തിനു വേണ്ട ശുദ്ധജലം യഥേഷ്ടം ലഭിക്കുമെന്ന് ആദ്യം തന്നെ ഉറപ്പുവരുത്തുക

8. കാലാകാലങ്ങളില്‍ അക്വേറിയത്തിലെ അഴുക്കു നീക്കം ചെയ്തു വെള്ളത്തിന്റെ ഗുണമേന്മ നിലനിര്‍ത്തുക 

9. അത്യാവശ്യം വേണ്ട മരുന്നുകള്‍, വാട്ടര്‍ സ്റ്റബിലൈസേര്‍സ് (വെള്ളത്തിന്റെ ഗുണമേന്മ നിലനിര്‍ത്താന്‍), ടാപ്പ് വെള്ളത്തിലെ ക്ലോറിന്‍ നിര്‍വീര്യമാക്കുന്ന സംയുക്തങ്ങള്‍ എന്നിവ കരുതുക

10. ആദ്യമായി അക്വേറിയം തുടങ്ങുന്നവര്‍, ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ ഒരു ഡയറിയില്‍ കുറിച്ചുവയ്ക്കുന്നത്, പിന്നീട് അവലോകനം നടത്തുവാനും, അങ്ങനെ അറിവു വര്‍ദ്ധിപ്പിക്കാനും സഹായിക്കും

11. പുതുതായി വാങ്ങുന്ന മത്സ്യങ്ങളെ രണ്ടാഴ്ചയെങ്കിലും ക്വാറന്റൈന്‍ ടാങ്കിലിട്ട് ( രോഗ-കീട ബാധിത മത്സ്യങ്ങളെ നിരീക്ഷിക്കാനും ചികിത്സിക്കാനുമുള്ള പ്രത്യേകം അക്വേറിയം) നിരീക്ഷിച്ച്, അസുഖങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം, പ്രധാന ടാങ്കിലേക്കു മാറ്റുക

12. അക്വേറിയത്തിലെ പ്രധാന ഭാഗങ്ങളായ ഫില്‍റ്റര്‍, ഹീറ്റര്‍, എയര്‍ പമ്പ്, ലാമ്പ് തുടങ്ങിയവ, വിശ്വസിക്കാവുന്ന കമ്പനികളുടേതാണെന്ന് ഉറപ്പുവരുത്തു



Sunday, April 29, 2012

അക്വേറിയം ഹോബിയില്‍ നിങ്ങള്‍ പരാജിതരാണോ?

അക്വേറിയത്തിലെ നൈട്രജന്‍ ചംക്രമണം  കടപ്പാട് : http://www.americanaquariumproducts.com
 നൈട്രജന്‍ ചംക്രമണം എന്താണെന്നറിയാമോ? അക്വേറിയത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് പരമപ്രധാനമായ ഒന്നാണിത്. തുടക്കക്കാര്‍ പലപ്പോഴും ചെയ്യുന്ന അബദ്ധങ്ങളിലൊന്നു നൈട്രജന്‍ ചംക്രമണത്തെ അവഗണിക്കുന്നതാണ്.

വര്‍ണ്ണമത്സ്യങ്ങളുടെ ഭംഗിയില്‍ മതിമറന്നു അക്വേറിയം ധൃതിയില്‍ സ്വന്തമാക്കുന്ന തുടക്കക്കാര്‍ക്ക്, പലപ്പോഴും നിരാശയായിരിക്കും ഫലം. വിജ്ഞാനപ്രദമായ ഈ ഹോബി തുടക്കത്തിലേ ഉപേക്ഷിക്കാതെ ആനന്ദകരമായി നടത്തിക്കൊണ്ടു പോകുന്നതിനു സാങ്കേതിക പരിജ്ഞാനം അത്യന്താപേക്ഷിതമാണ്.



ആല്‍ഗകള്‍ നിറഞ്ഞ ഒരു അക്വേറിയം      കടപ്പാട്: http://3.bp.blogspot.com
 അസന്തുലിതമായ സാഹചര്യങ്ങളില്‍ അക്വേറിയത്തില്‍ ആല്‍ഗകള്‍ പെരുകുന്നു. മത്സ്യങ്ങള്‍, സസ്യങ്ങള്‍, തീറ്റ, പരിപാലനം എന്നിവ തമ്മിലുള്ള ബന്ധം മനസ്സിലാക്കാതെ ഹോബിയില്‍ ഏര്‍പ്പെടുന്ന പലര്‍ക്കും ആല്‍ഗകളുമായി യുദ്ധം തന്നെ ചെയ്യേണ്ടിവരും.


തുടക്കക്കാര്‍ക്ക് സാധാരണയായി അഭിമുഖീകരിക്കേണ്ടി വരുന്ന അപ്രതീക്ഷിത അക്വേറിയം പരാജയങ്ങളെ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളെ പറ്റി മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ''വര്‍ണ്ണ മത്സ്യങ്ങള്‍ നിങ്ങളെ നിരാശപ്പെടുത്തുന്നുവോ?'' എന്ന ലേഖനം വായിക്കൂ. ലേഖനത്തിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ. 

അക്വേറിയത്തിലെ ജലം മാറ്റുന്നതിനെയും മണല്‍ അല്ലെങ്കില്‍ ചരല്‍, കണ്ണാടിയുടെ പ്രതലം എന്നിവ വൃത്തിയാക്കുന്നതിനെയും പറ്റിയുള്ള വീഡിയോ കാണൂ.