Saturday, February 18, 2012

പച്ചയിലനാരുകളും മഞ്ഞപ്പൂക്കളും

കടപ്പാട് : aquabase.com
മഞ്ഞ കബൊംബ എന്നറിയപ്പെടുന്ന കബൊംബ  അക്വാട്ടിക്ക,  പലപ്പോഴും നമ്മുടെ അക്വേറിയം കടകളില്‍ വളരെ വിരളമായേ ലഭ്യമാകാറുള്ളൂ.  ഇനി അഥവാ കിട്ടുകയാണെങ്കില്‍ത്തന്നെ, ചെടികള്‍ വളരെ മോശമായ സ്ഥിതിയിലുമായിരിക്കും. പലപ്പോഴും  നിറം  മങ്ങി പാതി  അഴുകിയ  അവസ്ഥയില്‍,  കടകളില്‍ നിന്ന് വാങ്ങേണ്ടി വരുന്ന  ഇത്തരം ചെടികളെ, അക്വേറിയത്തിലേയ്ക്ക്  മാറ്റുന്നതിന് മുന്‍പ് പ്രത്യേകമായി വളര്‍ത്തിയെടുക്കേണ്ടാതായും വരും.  ഇത്തിരി ശ്രമപ്പെട്ടിട്ടാണെങ്കിലും വളര്‍ത്താന്‍ സര്‍വഥാ യോഗ്യനായ ഒരു അക്വേറിയം സസ്യമാണ് മഞ്ഞ കബൊംബ. കടും പച്ച നിറത്തില്‍ നാരുകള്‍ പോലെയുള്ള ഇലകളാണ് ഈ ചെടിയ്ക്കുള്ളത്. മഞ്ഞ കബൊംബയിലെ  ചിലയിനങ്ങളിലാകട്ടെ, മഞ്ഞ കലര്‍ന്ന പച്ച നിറത്തിലുള്ള ഇലകള്‍ കാണപ്പെടുന്നു. നന്നായി പരിപാലിക്കപ്പെടുന്ന ഒരു ടാങ്കില്‍, ചിലപ്പോള്‍ മഞ്ഞപ്പൂക്കള്‍ ഉത്പാദിപ്പിച്ചു ഹോബിയിസ്റ്റുകളെ സന്തോഷിപ്പിക്കാറുമുണ്ട് ഈ ചെടി! സസ്യാഹാരികളായ  മത്സ്യങ്ങളെ വളര്‍ത്തുന്ന ടാങ്കില്‍ കടിച്ചു മുറിക്കപ്പെടുന്നത്‌ മൂലം,  പലപ്പോഴും മഞ്ഞ കബൊംബ ശരിയായി വളരാറില്ല. അതുപോലെ തന്നെ ചിലയിനം ഒച്ചുകളും, ഇതിന്റെ ഇലകളെ ആഹരിക്കുന്നതായി  കണ്ടു വരുന്നു. ശക്തിയേറിയ ജലപ്രവാഹമുള്ള ഒരു ടാങ്കില്‍, മഞ്ഞ കബോംബ പലപ്പോഴും ശരിയായി വളരാന്‍ പ്രയാസമാണ്. പ്രത്യേകിച്ച്  വെളിച്ചത്തിന്റെ അഭാവവും കൂടിയായാല്‍, തണ്ടുകള്‍ മൃദുവാകുന്നതിനാല്‍ എളുപ്പം ഒടിഞ്ഞു പോരുകയും ചെയ്യും. പക്ഷെ മറ്റു ചെടികളോടോന്നിച്ചു നട്ടാല്‍, ഒരു പരിധി വരെ ഫില്‍റ്റെര്‍ ജലപ്രവാഹം മൂലമുള്ള തണ്ടൊടിയല്‍  ഒഴിവാക്കാം. വളര്‍ച്ചാസാഹചര്യങ്ങളില്‍ അല്പം നിഷ്കര്‍ഷത പുലര്‍ത്തുന്നതിനാല്‍, അനുഭവസമ്പന്നരായ ഹോബിയിസ്റ്റുകള്‍ക്കാണ് ഈ ചെടി വളര്‍ത്താന്‍ എളുപ്പം. എന്നാല്‍ അക്വേറിയത്തിലെ ജലതാപനില, വളക്കൂറുള്ള അടിത്തട്ട്, വെള്ളത്തിലെ ഇരുമ്പിന്റെ അളവ്, CO2 കൊടുക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു വെല്ലുവിളിയായി തുടക്കക്കാര്‍ക്കും മഞ്ഞ കബൊംബ വളര്‍ത്താവുന്നതാണ്.

കബൊംബ  അക്വാട്ടിക്കയുടെ പ്രത്യേകതകളെക്കുറിച്ചും, ഈ ചെടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ സാഹചര്യങ്ങളെപ്പറ്റിയും മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച  ലേഖനത്തില്‍ വായിക്കാം. PDF രൂപം ഇവിടെ ലഭിക്കും.

No comments:

Post a Comment