Thursday, December 12, 2013

വർണ്ണമത്സ്യ ചൂഷണത്തിൽ നിങ്ങൾക്കും പങ്കുണ്ടോ?

അക്വേറിയം ഹോബിയിലേക്കായി വളർത്തുന്ന ശുദ്ധജല വർണ്ണമത്സ്യങ്ങളിൽ വളരെ കുറച്ചിനങ്ങൾ മാത്രമാണ് സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നും നേരിട്ടു ശേഖരിക്കപ്പെടുന്നവ. പക്ഷെ അശാസ്ത്രീയ മത്സ്യബന്ധനവും, വ്യാപാരത്തിലെ അവ്യക്തയും ഇന്ത്യൻ വർണ്ണമത്സ്യങ്ങളെ വംശനാശത്തിന്റെ വക്കിലെത്തിച്ചുവെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

2005 മുതല്‍ 2012 വരെ ഉദ്ദേശം 15 ലക്ഷത്തോളം ശുദ്ധജല അലങ്കാരമത്സ്യങ്ങളെ ഇന്ത്യയില്‍ നിന്നും കയറ്റി അയച്ചുവെന്ന്, രാജീവ് രാഘവനും സംഘവും ബയോളജിക്കല്‍ കണ്‍സെര്‍വേഷന്‍ (Biological Conservation) എന്ന ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം (Uncovering an obscure trade : Threatened freshwater fishes and the aquarium pet markets. 2013) വെളിപ്പെടുത്തുന്നു. വംശനാശഭീഷണി നേരിടുന്ന 30-ൽ കൂടുതൽ മത്സ്യങ്ങളും ഇതിൽ ഉൾപ്പെടും. ശുദ്ധജല വർണ്ണമത്സ്യങ്ങളുടെ ചൂഷണത്തിന് അക്വേറിയം ഹോബി എങ്ങനെ കാരണമാകുന്നു എന്നതിനെപ്പറ്റി നാം ഗൗരവപൂർവ്വം ചിന്തിക്കേണ്ടിയിരിക്കുന്നു.

വംശനാശഭീഷണി നേരിടുന്ന ചില ഇന്ത്യൻ വർണ്ണമത്സ്യങ്ങൾ താഴെ.


'മിസ്സ്‌ കേരള' മത്സ്യം
'മിസ്സ്‌ കേരള' (Sahyadria denisonii, Sahyadria chalakkudiensis)

റെഡ്-ലൈന്‍ ടൊര്‍പിഡോ ബാര്‍ബ് (Red-line torpedo barb) എന്ന പേരിൽ പരക്കെ അറിയപ്പെടുന്ന ഈ മത്സ്യങ്ങൾ, IUCN (International union for conservation of nature) പുറത്തിറക്കുന്ന ചെമന്ന പട്ടിക (Red list) യനുസരിച്ച്  വംശനാശത്തിന്റെ വക്കിലാണ്. എങ്കിലും 3 ലക്ഷത്തിനു മേല്‍ 'മിസ്സ് കേരള' മത്സ്യങ്ങളെയാണ് 2005-2012 കാലയളവിൽ വിദേശരാജ്യങ്ങളിലേക്ക് നാം കയറ്റുമതി ചെയ്തത് !


കടപ്പാട് : http://www.seriouslyfish.com
സീബ്ര ലോച്ച് (Botia striata)

ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഈ ശുദ്ധജലമത്സ്യത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ, 400 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. അതുകൊണ്ടുതന്നെ അനിയന്ത്രിത ശേഖരണം ഈ മത്സ്യങ്ങളെ വംശനാശഭീഷണിയിൽ എത്തിച്ചിരിക്കുന്നു.

കുള്ളൻ പഫർ മത്സ്യം

കുള്ളൻ പഫർ മത്സ്യം (Carinotetraodon travancoricus)

കേരളത്തിലെ പമ്പാ നദിയിൽ മാത്രം കാണുന്ന മത്സ്യങ്ങളാണിവ. 22 മില്ലി മീറ്റർ മാത്രം വലിപ്പമുള്ള ഇവ പഫർ മത്സ്യങ്ങളിൽ തന്നെ എറ്റവും ചെറിയ ഇനങ്ങളിലൊന്നാണ്.

കല്ലുനക്കി
കല്ലു നക്കി (Garra hughi)

300 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം കാണപ്പെടുന്ന ഈ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ പശ്ചിമ ഘട്ടത്തിന്റെ തെക്കുഭാഗത്തിലെ അരുവികളാണ്.

വാക വരാല്‍ (Channa aurantimaculata)

ആസ്സാമിലെ ബ്രഹ്മപുത്ര നദീതടങ്ങളിൽ കാണപ്പെടുന്ന ഈ മത്സ്യത്തിന്റെ മറ്റൊരു പേരാണ് ഓറഞ്ച് സ്പോട്ടെഡ് സ്നേക്ക് ഹെഡ് (Orange spotted snake head). ധാരാളം സസ്യങ്ങളുള്ള ഒരക്വേറിയത്തിൽ സസുഖം വസിക്കുന്ന രണ്ടു വാക വരാൽ മത്സ്യങ്ങളെ ചുവടെ കാണൂ.


സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്നും അനിയന്ത്രിതമായി ശുദ്ധജല മത്സ്യങ്ങളെ ശേഖരിക്കുന്നത് തടയാൻ ആധികാരികമായ നിയമങ്ങൾ തന്നെ വേണ്ടി വരും. അതേസമയം വർണ്ണമത്സ്യങ്ങളുടെ ചൂഷണം തടയാൻ അക്വേറിയം ഹോബിയിസ്റ്റുകൾക്കും ഒരു പരിവധി വരെ സഹായിക്കാനാകും. അതിനായി,

1. വര്‍ണ്ണമത്സ്യങ്ങളെ വാങ്ങുന്നതിനു മുന്‍പ് അവയെക്കുറിച്ച് നന്നായി പഠിക്കുക

2. വാങ്ങാൻ ഉദേശിക്കുന്ന മത്സ്യത്തിന്റെ ഉറവിടം ഏതെന്നു കൃത്യമായി മനസ്സിലാക്കുക

3. കൃത്രിമ സാഹചര്യങ്ങളില്‍ വളര്‍ത്തി വില്‍ക്കുന്ന മത്സ്യങ്ങളെ മാത്രം വാങ്ങാൻ ശ്രമിക്കുക

4. വംശനാശ ഭീഷണി നേരിടുന്ന വർണ്ണമത്സ്യങ്ങൾ അക്വേറിയത്തിലുണ്ടെങ്കിൽ അവയെ ഉത്തരവാദിത്ത്വത്തോടെ പരിപാലിക്കുക

അക്വേറിയം ഹോബി ശുദ്ധജല മത്സ്യങ്ങളെ വംശനാശത്തിലേക്ക് നയിക്കുന്നുവോ എന്നറിയാനായി മാതൃഭൂമി ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച 'ഇന്ത്യന്‍ വര്‍ണ്ണമത്സ്യങ്ങള്‍ വംശനാശഭീഷണിയില്‍' എന്ന ലേഖനം വായിക്കൂ. ഈ ലേഖനത്തിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Sunday, October 27, 2013

ഗപ്പി പ്രസവിച്ചു ! ഞാൻ എന്തു ചെയ്യും?

ശ്രീ. എ. അബ്ദുൽ സലാം ആണ്, ഈ വൈകിപ്പോയ പോസ്റ്റിന്റെ  പ്രചോദനം. പ്രസവിക്കുന്ന മത്സ്യങ്ങളെ വളർത്തുന്നതിൽ തൽപ്പരനായ അദ്ദേഹത്തിന്റെ (ഇംഗ്ലീഷിൽ നിന്നും മൊഴിമാറ്റം നടത്തിയ) ചോദ്യം ചുവടെ: 

ഹായ്, ഞാൻ ആലപ്പുഴയിൽ നിന്നാണ്. അലങ്കാര മത്സ്യങ്ങളിൽ എനിക്ക് ഗപ്പികളെയും വാൾവാലന്മാരെയുമാണ് കൂടുതലിഷ്ടം. ഈ മത്സ്യങ്ങളെ  ചെറിയ തോതിൽ വളർത്തിവരുന്നു. ഗപ്പിക്കുഞ്ഞുങ്ങളെ പരിപാലിക്കുന്ന വിധം, തീറ്റ നല്കുന്ന രീതി തുടങ്ങിയവയെപ്പറ്റി വിശദമാക്കാമോ? ആകർഷക നിറങ്ങളിലുള്ള ഗപ്പികളെ കിട്ടാൻ എന്തൊക്കെ തീറ്റകളാണ് ഞാൻ നൽകേണ്ടത് ?

കടപ്പാട് :http://guppybreeding.net
                                 പ്രസവിക്കുന്ന പെണ്‍ ഗപ്പിമത്സ്യം                                    
കടപ്പാട് : http://freshwateraquariumfish.biz
ഉത്തരം: 


കുഞ്ഞുമത്സ്യങ്ങളെ മുതിർന്ന മത്സ്യങ്ങൾ തിന്നാൻ സാദ്ധ്യതയുള്ളതിനാൽ, അവയെ മറ്റൊരു ടാങ്കിലേക്ക് മാറ്റുക. ജനിച്ചതിനു ശേഷമുള്ള ആദ്യത്തെ രണ്ടാഴ്ച, ഗപ്പിക്കുഞ്ഞുങ്ങൾക്ക് ആർട്ടീമിയ മുട്ടകൾ വിരിയിച്ച് ലാർവകളെ തീറ്റയായി നൽകാം. ആർട്ടീമിയ മുട്ടകളുടെ ലഭ്യത അടുത്തുള്ള അക്വേറിയം കടകളിൽ അന്വേഷിച്ച് ഉറപ്പുവരുത്തുക. സമുദ്രത്തിലെ കവച ജന്തുവർഗ്ഗത്തിൽ പെട്ട (Crustacean) ഒരു ചെറുജീവിയാണ്  ആർട്ടീമിയ (Artemia) അഥവാ ബ്രൈൻ ഷ്രിംപ് (Brine shrimp).
മുതിർന്ന ആർട്ടീമിയ
ഈ ജീവികളുടെ സിസ്റ്റ് (Cyst) അഥവാ കവചത്തോടു  കൂടിയ മുട്ടകളെ ഉപ്പു  വെള്ളത്തിലിട്ട് ലാർവകളെ വിരിയിക്കാം.
ആർട്ടീമിയ മുട്ടകൾ 
കടപ്പാട് :http://img.diytrade.com

ഈ ലാർവകളെ ദിവസത്തിൽ 5-6 തവണ ഒരു ഫില്ലർ ഉപയോഗിച്ച് ഗപ്പിക്കുഞ്ഞുങ്ങൾക്ക് നൽകുക. ശുദ്ധജലത്തിൽ മണിക്കൂറുകളോളം ജീവിക്കുമെങ്കിലും, ലാർവകളെ അധികമായി ടാങ്കിലിടുന്നത് ജലഗുണമേന്മയെ ബാധിക്കും.




ആർട്ടീമിയ ലാർവകൾ

ആർട്ടീമിയ മുട്ടകൾ ലഭ്യമല്ലെങ്കിൽ പുഴുങ്ങിയ കോഴിമുട്ടയുടെ മഞ്ഞക്കരു കുറേശ്ശയായി വെള്ളത്തിൽ ചാലിച്ച് ഗപ്പിക്കുഞ്ഞുങ്ങൾക്ക് നൽകാം. മാംസ്യസമ്പന്നവും ജലത്തെ എളുപ്പം മലിനമാക്കുന്നതുമായതിനാൽ, കോഴിമുട്ട ഉപയോഗിക്കുമ്പോൾ, ദിവസത്തിൽ ഒരു തവണയെങ്കിലും അക്വേറിയത്തിലെ വെള്ളം 15-20 ശതമാനം വരെ സൈഫൺ ചെയ്ത് മാറ്റാൻ ശ്രദ്ധിക്കുക.   

കെട്ടിക്കിടക്കുന്ന മത്സ്യങ്ങളില്ലാത്ത വെള്ളത്തിൽ, സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ ധാരാളമായി വളരുന്ന ഒരിനം ജൈവപ്ലവകമാണു ഡാഫ്നിയ (Daphnia). ഇവയെ വലയുപയോഗിച്ചു ശേഖരിച്ച്, വലിപ്പത്തിനനുസരിച്ച് അരിച്ചുവേർതിരിച്ച്, ചെറുപ്രായത്തിലുള്ളവയെ രണ്ടാഴ്ചക്ക് മേൽ പ്രായമുള്ള ഗപ്പിക്കുഞ്ഞുങ്ങൾക്ക് തീറ്റയായി നൽകാം. വലിയ ഡാഫ്നിയകളെ മുതിർന്ന ഗപ്പി മത്സ്യങ്ങൾ തിന്നുകൊള്ളും.
ഡാഫ്നിയ 
കടപ്പാട്  : http://www.shrimptank.ca
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വളരുന്ന മറ്റൊരു പോഷകസമ്പന്നമായ മത്സ്യത്തീറ്റയാണു കൊതുകിന്റെ കൂത്താടികൾ. രോഗവാഹികളായ കൊതുകിന്റെ ലാർവകൾ ഗപ്പികൾക്ക് തീറ്റയായി നൽകി, പകർച്ചവ്യാധികൾ പടരുന്നതിനെയും ഒരളവു വരെ നിയന്ത്രിക്കാം.
കൊതുകിന്റെ കൂത്താടികൾ 
കടപ്പാട് : http://farm8.staticflickr.com
അഴുക്കുചാലുകളിൽ വളരുന്ന മണ്ണിരവർഗ്ഗത്തിൽപ്പെട്ട ട്യൂബിഫെക്സ് (Tubifex) പുഴുക്കളേയും, പ്ലവകസമ്പന്നമായ ശുദ്ധജലത്തിൽ കുഴലുകൾ നിർമ്മിക്കുന്ന ബ്ലഡ് വേംസ് (Blood worms) എന്നറിയപ്പെടുന്ന ചുവന്ന കൈറൊണോമസ് (Chironomus) ലാർവകളേയും ഒരു  മാസത്തിനുമേൽ പ്രായമുള്ള ഗപ്പിക്കുഞ്ഞുങ്ങൾ ആർത്തിയോടെ അകത്താക്കും. മൂന്നാമത്തെ ആഴ്ച മുതൽ ജീവനുള്ള തീറ്റകൾക്കൊപ്പം, ഉണങ്ങിയ മത്സ്യത്തീറ്റ നേർത്ത പൊടി രൂപത്തിൽ നൽകാം. തിളക്കുന്ന വെള്ളത്തിൽ ഒരു മിനിട്ട് നേരം വേവിച്ചെടുത്ത (blanching) വെള്ളരിക്കഷണങ്ങൾ ആഴ്ചയിലൊരിക്കൽ ടാങ്കിൽ ഇട്ടുകൊടുക്കണം.

 
ട്യൂബിഫെക്സ് 
കടപ്പാട് : http://1.bp.blogspot.com
ബ്ലഡ് വേംസ്  
കടപ്പാട് : http://www.bettatude.com
ഒന്നരമാസം മുതൽ ആൺ-പെൺ മത്സ്യങ്ങളെ വേർതിരിച്ച് വളർത്താൻ തുടങ്ങണം. ഈ പ്രായത്തിലുള്ള മത്സ്യങ്ങൾക്ക് തീറ്റ നൽകുന്നത്  2 നേരമായി ചുരുക്കാം. പക്ഷെ പ്രജനനസജ്ജരായ മത്സ്യങ്ങൾക്ക്  3 നേരമെങ്കിലും തീറ്റ നൽകണം. ട്യൂബിഫെക്സ്, ബ്ലഡ് വേംസ്, ഡാഫ്നിയ, കൊതുകിന്റെ കൂത്താടികൾ മുതലായ ജീവനുള്ള തീറ്റകൾ, ആഴ്ചയിൽ 2 നേരമെങ്കിലും നൽകാൻ ശ്രദ്ധിക്കണം. ആകർഷകമായ നിറവും വലിയ വാലുകളുമൊക്കെയുള്ള സുന്ദരൻ ആൺ മത്സ്യങ്ങളെ വളർത്തിയെടുക്കാൻ, അക്വേറിയങ്ങൾ മുറിയിൽ സൂക്ഷിച്ച് ട്യൂബ് ലൈറ്റ് ഉപയോഗിച്ച് കൃത്രിമ വെളിച്ചം നൽകണം. ടാങ്കിലെ ജലഗുണമേന്മ സ്ഥായിയായി നിലനിർത്താൻ ശ്രദ്ധിക്കണം. അമോണിയ, നൈട്രൈറ്റ് തുടങ്ങിയവ അക്വേറിയത്തിൽ ഒട്ടും പാടില്ല. നൈട്രേറ്റിന്റെ അളവ് 10 ppm-ൽ താഴെയായിരിക്കാൻ ശ്രദ്ധിക്കണം. ധാരാളം നൈട്രജൻ ബാക്റ്റീരിയകൾ വളരുന്ന സ്പോഞ്ച് ഫിൽറ്ററുകളാണു ഗപ്പി ടാങ്കുകൾക്ക് ഉത്തമം. 

കടപ്പാട് : http://2.bp.blogspot.com

Friday, September 27, 2013

മൃദുനയനങ്ങളെ എങ്ങനെ സംരക്ഷിക്കാം !

ബലൂൺ പോലെ വീർത്ത കണ്ണുകളുള്ള സ്വർണ്ണമത്സ്യയിനങ്ങളായ വിണ്മിഴികളേയും കുമിളക്കണ്ണന്മാരേയും അക്വേറിയത്തിൽ വളർത്തുമ്പോൾ അവയുടെ മൃദുനയനങ്ങളെ സംരക്ഷിക്കുന്നതിനായി ചില പ്രത്യേക കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം.
കടപ്പാട് :http://bbygurl.com
 1. വിണ്മിഴികളുടേയും കുമിളക്കണ്ണന്മാരുടേയും കണ്ണുകൾ വളരെ മൃദുവാണ്. വലിയ ബലൂൺ കണ്ണുകളാണുള്ളതെങ്കിലും, കാഴ്ചശക്തി താരതമ്യേന കുറവാണ് ഈ രണ്ടിനനങ്ങള്‍ക്കും. കണ്ണുകള്‍ക്ക് എളുപ്പം ക്ഷതമേൽക്കാവുന്നതിനാൽ കൂർത്ത കല്ലുകളും, മൂർച്ചയേറിയ അരികുകളുള്ള പ്ലാസ്റ്റിക് ചെടികളും, അലങ്കാരവസ്തുക്കളും അക്വേറിയത്തിൽ ഉപയോഗിക്കാതിരിക്കുക.

2. വിണ്മിഴികളേയും കുമിളക്കണ്ണന്‍മാരേയും വളർത്തുന്ന ടാങ്കില്‍ ബ്ലാക്ക് മൂർ, പാന്‍ഡാ മൂർ, റ്റെലസ്‌കൊപ്പ് ഐസ് തുടങ്ങിയ മത്സ്യങ്ങളെ മാത്രം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. മറ്റ് മത്സ്യങ്ങൾ ഇവയുടെ കണ്ണുകളെ അപകടപ്പെടുത്തുന്നത് തടയാനാണിത്. 

കടപ്പാട് : http://www.plantedtank.net
3. ജലഗുണമേന്മ കാത്തു സൂക്ഷിക്കുക. ടാങ്കിലെ ജലോഷ്മാവ് 18-19 ഡിഗ്രി, pH 6-8, ജലകാഠിന്യം 5-19 GH എന്നിവയായി നിലനിർത്തുക

4. പവർ ഫിൽറ്റർ നിന്നുള്ള ശക്തമായ ഒഴുക്ക് കണ്ണുകൾക്ക് ക്ഷതമേൽപ്പിക്കുമെന്നതിനാൽ അക്വേറിയത്തിൽ  സ്‌പോഞ്ച്ഫില്‍റ്ററുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

5. കുമിളക്കണ്ണുകളിലേൽക്കുന്ന ചെറിയ പോറലുകളിപ്പോലും ബാക്റ്റീരിയ, ഫംഗസ് എന്നിവ അണുബാധയുണ്ടാക്കാം. അതിനാൽ ടാങ്കിൽ നിന്നും കുമിളക്കണ്ണന്മാരെ വലകൊണ്ട് മാറ്റുമ്പോൾ താങ്ങ് നൽകുന്നത് കണ്ണുകൾക്ക് പരിക്കേൽക്കാതിരിക്കാൻ സഹായിക്കും.   
കടപ്പാട് : http://en.wikipedia.org
 6. ഈ രണ്ടിനം മത്സ്യങ്ങളും കുളത്തില്‍ വളര്‍ത്താന്‍ അനുയോജ്യരല്ല. 

വിണ്മിഴികളുടേയും കുമിളക്കണ്ണന്മാരുടേയും ആവിർഭാവത്തെക്കുറിച്ചും ഈയിനം സ്വർണ്ണമത്സ്യങ്ങളെ  വളർത്തേണ്ടതെങ്ങനെയെന്നും കൂടുതൽ അറിയാനായി മാതൃഭൂമി ഓൻലൈനിൽ പ്രസിദ്ധീകരിച്ച 'വിണ്മിഴികളും കുമിളക്കണ്ണന്മാരും' എന്ന ലേഖനം വായിക്കൂ. ഈ ലേഖനത്തിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ. 



Tuesday, July 30, 2013

സ്വർണ്ണമത്സ്യങ്ങളിലെ മൂറുകൾ!

ബ്ലാക്ക് മൂർ - ബലൂണ്‍കണ്ണന്മാരായ സ്വർണ്ണമത്സ്യങ്ങളിൽ പ്രസിദ്ധരാണ് ബ്ലാക്ക് മൂർ അഥവാ കരിങ്കുമിളക്കണ്ണന്മാർ.
കടപ്പാട് : bluegrassaquatics.com

കുറോ ഡെമക്കിന്‍ എന്നു ജപ്പാനിലും, ഡ്രാഗണ്‍ ഐ എന്ന് ചൈനയിലും അറിയപ്പെടുന്ന ബ്ലാക്ക് മൂറുകള്‍ക്ക് കറുത്ത മെറ്റാലിക് നിറത്തിലുള്ള, വെല്‍വറ്റു പോലെ തിളങ്ങുന്ന ചെതുമ്പലുകളാണുള്ളത്. മറ്റു സ്വര്‍ണ്ണമത്സ്യങ്ങളെ അപേക്ഷിച്ച് പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് കൂടുതലായാതിനാൽ തുടക്കക്കാര്‍ക്കും ബ്ലാക്ക് മൂറുകളെ വളർത്താവുന്നതാണ്.

വൈറ്റ് മൂർ - കറുപ്പിന് പകരം വെളുത്ത നിറത്തിലുള്ള മത്സ്യങ്ങളാണ് വൈറ്റ് മൂറുകള്‍ അഥവാ വെണ്‍കുമിളക്കണ്ണന്മാര്‍.

 
കടപ്പാട് : fishgeekspool on flickr
പാന്‍ഡ മൂർ - കറുപ്പും വെളുപ്പും കലര്‍ന്ന നിറമുള്ളവയാണിവ

കടപ്പാട് : Humanfeather / Michelle Jo on wikimedia commons
ബട്ടർഫ്ലൈ മൂർ - ഞൊറിവാലന്മാരും, റിബണ്‍ പോലെയോ പൂമ്പാറ്റകള്‍ പോലെയോ ഒക്കെ വാലുകളുള്ള സുന്ദരന്മാരും എല്ലാമുണ്ട് ബ്ലാക്ക് മൂറുകളില്‍.

കടപ്പാട് : www.aquarticles.com

 കാലികോ മൂർ ആണു താഴെ ചിത്രത്തിൽ !
കടപ്പാട് : www.pbase.com
ബലൂണ്‍കണ്ണന്മാരായ ഈ മൂറുകളെ പറ്റി കൂടുതൽ അറിയാനായി മാതൃഭൂമി ഓണ്‍ലൈനിൽ പ്രസിദ്ധീീകരിച്ച 'കറുപ്പിന്റെ സൗന്ദര്യം ബ്ലാക്ക് മൂര്‍' എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ. 

Saturday, July 13, 2013

സ്വർണ്ണമത്സ്യങ്ങളിലെ ബലൂണ്‍കണ്ണന്മാർ !

ഓറഞ്ചും മഞ്ഞയും കലര്‍ന്ന ചെമപ്പ് നിറത്തിലും, കറുപ്പ് മുതല്‍ ഇരുണ്ട സ്വര്‍ണ്ണനിറത്തിലും തുടങ്ങി പല ആകൃതിയിലും വലിപ്പത്തിലുമുള്ള വാലുകളും കണ്ണുകളും ശരീരവുമൊക്കെയായി, നാം ഇന്ന് കാണുന്ന സ്വര്‍ണ്ണമത്സ്യയിനങ്ങൾ സഹസ്രാബ്ദങ്ങളിലൂടെയുള്ള ജനിതക വ്യതിയാനം വഴി സൃഷ്ടിച്ചെടുക്കപ്പെട്ടവയാണ്.




ബലൂണ്‍കണ്ണന്മാരായ സ്വർണ്ണമത്സ്യങ്ങളെ ഒന്നു സങ്കല്പിച്ചു നോക്കൂ. വീർത്ത കണ്ണുകളുള്ള ബ്ലാക്ക് മൂർ, വിണ്മിഴികള്‍, കുമിളക്കണ്ണന്മാർ തുടങ്ങിയ മത്സ്യങ്ങൾ ഈയിനത്തിൽപ്പെടുന്നു. കണ്ണുകൾ ബ്ലാക്ക് മൂറുകളുടേത് പോലെയാണെങ്കിലും വിണ്മിഴികളുടേയും കുമിളക്കണ്ണന്മാരുടേയും നോട്ടം ആകാശത്തേക്കാണ്!

വിവിധവര്‍ണ്ണങ്ങളോടു കൂടിയ മെറ്റാലിക് ചെതുമ്പലുകള്‍ ആകര്‍ഷകമാക്കുന്ന ശരീരമുണ്ടെങ്കിലും, കാഴ്ചശക്തി വളരെ കുറവാണ് വിണ്മിഴികള്‍ക്ക്.
 
കടപ്പാട് :www.cngoldfish.net
ഇരട്ടവാലൻ (double_tailed) ഫാന്‍സി സ്വര്‍ണ്ണമത്സ്യങ്ങളായ വിണ്മിഴികളെ (Celestial eye goldfish) കാണാൻ എന്തു രസമാണെന്നോ ! വീഡിയോ ചുവടെ.


കുമിളക്കണ്ണന്മാർക്കും (ബബിള്‍ ഐസ്; Bubble eye goldfish) ബലൂണ്‍ കണ്ണുകൾ തന്നെ. പക്ഷെ വിണ്മിഴികളുടെ കണ്ണുകളോടൊപ്പം വലിയ വായുകുമിളകള്‍ ഒട്ടിച്ചു ചേര്‍ത്തതു പോലെയില്ലേ കുമിളക്കണ്ണന്‍മാരെ കണ്ടാൽ ?!

കടപ്പാട് : www.alexweblog.com

ചടുലമായി നീന്തുന്ന മറ്റിനം സ്വര്‍ണ്ണമത്സ്യങ്ങളോടൊപ്പം ഇവയെ വളര്‍ത്തിയാൽ മറ്റു മത്സ്യങ്ങള്‍ ബലൂണ്‍കണ്ണുകള്‍ക്ക് ക്ഷതമേല്‍പ്പിക്കും. കുമിളകൾ തുള്ളിച്ച് നടക്കുന്ന കുമിളക്കണ്ണന്‍മാരെ ഈ വീഡിയോയിൽ കാണൂ.


ബലൂണ്‍കണ്ണന്മാരായ സ്വർണ്ണമത്സ്യങ്ങളുടെ ആവിർഭാവം, പ്രത്യേകതകൾ, പരിപാലനമുറകൾ എന്നിവയെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ, മാതൃഭൂമി ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച "വിണ്മിഴികളും കുമിളക്കണ്ണന്മാരും" എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ. 

Sunday, July 7, 2013

നിങ്ങളുടെ സ്വർണ്ണമത്സ്യങ്ങൾ അക്വേറിയത്തിൽ മുട്ടകളിടാറുണ്ടോ?

അലങ്കാരമത്സ്യ ഹോബിയുള്ള  ചിലരെങ്കിലും, പെട്ടെന്ന് അക്വേറിയത്തിൽ മുട്ടകൾ കാണുമ്പോൾ എന്ത് ചെയ്യണമെന്നു ആലോചിച്ചു നിന്ന് കാണും. സ്വർണ്ണമത്സ്യങ്ങളും മുട്ടയിടുന്നവയാണ്. പക്ഷെ മുട്ടയിടുന്ന മറ്റ് ചില മത്സ്യങ്ങളെ പോലെ മുട്ടകളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാനൊന്നും അവ മെനക്കെടാറില്ല. അശ്രദ്ധമായി മുട്ടകൾ ചിതറിച്ചുകളയുകയാണ് (egg scatterer) സ്വർണ്ണമത്സ്യങ്ങളുടെ രീതി.

പ്ലാസ്റ്റിക് ചെടിയുടെ ഇലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന സ്വർണ്ണമത്സ്യ മുട്ടകളെ ചിത്രത്തിൽ കാണാം!

കടപ്പാട് : www.flickr.com/photos/roxycraft
പ്രജനനം നടത്തുന്ന സ്വർണ്ണമത്സ്യങ്ങൾ ഓരോ പ്രാവശ്യവും ആയിരക്കണക്കിനു മുട്ടകളാണ് ഇടുന്നത്. ചില പ്രധാന കാര്യങ്ങളില്‍ ശ്രദ്ധ വെച്ചാല്‍ സ്വർണ്ണമത്സ്യക്കുഞ്ഞുങ്ങളെ വിഷമം കൂടാതെ സംരക്ഷിക്കാമെന്നു മാത്രമല്ല അത്യന്തം രസകരവുമാണ്‌ ഈ പ്രക്രിയ!

മുട്ടകൾ വിരിഞ്ഞയുടനെ സ്വർണ്ണമത്സ്യക്കുഞ്ഞുങ്ങൾ എങ്ങനെയിരിക്കുമെന്നു, താഴെ കാണുന്ന ചിത്രം നോക്കിയാൽ അറിയാം. റിയുക്കിൻ ഇനത്തിൽപ്പെട്ട സ്വർണ്ണമത്സ്യങ്ങളുടെ കുഞ്ഞുങ്ങളാണിവ!


സ്വര്‍ണ്ണമത്സ്യങ്ങള്‍ മുട്ടയിട്ടതിനു ശേഷം പ്രജനനടാങ്കിനെത്തന്നെ കുഞ്ഞുങ്ങളുടെ ടാങ്കായി ഉപയോഗിക്കാവുന്നതാണ്‌. പക്ഷെ മുട്ടകൾ വിരിയിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനുമായി പ്രത്യേക ടാങ്ക്  തയ്യാറാക്കുകയാണെങ്കിൽ 10 ഗാലണ്‍ എങ്കിലും വലിപ്പമുള്ള അക്വേറിയം ഉപയോഗിക്കണം.

ഇണചേരല്‍ കഴിഞ്ഞ് പൊരുന്നുമത്സ്യങ്ങളെ മാറ്റിയ ശേഷം, പ്രജനനടാങ്കില്‍ നിന്നും മുട്ടകള്‍ പറ്റിപ്പിടിച്ചിരിക്കുന്ന സ്‌പോണിങ്ങ് മോപ്പിനേയും ചെടികളെയും ആഘാതം കൂടാതെ കുഞ്ഞുങ്ങളുടെ ടാങ്കില്‍ നിക്ഷേപിക്കാം. ഇത്തരത്തിൽ പ്രത്യേകം വളർത്തിയ 4 ആഴ്ചകൾ മാത്രം പ്രായമുള്ള സ്വർണ്ണമത്സ്യക്കുഞ്ഞുങ്ങളാണ് താഴെ ചിത്രത്തിൽ!

കടപ്പാട് : www.freewebs.com/frontoza/thecoldwaterfishyear.htm

പ്രജനനശേഷം സ്വർണ്ണമത്സ്യക്കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കാമെന്നും, വളർന്നു വരുന്ന മത്സ്യക്കുഞ്ഞുങ്ങളിൽ ഇനശുദ്ധിയുള്ളവയെ എങ്ങനെ വേർതിരിക്കാമെന്നും കൂടുതൽ അറിയാനായി മാതൃഭൂമി ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച 'സ്വര്‍ണ്ണമത്സ്യക്കുഞ്ഞുങ്ങളെ പരിപാലിക്കാം, ഇനം തിരിക്കാം' എന്ന ലേഖനം വയിക്കൂ. ഈ ലേഖനത്തിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

 
6-7 ദിവസം പ്രായമുള്ള സ്വർണ്ണമത്സ്യക്കുഞ്ഞുങ്ങളെ ഈ വീഡിയോയിൽ കാണൂ!



Tuesday, May 7, 2013

സ്വർണ്ണമത്സ്യങ്ങളുടെ പ്രജനനം എങ്ങനെ രസകരമാക്കാം !

സ്വര്‍ണ്ണനിറം മുതല്‍ ഓറഞ്ചും മഞ്ഞയും കലര്‍ന്ന ചെമന്ന നിറത്തില്‍ വരെ കാണപ്പെടുന്ന സ്വർണ്ണമത്സ്യങ്ങളെ  ഏവരും ഇഷ്ടപ്പെടും.

സ്വർണ്ണമത്സ്യങ്ങളെ വളർത്തുന്നതുപോലെ തന്നെ രസകരമാണ് അവയുടെ പ്രജനനവും. ആരോഗ്യകരമായ അക്വേറിയം സാഹചര്യങ്ങളില്‍ സ്വര്‍ണ്ണമത്സ്യങ്ങള്‍ പലപ്പോഴും സ്വമേധയാ പ്രജനനത്തില്‍ ഏര്‍പ്പെടാറുണ്ടെങ്കിലും അവയെ പ്രജനനത്തിനായി തയ്യാറാക്കുന്നത് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കാൻ സഹായിക്കും.



പൊരുന്നു മത്സ്യങ്ങളെ തെരഞ്ഞെടുക്കുമ്പോൾ അവയുടെ ആകര്‍ഷകമായ നിറം, ആകൃതി, ചടുലത, വാല്‍ച്ചിറകുകളിലെ വൈവിദ്ധ്യം എന്നിവ കൂടാതെ, വരും സ്വർണ്ണമത്സ്യ തലമുറകളില്‍ നിങ്ങളാഗ്രഹിക്കുന്ന പ്രത്യേകതകൾക്കും ശ്രദ്ധ നൽകണം. വിജയകരമായ പ്രജനനത്തിനു ഒരു ജോഡി പൊരുന്നു മത്സ്യങ്ങള്‍ മതിയാകുമെങ്കിലും ഒരു പെണ്‍മത്സ്യത്തിനു രണ്ട് ആണ്‍ മത്സ്യങ്ങള്‍ എന്ന തോതിലാണെങ്കിൽ ബീജസംയോഗം കൂടുതൽ ഫലപ്രദമാകും.

പ്രജനന സജ്ജരായ ആണ്‍-പെണ്‍ സ്വർണ്ണമത്സ്യങ്ങളെ കണ്ടെത്തുന്നതും പ്രജനനത്തിനനുകൂലമായ സാഹചര്യങ്ങളൊരുക്കുന്നതും  വളരെ പ്രധാനമാണ്. ഇതിനെക്കുറിച്ച് കൂടുതൽ  അറിയാനായി മാതൃഭൂമി ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച 'സ്വര്‍ണ്ണമത്സ്യ പ്രജനനം' എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി ഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.



Sunday, April 7, 2013

സ്വർണ്ണമത്സ്യങ്ങളിലെ കരിങ്കുപ്പായക്കാർ

സ്വർണ്ണമത്സ്യങ്ങളിൽ കറുത്തവയുണ്ടോ? ഉണ്ട് ! വിവിധയിനം സ്വർണ്ണമത്സ്യങ്ങളുണ്ടായത് നൂറ്റാണ്ടുകളായുള്ള ക്രമാനുഗത പ്രജനനം വഴിയുണ്ടായ ജനിതകവ്യതിയാനങ്ങളിലൂടെയാണ്.
 
കടപ്പാട് : www.zimbio.com
സ്വർണ്ണമത്സ്യങ്ങളിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ച പോപ്‌ ഐ മത്സ്യങ്ങളാണ് കറുത്തിരുണ്ട ദേഹവും പുറത്തേക്ക് ഉന്തി നില്ക്കുന്ന ബലൂണ്‍ കണ്ണുകളുമുള്ള ബ്ലാക്ക്‌ മൂർ അല്ലെങ്കിൽ കരിങ്കുമിളക്കണ്ണന്മാർ. കറുത്ത മെറ്റാലിക് നിറത്തിലുള്ള, വെൽവറ്റ് പോലെ തിളങ്ങുന്ന ചെതുമ്പലുകളും, ഒഴുകി നടക്കുന്ന ചിറകുകളുമാണ്  ഈ മത്സ്യങ്ങൾക്കുള്ളത്.



എന്നാൽ, ബ്ലാക്ക്‌ മൂർ സ്വർണ്ണമത്സ്യങ്ങളുടെ കുഞ്ഞുങ്ങൾക്കാകട്ടെ മറ്റ് സ്വർണ്ണമത്സ്യയിനങ്ങളിലേതുപോലെ പിച്ചള നിറമോ തവിട്ടു നിറമോ ആയിരിക്കും. രണ്ടര മാസം പ്രായമുള്ള ബ്ലാക്ക്‌ മൂർ സ്വർണ്ണമത്സ്യക്കുഞ്ഞുങ്ങളെ ഈ വീഡിയോയിൽ കാണാം.




കറുപ്പ് നിറവും ഉന്തിയ കണ്ണുകളും പ്രകടമാകുന്നത് മത്സ്യക്കുഞ്ഞുങ്ങൾ വളരുന്നതോട് കൂടിയാണ്. പൂർണ്ണ വളർച്ചയെത്തിയ ബ്ലാക്ക് മൂർ മത്സ്യങ്ങൾക്ക് 10 ഇഞ്ച്‌ വരെ നീളം വയ്കാറുണ്ട്. 17 സെ. മീ. നീളമുള്ള ഒരു ബ്ലാക്ക് മൂർ സ്വർണ്ണമത്സ്യത്തിന്റെ വീഡിയോ കാണാം.



 ബ്ലാക്ക്‌ മൂർ സ്വർണ്ണമത്സ്യങ്ങളെ കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നുന്നില്ലേ! ഈ മത്സ്യങ്ങളുടെ പ്രത്യേകതകളെപ്പറ്റിയും വളർത്തേണ്ടതെങ്ങനെയെന്നും കൂടുതൽ മനസ്സിലാക്കാൻ മാതൃഭൂമി ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച "കറുപ്പിന്റെ സൗന്ദര്യം ബ്ലാക്ക്‌ മൂർ" എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.



Sunday, March 24, 2013

വാലിസ്നേറിയയിലെ വിവിധയിനങ്ങൾ

വാലിസ്നേറിയ സ്പൈറലിസ്

ഒരുകാലം വരെ വാലിസ്നേറിയകളുടെ ഉപവിഭാഗങ്ങളെയെല്ലാം  വാലിസ്നേറിയ സ്പൈറലിസ് എന്നാണു വിളിച്ചിരുന്നത്.

വാലിസ്നേറിയ സ്പൈറലിസ്

വാലിസ്നേറിയ സ്പൈറലിസിന്റെ ഉപവിഭാഗമാണ്  ഫോമ റ്റോർറ്റിഫോളിയ

വാലിസ്നേറിയ സ്പൈറലിസ് ഫോമ റ്റോർറ്റിഫോളിയ

വാലിസ്നേറിയ റ്റോർട്ടിസ്സിമ എന്ന ഇനമുണ്ടായത് ഫോമ റ്റോർറ്റിഫോളിയയിലെ കായിക ഉല്പരിവർത്തനം വഴിയാണ്. സർപ്പിൾ ആകൃതിയിലുള്ള  ഇലകളാണ് ഇവയുടെ പ്രത്യേകത.

വാലിസ്നേറിയ റ്റോർട്ടിസ്സിമ

 വാലിസ്നേറിയ സ്പൈറലിസ് ഫോമ നാന വളരെ നേരിയ ഇലകളോട് കൂടിയവയാണ്.

കടപ്പാട് : http://www.aquagreen.com.au

വാലിസ്നേറിയ ട്രൈപ്റ്റിറ
വാലിസ്നേറിയ ട്രൈപ്റ്റിറ (Vallisneria triptera) ആസ്ട്രേലിയയിലെ ചില സ്ഥലങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. ചെമപ്പു നിറത്തിൽ ഇലകളുള്ള ഈ വാലിസ്നേറിയ ചെടികള്‍ മഴയും വെയിലും ഇടവിട്ടു വരുന്ന കാലാവസ്ഥയാണ് ഇഷ്ടപ്പെടുന്നത്. പാറമടവുകളിലൂടെ ഒഴുകുന്ന അരുവികളിലും ആഴം കുറഞ്ഞ ശാഖാനദികളിലും വളരുന്ന ട്രൈപ്റ്റിറക്ക് അഭികാമ്യം നല്ല പ്രകാശവും താരതമ്യേന ഉയർന്ന ജലോഷ്മാവും അധികം വളക്കൂറില്ലാത്ത അടിത്തട്ടുമാണ്. അതുകൊണ്ടുതന്നെ തുടക്കക്കാർക്ക് ഒട്ടും യോജിച്ചതല്ല ഈ ചെടി.

കടപ്പാട് : http://www.aquagreen.com.au

വാലിസ്‌നേറിയ ചെടികളില്‍ പല ഉപവിഭാഗങ്ങളുടെ പ്രത്യേകതകളെ പറ്റി കൂടുതലായി അറിയുന്നതിനായി മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'വിൽഹെൽമയിലെ  വാലിസ്നേറിയകൾ' എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Friday, January 4, 2013

ഭീമാകാരന്‍മാരായ അക്വേറിയം സസ്യങ്ങള്‍ !

തെക്കൻ ജെർമ്മനിയിലെ ഷ്ടുട്ട്ഗാർട്ടിനടുത്തുള്ള വിൽഹെൽമ, യൂറോപ്പിലെ പ്രസിദ്ധിയാർജ്ജിച്ച മൃഗശാലകളിലൊന്നാണ്. വിവിധതരം ശുദ്ധജല-ലവണജല മത്സ്യങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളെ ഓർമ്മിപ്പിക്കുംവിധം  ഭീമൻ അക്വേറിയങ്ങളില്‍ ഇവിടെ സജ്ജീകരിച്ചത് 1967 ലാണ്.


അക്വേറിയം ഹോബിയിസ്റ്റുകൾക്കും കൊച്ചുകുട്ടികള്‍ക്കും ഏറെ പ്രിയങ്കരമായ വിൽഹെൽമയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്, തെക്കെ അമേരിക്കൻ ജലാവാസവ്യവസ്ഥയോട് സാദൃശ്യം പുലർത്തുന്ന, ഒരു ബൃഹത് ബയോറ്റോപ്പ് (biotope) അക്വേറിയമാണ്. ഇത്  കാണാനായി മാത്രം, ദിവസവും നൂറുകണക്കിന് അച്ഛനമ്മമാരാണ്‌ കുഞ്ഞുങ്ങളുമായെത്തുന്നത്. ഈ അക്വേറിയത്തില്‍ മുഴുവന്‍ തിങ്ങി നിറഞ്ഞു വളര്‍ന്നു നില്‍ക്കുന്നത്,  ഭീമാകാരന്മാരായ ജയന്റ് വാലിസ്നേറിയകളാണ്. വാലിസ്നേറിയ ജൈജാന്‍ഷ്യ എന്നാണ് പൊതുവെ ഈ ചെടികളെ വിളിക്കാറ്.
 



വിൽഹെൽമയിലെ അക്വേറിയങ്ങളിൽ ജൈജാൻഷ്യകളെ കൂടാതെ ഇലകളുടെ വലിപ്പത്തിലും, ആകൃതിയിലും, നിറത്തിലുമെല്ലാം വ്യത്യസ്തത പുലർത്തുന്ന പത്തിലധികം വാലിസ്നേറിയ ഇനങ്ങളുണ്ട്. ഈ ചെടികളെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'വിൽഹെൽമയിലെ  വാലിസ്നേറിയകൾ ' എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.