Saturday, October 6, 2012

നിങ്ങൾ പുതുതായി അക്വേറിയം തുടങ്ങിയോ? ശ്രദ്ധിക്കൂ....

വര്‍ണ്ണമത്സ്യം വളര്‍ത്തലില്‍ താത്പര്യമുള്ള രണ്ടു സുഹൃത്തുക്കളെ ഈയിടെ അക്വേറിയം സെറ്റ് ചെയ്യാന്‍ സഹായിച്ചിരുന്നു. അവര്‍ കബൊംബ, വാലിസ്നേറിയ തുടങ്ങിയ ചെടികളേയും, ഗപ്പി, സ്വോര്‍ഡ് ടെയില്‍ എന്നി മത്സ്യങ്ങളേയും ആണ് തെരഞ്ഞെടുത്തത്. അത്യുത്സാഹത്തോടെ ഹോബി തുടങ്ങിയ ആ ദമ്പതികള്‍.....രണ്ടാഴ്ച കഴിഞ്ഞതെയുള്ളൂ, പുതിയ അക്വേറിയത്തിലെ ചില പ്രശ്നങ്ങള്‍ അവതരിപ്പിച്ചു.   

മത്സ്യങ്ങള്‍ പലപ്പോഴും ജലനിരപ്പിനു തൊട്ടു താഴെ ഉദാസീനരായി നീന്തല്‍ മറന്നത് പോലെ നില്‍ക്കുന്നതായും, അവ ടാങ്കിലുള്ള വസ്തുക്കളിലെ കൂര്‍ത്ത വശങ്ങളില്‍ ദേഹം ഉരസുന്നതായും ശ്രദ്ധയില്‍പ്പെട്ടു. തുടക്കത്തില്‍ ഒരു മത്സ്യത്തിലായിരുന്നു ഇത് കണ്ടെതെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാ മത്സ്യങ്ങളും ഈ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. ആദ്യം ഇക്ക് (Ichthyophthirius multifiliis) മുതലായ പരാദങ്ങള്‍ ആണെന്നാണ്‌ സംശയിച്ചത്. പക്ഷെ വിശദാംശങ്ങള്‍ ചോദിച്ചപ്പോഴാണ് മനസ്സിലായത് അവര്‍ പുതുതായി വീണ്ടും മത്സ്യങ്ങളെ ടാങ്കില്‍ നിക്ഷേപിച്ചു എന്ന്. അക്വേറിയം സെറ്റ് ചെയ്തിട്ട് രണ്ടാഴ്ച പോലും ആയിട്ടില്ലായിരുന്നു.


പുതുതായി അക്വേറിയം തുടങ്ങുമ്പോള്‍ ടാങ്കിലെ നൈട്രജന്‍ ചംക്രമണം സുസ്ഥിരമാകാന്‍ നാല് മുതല്‍ എട്ടു ആഴ്ചയെങ്കിലും വേണം. ഇനി അഥവാ സുസ്ഥിരമായ ഒരു അക്വേറിയം ആണെങ്കില്‍ കൂടി പുതുതായി മത്സ്യങ്ങളെ നിക്ഷേപിക്കുമ്പോള്‍ ടാങ്കിലെ നൈട്രജന്‍ ചംക്രമണത്തിനു താളം തെറ്റാനിടയുണ്ട്. ഇവരുടെ പ്രശ്നം അക്വേറിയം സ്ഥാപിച്ച് അത് സുസ്ഥിരമാകുന്നതിനു മുന്‍പ് തന്നെ കൂടുതല്‍ മത്സ്യങ്ങളെ നിക്ഷേപിച്ചു എന്നതാണ്.

അക്വേറിയത്തിലെ ജൈവ ചംക്രമണത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഈ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം. അക്വേറിയം ഹോബിയില്‍ പരാജയപ്പെടാതിരിക്കാന്‍  നൈട്രജന്‍ ചംക്രമണത്തെ കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.

എന്താണ് അക്വേറിയത്തിലെ നൈട്രജന്‍ ചംക്രമണം, സുസ്ഥിരമാല്ലാത്ത ഒരു അക്വേറിയത്തില്‍ കാണാവുന്ന പ്രശ്നങ്ങള്‍ ഇവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'അക്വേറിയത്തിലെ നൈട്രജന്‍ ചംക്രമണം' എന്നാ ലേഖനം വായിക്കൂ. ഈ ലേഖനത്തിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.