Saturday, October 11, 2014

രാവും പകലും തിരിച്ചറിയാതെ...അന്ധരായ ഈ ഗുഹാ ടെട്രകൾ

ഗുഹകളിലെ നീരുറവകളിൽ ജീവിക്കുന്ന അന്ധരായ ടെട്ര (Blind cave tetra - Astyanax mexicanus) മത്സ്യങ്ങളെ അറിയുക.


ഏതാണ്ട് 10 ലക്ഷം വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലെ ജലാശയങ്ങളിൽ കാണപ്പെട്ടിരുന്ന ചില ടെട്ര മത്സ്യങ്ങൾ മെക്സിക്കൊ ഗുഹകളിലെ നീരുറവകളിലെത്തിപ്പെട്ടു. കുറ്റാക്കൂരിരുട്ടിൽ ജീവിതം കഴിക്കേണ്ടി വന്ന ഇവയ്ക്ക് പരിണാമം മുഖേന കണ്ണുകൾ ഇല്ലാതാകുകയും ശരീര വർണ്ണങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. പിങ്ക് കലർന്ന വെള്ള നിറമുള്ള ഈ മത്സ്യങ്ങൾ തികച്ചും വ്യത്യസ്തരായി പരിണമിച്ചെങ്കിലും മറ്റു ടെട്രകളെപ്പോലെ ഇവയെ അക്വേറിയത്തിൽ വളർത്താവുന്നതും പ്രജനനം ചെയ്യിക്കാവുന്നതുമാണ്.  അതുപോലെ സാധാരണ ടെട്രകളുമായി മിശ്രപ്രജനനം നടത്തുന്നതിലും തടസ്സമില്ല.
കടപ്പാട് : Grand-Duc, Wikipedia, http://en.wikipedia.org/wiki/User:Grand-Duc
എന്നാൽ ഇവയെക്കുറിച്ചറിയാൻ ഇനിയും ഒരുപാട് വിശേഷങ്ങൾ ബാക്കിയുണ്ടെന്നാണ് അടുത്തകാലത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ദിന-രാത്ര ചംക്രമണം അഥവാ സർകാഡിയൻ താളത്തിനനുസരിച്ച്  ഉപാപചയ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്ന മറ്റു ജീവികളിൽ നിന്നും വളരെ വ്യത്യസ്തരാണ് ഈ ടെട്രകൾ. എന്തെന്നാൽ, പരിണാമം കണ്ണുകൾക്കും വർണ്ണങ്ങൾക്കുമൊപ്പം രാവും പകലും തിരിച്ചറിയാനുള്ള കഴിവും ഈ മത്സ്യങ്ങളിൽ നിന്ന് നഷ്ടപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു! 

ജൈവ ഘടികാരത്തെ (biological clock) നിയന്ത്രിക്കാൻ പ്രകാശത്തിനും ഉപാപചയ പ്രവർത്തനങ്ങൾക്കും കഴിവുണ്ട്.  എന്നാൽ അന്ധരായ ഗുഹാ ടെട്രകളിലെ ചയാപചയ പ്രവർത്തനങ്ങൾക്ക് സർകാഡിയൻ താളം നഷ്ടമായെന്നു മാത്രമല്ല, ഇത് മൂലം ഏകദേശം 27% ഊർജം ലാഭിക്കുകയും  ചെയുന്നുണ്ടത്രേ ഈ  മത്സ്യങ്ങൾ! സ്വീഡനിലെ ഗവേഷകർ നടത്തിയ ഈ കണ്ടെത്തൽ പ്ളോസ് വണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗുഹാ ടെട്രകളെപ്പോലെ വളരെ വൈചിത്ര്യമാർന്ന ആവാസവ്യവസ്ഥകളിലെ ജീവികൾ തങ്ങളുടെ ദൈനംദിന ചംക്രമണം എങ്ങനെ പാരിണാമത്തിലൂടെ നിലനിൽപ്പിന്റെ ഘടകമാക്കി മാറ്റിയെടുത്തു എന്ന് മനസ്സിലാക്കാൻ ഇത്തരം ഗവേഷണങ്ങൾ നമ്മെ സഹായിക്കുമെന്നതിൽ തർക്കമില്ല.

ഇനി രാത്രിയെന്നോ പകലെന്നോ നോക്കാതെ നിങ്ങളുടെ അക്വേറിയത്തിലുള്ള അന്ധരായ ഗുഹാ ടെട്രകൾക്ക് തീറ്റ നല്കുകയുമാകാം!
 ചുവടെയുള്ള വീഡിയോയിൽ കണ്ണില്ലാത്ത ടെട്രകളെ കാണാം.


Sunday, April 6, 2014

ഭൂഗർഭ ഈൽമത്സ്യങ്ങളെന്ന് കേട്ടിട്ടുണ്ടോ?

ഈൽമത്സ്യങ്ങളെ മിക്കവരും കണ്ടിരിക്കും. പക്ഷെ ഭൂമിക്കടിയിലെ നീർച്ചാലുകളിൽ കാണുന്ന ചില പ്രത്യേകയിനം ഈൽമത്സ്യങ്ങളുമുണ്ട്. ഇലക്ട്രിക്‌ ഈൽമത്സ്യങ്ങളായ ആൻഗ്വില്ല (Anguilla)കളുമായി വിദൂരബന്ധം മാത്രമേയുള്ളൂ ഇവയ്ക്ക്. മോണോപ്റ്റെറസ് (Monopterus) എന്ന ജനുസ്സിൽ പെട്ട ഈ മത്സ്യങ്ങൾ (Monopterus eapeni, M roseni, M digressus) കേരളത്തിലെ ഭൂഗർഭഗുഹകളിലുള്ള നീരൊഴുക്കുകളിൽ കാണുന്നവയാണ്. മുകളിൽപ്പറഞ്ഞ മത്സ്യയിനങ്ങളെ ആദ്യമായി കണ്ടെത്തിയതുതന്നെ കേരളത്തിലെ കിണറുകളിലാണ്. ചില ആഴമുള്ള കിണറുകൾ വൃത്തിയാക്കുമ്പോൾ തികച്ചും ആകസ്മികമായാണ് മോണോപ്റ്റിറസ് ഡിഗ്രെസ്സസ് മത്സ്യങ്ങളെ കണ്ടെത്തിയത്.



ഇവ ഭൂഗർഭ നീർച്ചാലുകളിൽ മാത്രമാണ്  ജീവിക്കുന്നതെന്ന് അനുമാനിക്കാനുള്ള കാരണമറിയാൻ ആഗ്രഹമില്ലേ? എന്ത് കൊണ്ടിവയെ കിണറുകളിൽ മാത്രം കണ്ടെത്തി? മറ്റ് ജാലാശയങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത കിണറുകളിലേക്ക് ഈ മത്സ്യങ്ങൾ എത്തിപ്പെട്ടത് ഭൂഗർഭ ഉറവകളിൽ നിന്നു തന്നെ!

എല്ലായ്പ്പോഴും ഭൂമിക്കടിയിൽ ജീവിക്കുന്നതിനാൽ അതിനനുകൂലമായ സവിശേഷതകൾ പരിണാമത്തിലൂടെ ഈ മത്സ്യങ്ങൾ സ്വായത്തമാക്കിയിട്ടുണ്ട്‌. ഗുഹാജീവികളുടെ പ്രത്യേകതകളായ നിറമില്ലാത്ത ശരീരം, കണ്ണുകളുടെ അഭാവം തുടങ്ങിയവയൊക്കെ ഈ മത്സ്യങ്ങളിലും കാണാം. കണ്ണുകളില്ലെങ്കിൽ തട്ടിത്തടയാതെ സഞ്ചരിക്കുന്നതെങ്ങനെ? ഇര തേടുന്നതെങ്ങനെ? ഇണ തേടുന്നതെങ്ങനെ? ഘ്രാണശക്തിയും സ്പർശനശക്തിയുമുപയോഗിച്ചാണ് ഭൂഗർഭ ഈൽമത്സ്യങ്ങൾ ഇപ്പറഞ്ഞതൊക്കെയും സാധിക്കുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ മോൻസി വിൻസെന്റും ജോണ്‍ തോമസ്സും 2011-ൽ Ichthyological Research-ൽ പ്രസിദ്ധീകരിച്ച "Observations on the foraging behaviour of a subterranean fish Monopterus digressus (Synbranchiformes: Synbranchidae)" എന്ന ലേഖനത്തിൽ ഭൂമിക്കടിയിൽ ജീവിക്കാനും ഇര പിടിക്കാനുമായി ഈ മത്സ്യങ്ങൾ എന്തെല്ലാം കഴിവുകൾ ഉപയോഗിക്കുന്നുവെന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

Monopterus digressus കടപ്പാട് : http://fishbase.mnhn.fr
മുകളിലെ ചിത്രത്തിലേക്ക് സൂക്ഷിച്ചൊന്നു നോക്കൂ. ഭൂഗർഭ ഈൽമത്സ്യങ്ങളുടെ ശരീരത്തിന് എന്തിനാണ് ചെമപ്പ് നിറം? എന്തായാലും ഇണയെ ആകർഷിക്കാനാകില്ല. ഭൂമിക്കടിയിലെ കുറ്റാക്കൂരിരുട്ടിൽ അടുത്തുള്ള കല്ല്‌ പോലും കാണാൻ പറ്റില്ല. പിന്നെയാണ് ചെമപ്പ് നിറം ഉപയോഗിച്ച് അന്ധരായ ഈ മത്സ്യങ്ങൾ ഇണയെ കണ്ടെത്തുന്നത്! വേറെ എന്താകാം കാരണം? മത്സ്യങ്ങൾ സാധാരണയായി ചെകിളപ്പൂക്കളിലെ രക്തക്കുഴലുകൾ വഴിയാണ് ജലത്തിൽ ലയിച്ചു ചേർന്ന ഓക്സിജനെ ആഗിരണം ചെയ്യുന്നത്. ഭൂഗർഭ ഈൽമത്സ്യങ്ങളിൽ ചെകിളപ്പൂക്കൾ വികസിച്ചിട്ടില്ലാത്തതിനാൽ ത്വക്കിലൂടെയാണ് അവ ഓക്സിജൻ വലിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ ഹീമോഗ്ലോബിന്റെ അതിപ്രസരം മൂലം ഈ മത്സ്യങ്ങളുടെ ശരീരം ചെകിളപ്പൂക്കൾ കണക്കെ ചെമന്നിരിക്കുന്നു. ഒറ്റനോട്ടത്തിൽ മണ്ണിരകളോട് രൂപസാദൃശ്യം തോന്നിപ്പിക്കുന്ന ഇവ 9 മുതൽ 18 സെ. മീ. വരെ നീളം വയ്ക്കാറുണ്ടത്രെ.

മനുഷ്യന്റെ ഇടപെടലുകൾ കൊണ്ടുള്ള പരിസ്ഥിതി മലിനീകരണവും ആവാസവ്യവസ്ഥകളുടെ നാശവും, ഇത്തരം ജീവികൾ ശാസ്ത്രലോകം കണ്ടെത്തുന്നതിനു മുൻപേ വംശനാശം സംഭവിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഭൂഗർഭ ഈൽമത്സ്യങ്ങളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് അറിഞ്ഞിടത്തോളം ഇവയെ അക്വേറിയത്തിൽ വളർത്തുകയെന്നത് അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. എന്നാൽ ഗുഹാവാസവ്യവസ്ഥയിൽ കാണപ്പെടുന്ന കേവ് ടെട്ര (Astyanax mexicanus) പോലെയുള്ള മത്സ്യങ്ങൾ അക്വേറിയം വിപണിയിൽ സുലഭമാണുതാനും. കേവ് ടെട്രകളെ പോലെ ഭൂഗർഭ ഈൽമത്സ്യങ്ങളും അക്വേറിയം വിപണിയിൽ എത്തുമോ എന്നുള്ളത് നമുക്ക് കാത്തിരുന്നു കാണാം.

ഒരിക്കലും പുറംലോകം കാണാതെ ഭൂമിക്കടിയിൽത്തന്നെ ജനിച്ച്, വളർന്ന്, രമിച്ച്, മരിക്കുന്ന ഈ മത്സ്യങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ!
 
മോണോപ്റ്റിറസ് ഭൂഗർഭ ഈൽമത്സ്യങ്ങളെ ഈ വിഡിയോയിൽ കാണാം. https://www.youtube.com/watch?v=rlZDqNZA9-M (ബ്ലോഗറിലെ 'insert a video' ഓപ്ഷനിൽ ഈ ക്ലിപ്പ് തെരെഞ്ഞിട്ട് കിട്ടിയില്ല. എന്നാൽ youtube ൽ ഉണ്ടുതാനും. അതിനാൽ youtube link പോസ്റ്റ്‌ ചെയ്യുന്നു).

Thursday, December 12, 2013

വർണ്ണമത്സ്യ ചൂഷണത്തിൽ നിങ്ങൾക്കും പങ്കുണ്ടോ?

അക്വേറിയം ഹോബിയിലേക്കായി വളർത്തുന്ന ശുദ്ധജല വർണ്ണമത്സ്യങ്ങളിൽ വളരെ കുറച്ചിനങ്ങൾ മാത്രമാണ് സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നും നേരിട്ടു ശേഖരിക്കപ്പെടുന്നവ. പക്ഷെ അശാസ്ത്രീയ മത്സ്യബന്ധനവും, വ്യാപാരത്തിലെ അവ്യക്തയും ഇന്ത്യൻ വർണ്ണമത്സ്യങ്ങളെ വംശനാശത്തിന്റെ വക്കിലെത്തിച്ചുവെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

2005 മുതല്‍ 2012 വരെ ഉദ്ദേശം 15 ലക്ഷത്തോളം ശുദ്ധജല അലങ്കാരമത്സ്യങ്ങളെ ഇന്ത്യയില്‍ നിന്നും കയറ്റി അയച്ചുവെന്ന്, രാജീവ് രാഘവനും സംഘവും ബയോളജിക്കല്‍ കണ്‍സെര്‍വേഷന്‍ (Biological Conservation) എന്ന ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം (Uncovering an obscure trade : Threatened freshwater fishes and the aquarium pet markets. 2013) വെളിപ്പെടുത്തുന്നു. വംശനാശഭീഷണി നേരിടുന്ന 30-ൽ കൂടുതൽ മത്സ്യങ്ങളും ഇതിൽ ഉൾപ്പെടും. ശുദ്ധജല വർണ്ണമത്സ്യങ്ങളുടെ ചൂഷണത്തിന് അക്വേറിയം ഹോബി എങ്ങനെ കാരണമാകുന്നു എന്നതിനെപ്പറ്റി നാം ഗൗരവപൂർവ്വം ചിന്തിക്കേണ്ടിയിരിക്കുന്നു.

വംശനാശഭീഷണി നേരിടുന്ന ചില ഇന്ത്യൻ വർണ്ണമത്സ്യങ്ങൾ താഴെ.


'മിസ്സ്‌ കേരള' മത്സ്യം
'മിസ്സ്‌ കേരള' (Sahyadria denisonii, Sahyadria chalakkudiensis)

റെഡ്-ലൈന്‍ ടൊര്‍പിഡോ ബാര്‍ബ് (Red-line torpedo barb) എന്ന പേരിൽ പരക്കെ അറിയപ്പെടുന്ന ഈ മത്സ്യങ്ങൾ, IUCN (International union for conservation of nature) പുറത്തിറക്കുന്ന ചെമന്ന പട്ടിക (Red list) യനുസരിച്ച്  വംശനാശത്തിന്റെ വക്കിലാണ്. എങ്കിലും 3 ലക്ഷത്തിനു മേല്‍ 'മിസ്സ് കേരള' മത്സ്യങ്ങളെയാണ് 2005-2012 കാലയളവിൽ വിദേശരാജ്യങ്ങളിലേക്ക് നാം കയറ്റുമതി ചെയ്തത് !


കടപ്പാട് : http://www.seriouslyfish.com
സീബ്ര ലോച്ച് (Botia striata)

ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഈ ശുദ്ധജലമത്സ്യത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ, 400 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. അതുകൊണ്ടുതന്നെ അനിയന്ത്രിത ശേഖരണം ഈ മത്സ്യങ്ങളെ വംശനാശഭീഷണിയിൽ എത്തിച്ചിരിക്കുന്നു.

കുള്ളൻ പഫർ മത്സ്യം

കുള്ളൻ പഫർ മത്സ്യം (Carinotetraodon travancoricus)

കേരളത്തിലെ പമ്പാ നദിയിൽ മാത്രം കാണുന്ന മത്സ്യങ്ങളാണിവ. 22 മില്ലി മീറ്റർ മാത്രം വലിപ്പമുള്ള ഇവ പഫർ മത്സ്യങ്ങളിൽ തന്നെ എറ്റവും ചെറിയ ഇനങ്ങളിലൊന്നാണ്.

കല്ലുനക്കി
കല്ലു നക്കി (Garra hughi)

300 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം കാണപ്പെടുന്ന ഈ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ പശ്ചിമ ഘട്ടത്തിന്റെ തെക്കുഭാഗത്തിലെ അരുവികളാണ്.

വാക വരാല്‍ (Channa aurantimaculata)

ആസ്സാമിലെ ബ്രഹ്മപുത്ര നദീതടങ്ങളിൽ കാണപ്പെടുന്ന ഈ മത്സ്യത്തിന്റെ മറ്റൊരു പേരാണ് ഓറഞ്ച് സ്പോട്ടെഡ് സ്നേക്ക് ഹെഡ് (Orange spotted snake head). ധാരാളം സസ്യങ്ങളുള്ള ഒരക്വേറിയത്തിൽ സസുഖം വസിക്കുന്ന രണ്ടു വാക വരാൽ മത്സ്യങ്ങളെ ചുവടെ കാണൂ.


സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്നും അനിയന്ത്രിതമായി ശുദ്ധജല മത്സ്യങ്ങളെ ശേഖരിക്കുന്നത് തടയാൻ ആധികാരികമായ നിയമങ്ങൾ തന്നെ വേണ്ടി വരും. അതേസമയം വർണ്ണമത്സ്യങ്ങളുടെ ചൂഷണം തടയാൻ അക്വേറിയം ഹോബിയിസ്റ്റുകൾക്കും ഒരു പരിവധി വരെ സഹായിക്കാനാകും. അതിനായി,

1. വര്‍ണ്ണമത്സ്യങ്ങളെ വാങ്ങുന്നതിനു മുന്‍പ് അവയെക്കുറിച്ച് നന്നായി പഠിക്കുക

2. വാങ്ങാൻ ഉദേശിക്കുന്ന മത്സ്യത്തിന്റെ ഉറവിടം ഏതെന്നു കൃത്യമായി മനസ്സിലാക്കുക

3. കൃത്രിമ സാഹചര്യങ്ങളില്‍ വളര്‍ത്തി വില്‍ക്കുന്ന മത്സ്യങ്ങളെ മാത്രം വാങ്ങാൻ ശ്രമിക്കുക

4. വംശനാശ ഭീഷണി നേരിടുന്ന വർണ്ണമത്സ്യങ്ങൾ അക്വേറിയത്തിലുണ്ടെങ്കിൽ അവയെ ഉത്തരവാദിത്ത്വത്തോടെ പരിപാലിക്കുക

അക്വേറിയം ഹോബി ശുദ്ധജല മത്സ്യങ്ങളെ വംശനാശത്തിലേക്ക് നയിക്കുന്നുവോ എന്നറിയാനായി മാതൃഭൂമി ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച 'ഇന്ത്യന്‍ വര്‍ണ്ണമത്സ്യങ്ങള്‍ വംശനാശഭീഷണിയില്‍' എന്ന ലേഖനം വായിക്കൂ. ഈ ലേഖനത്തിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Sunday, October 27, 2013

ഗപ്പി പ്രസവിച്ചു ! ഞാൻ എന്തു ചെയ്യും?

ശ്രീ. എ. അബ്ദുൽ സലാം ആണ്, ഈ വൈകിപ്പോയ പോസ്റ്റിന്റെ  പ്രചോദനം. പ്രസവിക്കുന്ന മത്സ്യങ്ങളെ വളർത്തുന്നതിൽ തൽപ്പരനായ അദ്ദേഹത്തിന്റെ (ഇംഗ്ലീഷിൽ നിന്നും മൊഴിമാറ്റം നടത്തിയ) ചോദ്യം ചുവടെ: 

ഹായ്, ഞാൻ ആലപ്പുഴയിൽ നിന്നാണ്. അലങ്കാര മത്സ്യങ്ങളിൽ എനിക്ക് ഗപ്പികളെയും വാൾവാലന്മാരെയുമാണ് കൂടുതലിഷ്ടം. ഈ മത്സ്യങ്ങളെ  ചെറിയ തോതിൽ വളർത്തിവരുന്നു. ഗപ്പിക്കുഞ്ഞുങ്ങളെ പരിപാലിക്കുന്ന വിധം, തീറ്റ നല്കുന്ന രീതി തുടങ്ങിയവയെപ്പറ്റി വിശദമാക്കാമോ? ആകർഷക നിറങ്ങളിലുള്ള ഗപ്പികളെ കിട്ടാൻ എന്തൊക്കെ തീറ്റകളാണ് ഞാൻ നൽകേണ്ടത് ?

കടപ്പാട് :http://guppybreeding.net
                                 പ്രസവിക്കുന്ന പെണ്‍ ഗപ്പിമത്സ്യം                                    
കടപ്പാട് : http://freshwateraquariumfish.biz
ഉത്തരം: 


കുഞ്ഞുമത്സ്യങ്ങളെ മുതിർന്ന മത്സ്യങ്ങൾ തിന്നാൻ സാദ്ധ്യതയുള്ളതിനാൽ, അവയെ മറ്റൊരു ടാങ്കിലേക്ക് മാറ്റുക. ജനിച്ചതിനു ശേഷമുള്ള ആദ്യത്തെ രണ്ടാഴ്ച, ഗപ്പിക്കുഞ്ഞുങ്ങൾക്ക് ആർട്ടീമിയ മുട്ടകൾ വിരിയിച്ച് ലാർവകളെ തീറ്റയായി നൽകാം. ആർട്ടീമിയ മുട്ടകളുടെ ലഭ്യത അടുത്തുള്ള അക്വേറിയം കടകളിൽ അന്വേഷിച്ച് ഉറപ്പുവരുത്തുക. സമുദ്രത്തിലെ കവച ജന്തുവർഗ്ഗത്തിൽ പെട്ട (Crustacean) ഒരു ചെറുജീവിയാണ്  ആർട്ടീമിയ (Artemia) അഥവാ ബ്രൈൻ ഷ്രിംപ് (Brine shrimp).
മുതിർന്ന ആർട്ടീമിയ
ഈ ജീവികളുടെ സിസ്റ്റ് (Cyst) അഥവാ കവചത്തോടു  കൂടിയ മുട്ടകളെ ഉപ്പു  വെള്ളത്തിലിട്ട് ലാർവകളെ വിരിയിക്കാം.
ആർട്ടീമിയ മുട്ടകൾ 
കടപ്പാട് :http://img.diytrade.com

ഈ ലാർവകളെ ദിവസത്തിൽ 5-6 തവണ ഒരു ഫില്ലർ ഉപയോഗിച്ച് ഗപ്പിക്കുഞ്ഞുങ്ങൾക്ക് നൽകുക. ശുദ്ധജലത്തിൽ മണിക്കൂറുകളോളം ജീവിക്കുമെങ്കിലും, ലാർവകളെ അധികമായി ടാങ്കിലിടുന്നത് ജലഗുണമേന്മയെ ബാധിക്കും.




ആർട്ടീമിയ ലാർവകൾ

ആർട്ടീമിയ മുട്ടകൾ ലഭ്യമല്ലെങ്കിൽ പുഴുങ്ങിയ കോഴിമുട്ടയുടെ മഞ്ഞക്കരു കുറേശ്ശയായി വെള്ളത്തിൽ ചാലിച്ച് ഗപ്പിക്കുഞ്ഞുങ്ങൾക്ക് നൽകാം. മാംസ്യസമ്പന്നവും ജലത്തെ എളുപ്പം മലിനമാക്കുന്നതുമായതിനാൽ, കോഴിമുട്ട ഉപയോഗിക്കുമ്പോൾ, ദിവസത്തിൽ ഒരു തവണയെങ്കിലും അക്വേറിയത്തിലെ വെള്ളം 15-20 ശതമാനം വരെ സൈഫൺ ചെയ്ത് മാറ്റാൻ ശ്രദ്ധിക്കുക.   

കെട്ടിക്കിടക്കുന്ന മത്സ്യങ്ങളില്ലാത്ത വെള്ളത്തിൽ, സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ ധാരാളമായി വളരുന്ന ഒരിനം ജൈവപ്ലവകമാണു ഡാഫ്നിയ (Daphnia). ഇവയെ വലയുപയോഗിച്ചു ശേഖരിച്ച്, വലിപ്പത്തിനനുസരിച്ച് അരിച്ചുവേർതിരിച്ച്, ചെറുപ്രായത്തിലുള്ളവയെ രണ്ടാഴ്ചക്ക് മേൽ പ്രായമുള്ള ഗപ്പിക്കുഞ്ഞുങ്ങൾക്ക് തീറ്റയായി നൽകാം. വലിയ ഡാഫ്നിയകളെ മുതിർന്ന ഗപ്പി മത്സ്യങ്ങൾ തിന്നുകൊള്ളും.
ഡാഫ്നിയ 
കടപ്പാട്  : http://www.shrimptank.ca
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വളരുന്ന മറ്റൊരു പോഷകസമ്പന്നമായ മത്സ്യത്തീറ്റയാണു കൊതുകിന്റെ കൂത്താടികൾ. രോഗവാഹികളായ കൊതുകിന്റെ ലാർവകൾ ഗപ്പികൾക്ക് തീറ്റയായി നൽകി, പകർച്ചവ്യാധികൾ പടരുന്നതിനെയും ഒരളവു വരെ നിയന്ത്രിക്കാം.
കൊതുകിന്റെ കൂത്താടികൾ 
കടപ്പാട് : http://farm8.staticflickr.com
അഴുക്കുചാലുകളിൽ വളരുന്ന മണ്ണിരവർഗ്ഗത്തിൽപ്പെട്ട ട്യൂബിഫെക്സ് (Tubifex) പുഴുക്കളേയും, പ്ലവകസമ്പന്നമായ ശുദ്ധജലത്തിൽ കുഴലുകൾ നിർമ്മിക്കുന്ന ബ്ലഡ് വേംസ് (Blood worms) എന്നറിയപ്പെടുന്ന ചുവന്ന കൈറൊണോമസ് (Chironomus) ലാർവകളേയും ഒരു  മാസത്തിനുമേൽ പ്രായമുള്ള ഗപ്പിക്കുഞ്ഞുങ്ങൾ ആർത്തിയോടെ അകത്താക്കും. മൂന്നാമത്തെ ആഴ്ച മുതൽ ജീവനുള്ള തീറ്റകൾക്കൊപ്പം, ഉണങ്ങിയ മത്സ്യത്തീറ്റ നേർത്ത പൊടി രൂപത്തിൽ നൽകാം. തിളക്കുന്ന വെള്ളത്തിൽ ഒരു മിനിട്ട് നേരം വേവിച്ചെടുത്ത (blanching) വെള്ളരിക്കഷണങ്ങൾ ആഴ്ചയിലൊരിക്കൽ ടാങ്കിൽ ഇട്ടുകൊടുക്കണം.

 
ട്യൂബിഫെക്സ് 
കടപ്പാട് : http://1.bp.blogspot.com
ബ്ലഡ് വേംസ്  
കടപ്പാട് : http://www.bettatude.com
ഒന്നരമാസം മുതൽ ആൺ-പെൺ മത്സ്യങ്ങളെ വേർതിരിച്ച് വളർത്താൻ തുടങ്ങണം. ഈ പ്രായത്തിലുള്ള മത്സ്യങ്ങൾക്ക് തീറ്റ നൽകുന്നത്  2 നേരമായി ചുരുക്കാം. പക്ഷെ പ്രജനനസജ്ജരായ മത്സ്യങ്ങൾക്ക്  3 നേരമെങ്കിലും തീറ്റ നൽകണം. ട്യൂബിഫെക്സ്, ബ്ലഡ് വേംസ്, ഡാഫ്നിയ, കൊതുകിന്റെ കൂത്താടികൾ മുതലായ ജീവനുള്ള തീറ്റകൾ, ആഴ്ചയിൽ 2 നേരമെങ്കിലും നൽകാൻ ശ്രദ്ധിക്കണം. ആകർഷകമായ നിറവും വലിയ വാലുകളുമൊക്കെയുള്ള സുന്ദരൻ ആൺ മത്സ്യങ്ങളെ വളർത്തിയെടുക്കാൻ, അക്വേറിയങ്ങൾ മുറിയിൽ സൂക്ഷിച്ച് ട്യൂബ് ലൈറ്റ് ഉപയോഗിച്ച് കൃത്രിമ വെളിച്ചം നൽകണം. ടാങ്കിലെ ജലഗുണമേന്മ സ്ഥായിയായി നിലനിർത്താൻ ശ്രദ്ധിക്കണം. അമോണിയ, നൈട്രൈറ്റ് തുടങ്ങിയവ അക്വേറിയത്തിൽ ഒട്ടും പാടില്ല. നൈട്രേറ്റിന്റെ അളവ് 10 ppm-ൽ താഴെയായിരിക്കാൻ ശ്രദ്ധിക്കണം. ധാരാളം നൈട്രജൻ ബാക്റ്റീരിയകൾ വളരുന്ന സ്പോഞ്ച് ഫിൽറ്ററുകളാണു ഗപ്പി ടാങ്കുകൾക്ക് ഉത്തമം. 

കടപ്പാട് : http://2.bp.blogspot.com

Friday, September 27, 2013

മൃദുനയനങ്ങളെ എങ്ങനെ സംരക്ഷിക്കാം !

ബലൂൺ പോലെ വീർത്ത കണ്ണുകളുള്ള സ്വർണ്ണമത്സ്യയിനങ്ങളായ വിണ്മിഴികളേയും കുമിളക്കണ്ണന്മാരേയും അക്വേറിയത്തിൽ വളർത്തുമ്പോൾ അവയുടെ മൃദുനയനങ്ങളെ സംരക്ഷിക്കുന്നതിനായി ചില പ്രത്യേക കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം.
കടപ്പാട് :http://bbygurl.com
 1. വിണ്മിഴികളുടേയും കുമിളക്കണ്ണന്മാരുടേയും കണ്ണുകൾ വളരെ മൃദുവാണ്. വലിയ ബലൂൺ കണ്ണുകളാണുള്ളതെങ്കിലും, കാഴ്ചശക്തി താരതമ്യേന കുറവാണ് ഈ രണ്ടിനനങ്ങള്‍ക്കും. കണ്ണുകള്‍ക്ക് എളുപ്പം ക്ഷതമേൽക്കാവുന്നതിനാൽ കൂർത്ത കല്ലുകളും, മൂർച്ചയേറിയ അരികുകളുള്ള പ്ലാസ്റ്റിക് ചെടികളും, അലങ്കാരവസ്തുക്കളും അക്വേറിയത്തിൽ ഉപയോഗിക്കാതിരിക്കുക.

2. വിണ്മിഴികളേയും കുമിളക്കണ്ണന്‍മാരേയും വളർത്തുന്ന ടാങ്കില്‍ ബ്ലാക്ക് മൂർ, പാന്‍ഡാ മൂർ, റ്റെലസ്‌കൊപ്പ് ഐസ് തുടങ്ങിയ മത്സ്യങ്ങളെ മാത്രം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. മറ്റ് മത്സ്യങ്ങൾ ഇവയുടെ കണ്ണുകളെ അപകടപ്പെടുത്തുന്നത് തടയാനാണിത്. 

കടപ്പാട് : http://www.plantedtank.net
3. ജലഗുണമേന്മ കാത്തു സൂക്ഷിക്കുക. ടാങ്കിലെ ജലോഷ്മാവ് 18-19 ഡിഗ്രി, pH 6-8, ജലകാഠിന്യം 5-19 GH എന്നിവയായി നിലനിർത്തുക

4. പവർ ഫിൽറ്റർ നിന്നുള്ള ശക്തമായ ഒഴുക്ക് കണ്ണുകൾക്ക് ക്ഷതമേൽപ്പിക്കുമെന്നതിനാൽ അക്വേറിയത്തിൽ  സ്‌പോഞ്ച്ഫില്‍റ്ററുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

5. കുമിളക്കണ്ണുകളിലേൽക്കുന്ന ചെറിയ പോറലുകളിപ്പോലും ബാക്റ്റീരിയ, ഫംഗസ് എന്നിവ അണുബാധയുണ്ടാക്കാം. അതിനാൽ ടാങ്കിൽ നിന്നും കുമിളക്കണ്ണന്മാരെ വലകൊണ്ട് മാറ്റുമ്പോൾ താങ്ങ് നൽകുന്നത് കണ്ണുകൾക്ക് പരിക്കേൽക്കാതിരിക്കാൻ സഹായിക്കും.   
കടപ്പാട് : http://en.wikipedia.org
 6. ഈ രണ്ടിനം മത്സ്യങ്ങളും കുളത്തില്‍ വളര്‍ത്താന്‍ അനുയോജ്യരല്ല. 

വിണ്മിഴികളുടേയും കുമിളക്കണ്ണന്മാരുടേയും ആവിർഭാവത്തെക്കുറിച്ചും ഈയിനം സ്വർണ്ണമത്സ്യങ്ങളെ  വളർത്തേണ്ടതെങ്ങനെയെന്നും കൂടുതൽ അറിയാനായി മാതൃഭൂമി ഓൻലൈനിൽ പ്രസിദ്ധീകരിച്ച 'വിണ്മിഴികളും കുമിളക്കണ്ണന്മാരും' എന്ന ലേഖനം വായിക്കൂ. ഈ ലേഖനത്തിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ. 



Tuesday, July 30, 2013

സ്വർണ്ണമത്സ്യങ്ങളിലെ മൂറുകൾ!

ബ്ലാക്ക് മൂർ - ബലൂണ്‍കണ്ണന്മാരായ സ്വർണ്ണമത്സ്യങ്ങളിൽ പ്രസിദ്ധരാണ് ബ്ലാക്ക് മൂർ അഥവാ കരിങ്കുമിളക്കണ്ണന്മാർ.
കടപ്പാട് : bluegrassaquatics.com

കുറോ ഡെമക്കിന്‍ എന്നു ജപ്പാനിലും, ഡ്രാഗണ്‍ ഐ എന്ന് ചൈനയിലും അറിയപ്പെടുന്ന ബ്ലാക്ക് മൂറുകള്‍ക്ക് കറുത്ത മെറ്റാലിക് നിറത്തിലുള്ള, വെല്‍വറ്റു പോലെ തിളങ്ങുന്ന ചെതുമ്പലുകളാണുള്ളത്. മറ്റു സ്വര്‍ണ്ണമത്സ്യങ്ങളെ അപേക്ഷിച്ച് പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് കൂടുതലായാതിനാൽ തുടക്കക്കാര്‍ക്കും ബ്ലാക്ക് മൂറുകളെ വളർത്താവുന്നതാണ്.

വൈറ്റ് മൂർ - കറുപ്പിന് പകരം വെളുത്ത നിറത്തിലുള്ള മത്സ്യങ്ങളാണ് വൈറ്റ് മൂറുകള്‍ അഥവാ വെണ്‍കുമിളക്കണ്ണന്മാര്‍.

 
കടപ്പാട് : fishgeekspool on flickr
പാന്‍ഡ മൂർ - കറുപ്പും വെളുപ്പും കലര്‍ന്ന നിറമുള്ളവയാണിവ

കടപ്പാട് : Humanfeather / Michelle Jo on wikimedia commons
ബട്ടർഫ്ലൈ മൂർ - ഞൊറിവാലന്മാരും, റിബണ്‍ പോലെയോ പൂമ്പാറ്റകള്‍ പോലെയോ ഒക്കെ വാലുകളുള്ള സുന്ദരന്മാരും എല്ലാമുണ്ട് ബ്ലാക്ക് മൂറുകളില്‍.

കടപ്പാട് : www.aquarticles.com

 കാലികോ മൂർ ആണു താഴെ ചിത്രത്തിൽ !
കടപ്പാട് : www.pbase.com
ബലൂണ്‍കണ്ണന്മാരായ ഈ മൂറുകളെ പറ്റി കൂടുതൽ അറിയാനായി മാതൃഭൂമി ഓണ്‍ലൈനിൽ പ്രസിദ്ധീീകരിച്ച 'കറുപ്പിന്റെ സൗന്ദര്യം ബ്ലാക്ക് മൂര്‍' എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.