Wednesday, December 19, 2012

ഒരു സന്തുലിത അക്വേറിയമാണോ നിങ്ങളുടേത് ?


അക്വേറിയം തുടക്കക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് നൈട്രജന്‍ ചംക്രമണത്തിലെ അസന്തുലിതാവസ്ഥ.

കടപ്പാട് : http://www.aquariumdesigngroup.com
അക്വേറിയത്തില്‍ വിഷലിപ്തമായ നൈട്രജന്‍ സംയുക്തങ്ങള്‍ ഉണ്ടാകുന്നത് മത്സ്യങ്ങളുടെയും മറ്റു ജീവികളുടെയും വിസര്‍ജ്ജ്യം, അവശേഷിക്കുന്ന മത്സ്യത്തീറ്റ, സസ്യഭാഗങ്ങള്‍ തുടങ്ങിയവ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനഫലമായി ജീര്‍ണ്ണിച്ചത്തിനു ശേഷമാണ്. അക്വേറിയത്തിലെ ജൈവാവഷിഷ്ടങ്ങള്‍ ജീര്‍ണ്ണിക്കുമ്പോള്‍ ആദ്യമുണ്ടാകുന്ന അമോണിയ പിന്നീട് നൈട്രൈറ്റ്, നൈട്രേറ്റ് തുടങ്ങിയ വിഷപദാര്‍ത്ഥങ്ങളാകുന്നു. സ്വതന്ത്ര അമോണിയ കുറഞ്ഞ അളവില്‍ തന്നെ മത്സ്യങ്ങള്‍ക്ക് ഹാനികരമാണ്. അതുപോലെ തന്നെ നൈട്രൈറ്റും.

കടപ്പാട് : http://www.johanpaul.com

ഒരു സുസ്ഥിര അക്വേറിയത്തില്‍ നൈട്രജന്‍ പദാര്‍ത്ഥങ്ങള്‍ അത്ര പ്രശ്നക്കാരനല്ലാത്ത നൈട്രേറ്റ് ആയി രൂപാന്തരപ്പെടുകയും അവ സസ്യങ്ങള്‍ വലിച്ചെടുക്കുകയോ, സ്വതന്ത്ര നൈട്രജനായി അന്തരീക്ഷത്തിലേക്ക് അപ്രത്യക്ഷമാകുകയോ ചെയ്യുന്നു.

ഒരു ശാസ്ത്രജ്ഞനല്ലെങ്കില്‍ പോലും നൈട്രജന്‍ ചംക്രമണത്തെ കുറിച്ചു നന്നായി മനസ്സിലാക്കേണ്ടത് ഏതൊരു അക്വേറിയം ഹോബിയിസ്റ്റിന്റെയും കടമയാണ്‌. നൈട്രജന്‍ ചംക്രമണത്തെ കൂടുതല്‍ അറിയാനായി മാതൃഭൂമി ഒണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം വായിക്കൂ. ഇതിന്റെ pdf രൂപത്തിനായി  ഇവിടെ ക്ലിക്ക് ചെയ്യൂ.



Wednesday, November 14, 2012

സ്വര്‍ണ്ണമത്സ്യം വളര്‍ത്തല്‍ ഒറ്റനോട്ടത്തില്‍ !


സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്താന്‍ ഏതൊരു അക്വേറിയം ഹോബിയിസ്റ്റിനും താത്പര്യം കാണും. എന്നാല്‍ ഈ മത്സ്യങ്ങള്‍ക്ക് വളരെയധികം പരിചരണം ആവശ്യമാണ് . സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍ ചുവടെ. 

കടപ്പാട്: http://austinponddoctor.com
ജലതാപനില : 20 മുതൽ 22 ഡിഗ്രി സെൽഷ്യസ്

pH: 7-8

ജലത്തിന്റെ കാഠിന്യം (GH): 10-16

പൂർണ്ണവളർച്ചയെത്തിയ മത്സ്യങ്ങളുടെ വലിപ്പം: ഇനത്തിനനുസരിച്ച് 40 സെ. മീ. വരെ

അക്വേറിയത്തിന്റെ വലിപ്പം: പെരുവിരലിന്റെ വലിപ്പമുള്ള രണ്ടു സ്വർണ്ണമത്സ്യങ്ങൾക്ക് കുറഞ്ഞതു 30 ലിറ്റർ, ഓരോ ഇഞ്ചു നീളം കൂടും തോറും 4-5 ലിറ്റർ അധികം

ഒരുമിച്ചിടാവുന്ന മറ്റു മത്സ്യങ്ങൾ: ചടുലമായി നീന്തുന്ന ഇനങ്ങളോടൊപ്പം മാത്രം സീബ്ര മത്സ്യങ്ങൾ, നിയോൺ ടെട്രകൾ, കോറിഡോറസുകൾ

ആഹാരക്രമം: ഉണങ്ങിയ മത്സ്യത്തീറ്റ, ജീവനുള്ള മത്സ്യത്തീറ്റകൾ, വേവിച്ച് തൊലി കളഞ്ഞ പട്ടാണിപയർ

ആയുർദൈർഘ്യം: 10-15 വർഷങ്ങൾ (അപൂർവ്വമായി 20 വർഷങ്ങൾ വരെ)

അടിത്തട്ടിലെ മാധ്യമം: ചരൽ

അക്വേറിയത്തിലെ അലങ്കാര വസ്തുക്കൾ: ഗുണമേന്മയുള്ള നിറം പോകാത്ത കൂർത്ത വശങ്ങളില്ലാത്ത വസ്തുക്കൾ, ഡ്രിഫ്റ്റ് വുഡുകൾ, പാറക്കല്ലുകൾ

മറ്റു നിർദ്ദേശങ്ങൾ: യഥാസമയമുള്ള അക്വേറിയം പരിപാലനം പ്രധാനം, തുടക്കക്കാർ ധാരാളം വിവരങ്ങൾ ശേഖരിച്ചതിനു ശേഷം മാത്രം വളർത്താൻ തുടങ്ങുക

കടപ്പാട്: http://austinponddoctor.com
 
സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അവയുടെ ഭക്ഷണ ക്രമം, മുറിയില്‍ അക്വേറിയത്തിന്‍റെ സ്ഥാനം, എന്നിങ്ങനെ സ്വര്‍ണ്ണമത്സ്യ അക്വേറിയം എങ്ങനെ വിജയകരമായി സ്ഥാപിക്കാം എന്നതിനെ കുറിച്ച് കൂടുതലായറിയാന്‍ മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍' എന്ന ലേഖനം വായിക്കൂ. ഇതിന്‍റെ പിഡിഎഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.






Saturday, October 6, 2012

നിങ്ങൾ പുതുതായി അക്വേറിയം തുടങ്ങിയോ? ശ്രദ്ധിക്കൂ....

വര്‍ണ്ണമത്സ്യം വളര്‍ത്തലില്‍ താത്പര്യമുള്ള രണ്ടു സുഹൃത്തുക്കളെ ഈയിടെ അക്വേറിയം സെറ്റ് ചെയ്യാന്‍ സഹായിച്ചിരുന്നു. അവര്‍ കബൊംബ, വാലിസ്നേറിയ തുടങ്ങിയ ചെടികളേയും, ഗപ്പി, സ്വോര്‍ഡ് ടെയില്‍ എന്നി മത്സ്യങ്ങളേയും ആണ് തെരഞ്ഞെടുത്തത്. അത്യുത്സാഹത്തോടെ ഹോബി തുടങ്ങിയ ആ ദമ്പതികള്‍.....രണ്ടാഴ്ച കഴിഞ്ഞതെയുള്ളൂ, പുതിയ അക്വേറിയത്തിലെ ചില പ്രശ്നങ്ങള്‍ അവതരിപ്പിച്ചു.   

മത്സ്യങ്ങള്‍ പലപ്പോഴും ജലനിരപ്പിനു തൊട്ടു താഴെ ഉദാസീനരായി നീന്തല്‍ മറന്നത് പോലെ നില്‍ക്കുന്നതായും, അവ ടാങ്കിലുള്ള വസ്തുക്കളിലെ കൂര്‍ത്ത വശങ്ങളില്‍ ദേഹം ഉരസുന്നതായും ശ്രദ്ധയില്‍പ്പെട്ടു. തുടക്കത്തില്‍ ഒരു മത്സ്യത്തിലായിരുന്നു ഇത് കണ്ടെതെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാ മത്സ്യങ്ങളും ഈ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. ആദ്യം ഇക്ക് (Ichthyophthirius multifiliis) മുതലായ പരാദങ്ങള്‍ ആണെന്നാണ്‌ സംശയിച്ചത്. പക്ഷെ വിശദാംശങ്ങള്‍ ചോദിച്ചപ്പോഴാണ് മനസ്സിലായത് അവര്‍ പുതുതായി വീണ്ടും മത്സ്യങ്ങളെ ടാങ്കില്‍ നിക്ഷേപിച്ചു എന്ന്. അക്വേറിയം സെറ്റ് ചെയ്തിട്ട് രണ്ടാഴ്ച പോലും ആയിട്ടില്ലായിരുന്നു.


പുതുതായി അക്വേറിയം തുടങ്ങുമ്പോള്‍ ടാങ്കിലെ നൈട്രജന്‍ ചംക്രമണം സുസ്ഥിരമാകാന്‍ നാല് മുതല്‍ എട്ടു ആഴ്ചയെങ്കിലും വേണം. ഇനി അഥവാ സുസ്ഥിരമായ ഒരു അക്വേറിയം ആണെങ്കില്‍ കൂടി പുതുതായി മത്സ്യങ്ങളെ നിക്ഷേപിക്കുമ്പോള്‍ ടാങ്കിലെ നൈട്രജന്‍ ചംക്രമണത്തിനു താളം തെറ്റാനിടയുണ്ട്. ഇവരുടെ പ്രശ്നം അക്വേറിയം സ്ഥാപിച്ച് അത് സുസ്ഥിരമാകുന്നതിനു മുന്‍പ് തന്നെ കൂടുതല്‍ മത്സ്യങ്ങളെ നിക്ഷേപിച്ചു എന്നതാണ്.

അക്വേറിയത്തിലെ ജൈവ ചംക്രമണത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഈ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം. അക്വേറിയം ഹോബിയില്‍ പരാജയപ്പെടാതിരിക്കാന്‍  നൈട്രജന്‍ ചംക്രമണത്തെ കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.

എന്താണ് അക്വേറിയത്തിലെ നൈട്രജന്‍ ചംക്രമണം, സുസ്ഥിരമാല്ലാത്ത ഒരു അക്വേറിയത്തില്‍ കാണാവുന്ന പ്രശ്നങ്ങള്‍ ഇവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'അക്വേറിയത്തിലെ നൈട്രജന്‍ ചംക്രമണം' എന്നാ ലേഖനം വായിക്കൂ. ഈ ലേഖനത്തിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Saturday, September 1, 2012

അക്വേറിയത്തില്‍ ഏറ്റവും എളുപ്പം വളര്‍ത്താവുന്ന ജലസസ്യം


അക്വേറിയത്തില്‍ മത്സ്യങ്ങളോടൊപ്പം ജലസസ്യങ്ങള്‍ വളര്‍ത്തി വര്‍ണ്ണഭംഗി കൂട്ടാന്‍ എല്ലാ അക്വേറിയം ഹോബിയിസ്റ്റുകളും  താത്പര്യപ്പെടും. ടാങ്കിന്റെ പുറകിലായി വച്ച് പിടിപ്പിച്ച് അക്വേറിയത്തിന്റെ പച്ചപ്പ്‌ കൂട്ടാന്‍ പറ്റിയ ചെടികളിലൊന്നാണ്  വാലിസ്നേറിയകള്‍. ഇവയെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍ ചുവടെ.
കടപ്പാട് : http://www.shrimpnow.com


പ്രകാശ തീവ്രത : 0.5-2.5 വാട്ട്സ് ഒരു ഗാലണ് എന്ന തോതിൽ

ജലതാപനില  : 25-30ഡിഗ്രി സെൽഷ്യസ്

pH :  6-7.5

ജലത്തിന്റെ കാഠിന്യം : 15 ഓ അതിലല്പം താഴെയോ

അക്വേറിയത്തിന്റെ വലിപ്പം : പ്രശ്നമല്ല

അക്വേറിയത്തിലെ സ്ഥാനം : പിൻഭാഗം

പ്രജനനം : മുഖ്യമായും വല്ലരികളിലൂടെ, വിത്തു വഴി

വളർച്ചയെ ത്വരിതപ്പെടുത്തുന്ന പോഷകങ്ങൾ : പ്രത്യേകിച്ച് നിർബന്ധങ്ങളൊന്നുമില്ല

മറ്റു ചെടികൾക്കെതിരെയുള്ള രാസകങ്ങൾ : ഫീനോളിക് സംയുക്തങ്ങളും ആൽക്കലോയിഡുകളും

വേരുകൾ : ഭൂകാണ്ടത്തിൽ നിന്നും വെളുത്തു നാരുകൾ പോലെ

ഇലകളുടെ നിറം : പച്ച

ഇലകളുടെ സ്ഥാനം, ആകൃതി : ഭൂകാണ്ഡത്തിനു തൊട്ടു മുകളിൽ നിന്നു നാടകൾപോലെ

പൂക്കൾ : ഭൂകാണ്ഡത്തൊടു ചേർന്നുണ്ടാകുന്ന ആൺപൂക്കൾ, സ്പ്രിംഗ് പോലെയുള്ള തണ്ടുകളിൽ കാണുന്ന പെൺപൂക്കൾ

കാർബൺ ഡൈ ഓക്സൈഡ് : വേണമെന്നില്ല

വെള്ളത്തിനു പുറത്ത് വളർത്താമോ? : ഇല്ല, പൂർണ്ണമായും മുങ്ങിക്കിടന്ന് വളരുന്ന ചെടി

മറ്റ് നിർദ്ദേശങ്ങൾ : തുടക്കക്കാർക്ക് വളരെ യോജിച്ചത്


വാലിസ്നേറിയ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി അറിയാന്‍ മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'വാലിസ്നേറിയ  എന്ന ആരൽപ്പുല്ല് ' എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

Sunday, August 19, 2012

ഒരു വാലിസ്നേറിയ പ്രശ്നം

മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'വാലിസ്നേറിയ എന്ന ആരൽപുല്ല് ' വായിച്ച ഒരു അക്വേറിയം ഹോബിയിസ്റ്റിന്റെ സംശയങ്ങളും അതിനു ലേഖകന്‍ നല്‍കിയ മറുപടികളും, അക്വേറിയം ഹോബി ഇഷ്ടപ്പെടുന്നവര്‍ക്കായി ഇവിടെ ചേര്‍ക്കുന്നു. (മാതൃഭൂമിയിലെ ലേഖനത്തിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.)

കടപ്പാട് : Aquascaping-blog.com

Sanjeev1asv:
ഇവിടെ എനിക്ക് വാലിസ്നേറിയയെ കുറിച്ച് വിശദമായി അറിയാന്‍ സാധിച്ചു. ഞാന്‍ എന്റെ വീട്ടിലുള്ള അക്വേറിയത്തിലും ഈ ചെടി നട്ടിടുണ്ട്. ആദ്യം അത് നല്ലതുപോലെ വളര്‍ന്നു. ഇപ്പൊൾ അത് വെള്ളത്തിന്റെ മുകളില്‍ പാറി കിടക്കുന്നുണ്ട്. എന്നാല്‍ അതില്‍ പുതിയ ഒരു തൈ വരുകയോ, ഉള്ള ചെടിയില്‍ നിന്നും പുതിയ ഇലകള്‍ വരുകയോ ചെയ്യുന്നില്ല. അക്വേറിയത്തിൽ ഞാന്‍ 2 ട്യൂബ് ലൈറ്റ് ആണ് കൊടുത്തിരിക്കുന്നത്‌. എന്നിട്ടും ചെടിയുടെ വളർച്ച മുന്നോട്ടില്ല. എന്താണ് ഇതിനു കാരണം?

VarnaMalsyangal :
ഇനി ചോദിക്കുന്ന വിവരങ്ങള്‍ തരാമോ?
- അക്വേറിയത്തിന്റെ വലിപ്പം, ട്യൂബ് ലൈറ്റുകള്‍ എത്ര വാട്ട്സിന്റെ, എത്ര എണ്ണം? ഏതൊക്കെ മത്സ്യങ്ങള്‍, എത്രയെണ്ണം ഉണ്ട്?
- അക്വേറിയം സെറ്റ് ചെയ്തിട്ട് എത്ര കാലമായി ? എത്ര കാലം കൂടുമ്പോള്‍ വെള്ളം മാറ്റാറുണ്ട്?
- അക്വേറിയത്തിന്റെ അടിത്തട്ടില്‍ ഇട്ടിരിക്കുന്ന മാധ്യമം ഏതൊക്കെ? എവിടെ നിന്നാണ് അക്വേറിയം ആവശ്യങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നത്?
- വാലിസ്നേറിയ നട്ടതിനു ശേഷം ഒരിക്കലെങ്കിലും വല്ലരികള്‍ മുളക്കുന്നത്‌ കണ്ടിട്ടുണ്ടോ? നട്ട ചെടികളുടെ ഭൂകാണ്ഡം ചരലിനു / മണലിനു മീതെ കാണാമോ?

കടപ്പാട് : http://forum.aquatic-gardeners.org

Sanjeev1asv:
3 അടി നീളം, 1.5 അടി ഉയരം, 1 അടി വീതി. 2 ട്യൂബ് ലൈറ്റ് കൊടുത്തിട്ടുണ്ട്‌. എത്ര വാട്ട്സ് ആണ് എന്ന് കൃത്യമായി അറിഞ്ഞുകൂട. ഇപ്പോള്‍ അതില്‍ ഉള്ളത്  6 പ്ലാറ്റി മത്സ്യം, ഒരു ഷാർക്ക്, ഒരു ലോച് എന്നിവയാണ്. ഏതാണ്ട് ഒരു വര്‍ഷത്തോളം ആയി അക്വേറിയം സെറ്റ് ചെയ്തിട്ട്. സ്ഥിരമായി എല്ലാ ഞായറാഴ്ച്ചകളിലും ഞാന്‍ വെള്ളം മാറ്റാറുണ്ട് (അക്വേറിയത്തിന്റെ 25 % വെള്ളം). അക്വേറിയത്തില്‍ ഏറ്റവും അടിയിലായി മണ്ണ് ഇട്ടിടുണ്ട്. അതിന്റെ മുകളില്‍ സാധാരണ അക്വേറിയം ഗ്രാവലും ഉണ്ട്. ഇതില്‍ നിറക്കുന്നത് കുഴല്‍ കിണറില്‍ നിന്നും ഉള്ള വെള്ളമാണ്. ചില ചെടികളുടേ ഭൂകാണ്ഡം മുകളില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ആദ്യം വാലിസ്നേറിയ നട്ടതിനു ശേഷം കുറച്ചു കാലം വല്ലരികള്‍ മുളക്കുന്നത്‌ കണ്ടു. ഇപ്പോള്‍ ഇല്ല.


VarnaMalsyangal :
സെറ്റ് ചെയ്തു വളരെക്കാലമായി തുടരുന്ന താങ്കളുടെ അക്വേറിയത്തെ അങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ട് , എങ്ങനെ ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താം എന്നാണ് ഇനി പറയാന്‍ പോകുന്നത്.

എത്ര വാട്ട്സ് ആണ് ട്യൂബ് ലൈറ്റുകള്‍ എന്ന് താങ്കള്‍ക്കു കണ്ടുപിടിക്കാന്‍ കഴിയാതിരുന്നത് കാലപ്പഴക്കം കൊണ്ടാണ്. എങ്കിൽ അവ മാറ്റുവാന്‍ സമയമായി എന്നനുമാനിക്കാം. സാധാരണ ഗതിയില്‍ ട്യൂബ് ലൈറ്റുകള്‍ വര്‍ഷങ്ങളോളം ഫ്യൂസ് ആകാതെ ഇരിക്കും. പക്ഷെ അവ നല്‍കുന്ന വെളിച്ചത്തിന്റെ ഗുണമേന്മ കുറഞ്ഞു
കൊണ്ടിരിക്കുകയും ചെയ്യും. ഇത് നമുക്ക് നേരിട്ട് മനസ്സിലാക്കാനാകില്ല. മുറികള്‍ക്കും മറ്റും വെളിച്ചം കിട്ടാന്‍ ഈ ഗുണമേന്മ ഒരു പ്രശ്നമല്ലെങ്കിലും ഒരു അക്വേറിയത്തില്‍ കാലപ്പഴക്കം ചെന്ന ട്യൂബ് ലൈറ്റിന്റെ ഉപയോഗം ചെടികളുടെ വളര്‍ച്ചയെ ബാധിക്കും. ഓരോ ഒന്‍പതു-പത്തു മാസങ്ങള്‍ കൂടുമ്പോള്‍ ചെടികളുള്ള അക്വേറിയത്തിലെ ട്യൂബ് ലൈറ്റുകള്‍ മാറ്റുന്നത് നല്ലതാണ്. ഇവയെ വീട്ടിലെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. അതിനാല്‍ ആദ്യം അക്വേറിയത്തിലെ ട്യൂബ് ലൈറ്റുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുക. താങ്കളുടെ ടാങ്കിനു 18 വാട്ട്സ് വീതമുള്ള രണ്ടു കൂള്‍ വൈറ്റ് ട്യൂബ് ലൈറ്റുകള്‍ മതിയാകും. വാലിസ്നേറിയകള്‍ മാത്രമാണ് വളര്‍ത്തുന്നതെങ്കില്‍ ഫിലിപ്സിന്റെ TL-D Super 80 Linear fluorescent tube, 18W, G13, Cool white ഉപയോഗിക്കാം.

താങ്കള്‍ ഉപയോഗിക്കുന്നത് കുഴല്‍ കിണറിലെ വെള്ളം ആണല്ലോ. പലപ്പോഴും ഇത്തരം വെള്ളത്തില്‍ പല ധാതുക്കളും കൂടിയ അളവില്‍ ലയിച്ചു ചേര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. വെള്ളം പരിശോധിച്ച് നോക്കിയാലെ കൃത്യമായി പറയാനാകൂ. ഇതേ വെള്ളം താങ്കള്‍ മറ്റൊരു അക്വേറിയത്തില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിലെ
ചെടികളുടെ വളര്‍ച്ച നോക്കി വെള്ളത്തിന്റെ ഗുണം ഒരു പരിധിവരെ മനസ്സിലാക്കാം. പക്ഷെ എന്തായാലും ഇതിനു പകരം മറ്റൊരു സ്രോതസ്സ് പരീക്ഷിക്കുന്നത് നന്നായിരിക്കും. തുറന്ന കിണറിലെ വെള്ളം കിട്ടുകയാണെങ്കില്‍ അത് ഉപയോഗിച്ച് നോക്കാം. അല്ലെങ്കില്‍ ടാപ്പ് വെള്ളം ഒരു രാത്രി മുഴുവന്‍ പരന്ന പാത്രത്തില്‍ തുറന്നു വെച്ചു ഒരു എയ്റേറ്റര്‍ ഉപയോഗിച്ചു വായു കുമിളകള്‍ ഉണ്ടാക്കി ക്ലോറിന്‍ അംശങ്ങള്‍ പോയി എന്ന് ഉറപ്പു വരുത്തിയ ശേഷം ഉപയോഗിക്കാം. ആഴ്ചയില്‍ താങ്കള്‍ക്ക് ഉദ്ദേശം മുപ്പതു ലിറ്റര്‍ വെള്ളം മാത്രമേ ആവശ്യമായി വരൂ.

അക്വേറിയത്തിന്റെ അടിത്തട്ടില്‍ മണ്ണ് ഉള്ളതിനാല്‍ താങ്കള്‍ വെള്ളം മാറ്റുമ്പോള്‍ ചരല്‍ സൈഫണ്‍ ചെയ്തു വൃത്തിയാക്കാറില്ല എന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ ചരലിലെ കറുത്ത ചളിയില്‍ നിന്നും ധാരാളം നൈട്രേറ്റ്  ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. എപ്പോഴെങ്കിലും താങ്കള്‍ അക്വേറിയത്തിലെ നൈട്രേറ്റിന്റെ അളവ് പരിശോധിച്ചിട്ടുണ്ട് എങ്കില്‍ അവ കൂടുതലാണെന്ന് കാണാം. നൈട്രേറ്റിന്റെ കൂടിയ അളവ് മത്സ്യങ്ങളെയും ചെടികളെയും ബാധിക്കാറുണ്ട്. അതിനാല്‍ അടുത്ത തവണ വെള്ളം മാറ്റുമ്പോള്‍ ഒരു സൈഫണ്‍
ഉപയോഗിച്ച് അടിത്തട്ടിനു മുകള്‍ ഭാഗത്തെ ചരല്‍ വൃത്തിയാക്കാന്‍ ശ്രമിക്കുക. ഇത് ചെയ്യുന്നതിന് ഒരു മാസം മുന്‍പെങ്കിലും ഒരു നല്ല പവര്‍ ഹെഡ് ഉള്ള സ്പോഞ്ച് ഫില്‍റ്റര്‍ വാങ്ങി അക്വേറിയത്തില്‍ സ്ഥാപിക്കുക. സൈഫൺ, ചരലില്‍ കൂടുതല്‍ ആഴത്തിലേക്ക് കൊണ്ടുപോയാല്‍ അടിയിലെ മണ്ണ് പൊങ്ങി വന്നു അക്വേറിയം വൃത്തികേടാകും എന്നതിനാല്‍ വളരെ സൂക്ഷിച്ചു വേണം സൈഫണ്‍ ഉപയോഗിക്കാന്‍. ഈ സമയം മത്സ്യങ്ങളെ മറ്റൊരു അക്വേറിയത്തിലേക്കോ പ്ലാസ്റ്റിക് ബക്കറ്റിലേക്കോ മാറ്റുന്നത് നന്നായിരിക്കും. മേല്‍ഭാഗത്തെ
ചരല്‍ വൃത്തിയാക്കിയ ശേഷം പുതിയ വെള്ളം നിറച്ച് ഒരു ദിവസത്തിന് ശേഷം മത്സ്യങ്ങളെ ഇടാം.

ടാങ്ക് വൃത്തിയാക്കി ഒരാഴ്ച കഴിഞ്ഞ് വാലിസ്നേറിയകളെ എല്ലാം ശ്രദ്ധയോടെ പിഴുതെടുക്കുക. അവയിലെ പഴകി ദ്രവിച്ച ഇലകള്‍ നീക്കം ചെയ്ത ശേഷം, ഒന്നൊന്നായി ഭൂകാണ്ടം ചരലിനു മുകളില്‍ വരത്തക്ക വിധം നടുക. വെള്ളം
കലങ്ങുകയാണ് എങ്കില്‍ 50 ശതമാനം വെള്ളം മാറ്റി പുതിയ വെള്ളം ഒഴിച്ച് കൊടുക്കുക. ഒരു മാസത്തിനു ശേഷം വീണ്ടും നൈട്രേറ്റ് പരിശോധിച്ച് അധികമെന്ന് കണ്ടാൽ, വാലിസ്നേറിയകളെ പിഴുതു മാറ്റാതെ, ചരല്‍ വൃത്തിയാക്കല്‍ ആവര്‍ത്തിക്കുക. ഇത്രയും ചെയ്യുകയാണെങ്കില്‍ വാലിസ്നേറിയ താങ്കളുടെ അക്വേറിയത്തില്‍ തഴച്ചു വളരും.

കടപ്പാട് : http://www.myfishforum.com

Monday, July 23, 2012

നാടപ്പുല്ലും ആരല്‍ മത്സ്യങ്ങളും !

കുട്ടിക്കാലത്ത് അക്വേറിയം കടകളില്‍ നിന്ന് വാലിസ്നേറിയകള്‍ വാങ്ങി അക്വേറിയത്തില്‍ നട്ടു വളര്‍ത്താന്‍ തുടങ്ങിയതിനു ശേഷമാണ് കല്ലേപ്പുള്ളിയിലെ കനാലുകളില്‍ കാണുന്ന ആരല്പുല്ല്, ഇതേ ചെടി തന്നെയാണെന്ന് മനസ്സിലായത്‌ . വേനല്‍ക്കാലത്ത് കനാലുകളിലെ വെള്ളം കുറയുമ്പോള്‍ മാത്രമാണ് , ഒഴുക്കിനനുസരിച്ച് ഇളകിയാടുന്ന ഈ സുന്ദരന്‍ ചെടികള്‍ ശ്രദ്ധയില്‍പ്പെടുക!

കടപ്പാട് : http://www.aecos.com

കേരളത്തിലെ ജലാശയങ്ങളിൽ പൊതുവെ കാണപ്പെടുന്ന ഇവ, പലപ്പോഴും ആരൽപുല്ല്, നാടപ്പുല്ല്, കനാൽചണ്ടി എന്നിങ്ങനെയുള്ള പ്രാദേശിക പേരുകളിലും അറിയപ്പെടുന്നു. ഇതിനു രസകരമായ പല കാരണങ്ങളും ഉണ്ട്. വാലിസ്നേറിയകളില്‍  നീണ്ട നാടകള്‍ പോലെയുള്ള ഇലകള്‍ ഉള്ളതിനാലാകാം, ഈ ചെടിക്ക്  നാടപുല്ല് എന്ന പേര്‍ വീണത്‌. ആരല്‍ മത്സ്യങ്ങളോട് ഇവക്കുള്ള സാമ്യം കാരണം ഇവയ്ക്ക് ആരല്‍പുല്ല് എന്ന പേരും കിട്ടി. പേരിനെ അന്വര്‍ത്ഥമാക്കും വിധം ധാരാളം ആരല്‍ മത്സ്യങ്ങളും ഇവക്കിടയില്‍ താമസമാക്കാറുണ്ട്.  ഈ ടയര്‍ ട്രാക്ക് ആരല്‍ മത്സ്യങ്ങളെ പിടിക്കാനെത്തുന്ന മീന്‍പിടുത്തക്കാരുടെ ഭാഷയില്‍, വെള്ളത്തിനടിയില്‍ കുറ്റിക്കാടുകള്‍ പോലെ വളരുന്ന ചെടികള്‍ 'കനാല്‍ചണ്ടി'യും ആയി!

കടപ്പാട് : http://album-ek.narod.ru
ഉഷ്ണ-സമശീതോഷ്ണ മേഖലകളില്‍ സുലഭമായ ഈ ജലസസ്യം പക്ഷികള്‍ക്കും മറ്റു ജല ജീവികള്‍ക്കും  വാസസ്ഥലവും ഭക്ഷണവും പ്രദാനം ചെയ്യുന്നുണ്ട്. ക്യാന്‍വാസ് -ബാക്ക് താറാവുകള്‍ അഥവാ എയ്തിയ വാലിസ്നേരിയെ  എന്നറിയപ്പെടുന്ന ദേശാടന പക്ഷികള്‍ക്ക് ആ ശാസ്ത്രീയ നാമം ലഭിച്ചത് തന്നെ, അവ  വാലിസ്നേറിയകളെ ഭക്ഷണമാക്കുന്നതുകൊണ്ടാണ്. അങ്ങനെ പ്രകൃതിയിലെ ഭക്ഷ്യശൃംഖലയുടെ  ഒരു ഭാഗം കൂടിയാണ് വാലിസ്നേറിയ.

കടപ്പാട് : http://chinocreekwetlandsandeducationalpark.blogspot.de
കബൊംബ ചെടികളില്‍ നിന്നും വ്യത്യസ്തമായി വാലിസ്നേറിയകളെ ഒരു കളയായി പറഞ്ഞു കേള്‍ക്കാറില്ല. മാത്രമല്ല, വാലിസ്നേറിയകള്‍ നിബിഡമായി വളര്‍ന്ന്  ജലാശയങ്ങളിലെ അടിമണ്ണൊലിപ്പ് തടഞ്ഞു ജാലാവാസ വ്യവസ്ഥയെ ക്രമീകരിക്കുന്നതിനാല്‍, പ്രകൃതി സംരക്ഷണത്തിലും ഒരു പങ്കു വഹിക്കുന്നുണ്ട്

കടപ്പാട് : http://moje-akvarium.net
ആന്റോണിയോ വാലിസ്നേറി എന്ന പ്രകൃതിസ്നേഹിയുടെ പേരില്‍ അറിയപ്പെടുന്ന വാലിസ്നേറിയ ചെടികള്‍ അക്വേറിയം ഹോബിയിസ്റ്റുകള്‍ക്ക് സുപരിചിതമാണ്. വാലിസ്നേറിയയെ അക്വേറിയത്തില്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും അവയുടെ പ്രജനനത്തെയും കുറിച്ചും കൂടുതല്‍ അറിയാന്‍  മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'വാലിസ്നേറിയ എന്ന ആരല്‍പുല്ല്' വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

അക്വേറിയത്തില്‍ വളര്‍ത്തിയിരിക്കുന്ന വാലിസ്നേറിയകളെ ഈ വീഡിയോയില്‍ കാണാം.


 


Saturday, June 2, 2012

സ്വര്‍ണ്ണമത്സ്യങ്ങള്‍ ഉണ്ടായതെങ്ങനെ ?


സ്വര്‍ണ്ണമത്സ്യങ്ങള്‍ ഉണ്ടായതെങ്ങനെയെന്നു എത്രപേര്‍ക്ക് അറിയാം?

അക്വേറിയം ഹോബിയിലുള്ള ഏതൊരാളും എപ്പോഴെങ്കിലും സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തിക്കാണും. തുടക്കാരും മിക്കപ്പോഴും അക്വേറിയം കടയിലെത്തി ആദ്യം ചോദിക്കുന്നത് സ്വര്‍ണ്ണ മത്സ്യങ്ങളെയാണ്. സ്വര്‍ണ്ണ മത്സ്യങ്ങളെ വെല്ലുംവിധം പ്രശസ്തിയുള്ള വര്‍ണ്ണ മത്സ്യങ്ങള്‍ വേറെ ഇല്ലെന്നുതന്നെ പറയാം. 

കടപ്പാട് : http://animals.howstuffworks.com/

 സ്വര്‍ണ്ണവര്‍ണ്ണം മുതല്‍ ഓറഞ്ച്, മഞ്ഞ, ചെമപ്പ്, കറുപ്പ് എന്നി നിറങ്ങളില്‍ വരെയുമുള്ള സ്വര്‍ണ്ണമത്സ്യങ്ങള്‍ ഇന്ന് ലഭ്യമാണ്.  പക്ഷെ ഈ സുന്ദരന്‍ മത്സ്യങ്ങള്‍ പ്രകൃത്യാ കാണപ്പെടുന്നവയല്ല എന്നറിയുന്നവര്‍ ചുരുക്കം. പുരാതന ചൈനയില്‍ ഭക്ഷ്യാവശ്യത്തിനായി വളര്‍ത്തി വന്നിരുന്ന കാര്‍പ്പ് മത്സ്യങ്ങള്‍ക്ക് ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചാണ് സ്വര്‍ണ്ണമത്സ്യങ്ങള്‍ ഉണ്ടായത്.

സ്വര്‍ണ്ണനിറമുള്ള  ഒരു കാര്‍പ്പ് മത്സ്യത്തെ താഴെ കാണാം. ഈ മത്സ്യം സ്വര്‍ണ്ണമത്സ്യങ്ങളുടെ പൂര്‍വ്വികരായ പ്രഷ്യന്‍ കാര്‍പ്പ് ആണ്.
 
കടപ്പാട്  : http://en.wikipedia.org
ഒരു കൂട്ടം ജനിതകവ്യതിയാനങ്ങള്‍ തീന്‍മേശയില്‍ നിന്നും രക്ഷിച്ച പ്രഷ്യന്‍ കാര്‍പ്പുകളില്‍ നിന്നും നാം ഇന്ന് കാണുന്ന വിവിധ നിറങ്ങളിലും ആകൃതിയിലും ഉള്ള സ്വര്‍ണ്ണമത്സ്യങ്ങള്‍ എങ്ങനെയുണ്ടായി എന്നറിയാന്‍ കൌതുകം തോന്നുന്നില്ലേ?
 
സ്വര്‍ണ്ണമത്സ്യങ്ങളുടെ നൂറ്റാണ്ടുകളിലൂടെയുള്ള ചരിത്രത്തെക്കുറിച്ചു മാതൃഭുമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച, ''സ്വര്‍ണ്ണമത്സ്യങ്ങള്‍ സഹസ്രാബ്ദങ്ങളിലൂടെ'' എന്ന ലേഖനം വായിക്കൂ. ഈ ലേഖനത്തിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ. 


വിവിധയിനം സ്വര്‍ണ്ണ മത്സ്യങ്ങളെ ഈ വീഡിയോയില്‍ കാണൂ, ആസ്വദിക്കൂ. 


 



Wednesday, May 16, 2012

സഫലമീ അക്വേറിയം ഹോബി


അക്വേറിയം ഹോബി വിജയിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ  കുറിച്ചു മാതൃഭുമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'വര്‍ണ്ണമത്സ്യങ്ങള്‍ നിങ്ങളെ നിരാശപ്പെടുത്തുന്നുവോ?' എന്ന ലേഖനം വായിക്കൂ. ഈ ലേഖനത്തിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

തുടക്കക്കാരും അതുപോലെ തന്നെ പരിചയസമ്പന്നരായ അക്വേറിയം ഹോബിയിസ്റ്റുകളും ശ്രദ്ധ കൊടുക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം .

1. അക്വേറിയം പരിപാലനത്തെക്കുറിച്ചുള്ള ഒരു അടിസ്ഥാന പുസ്തകമെങ്കിലും വായിക്കാന്‍ ശ്രമിക്കുക

കടപ്പാട് : http://www.booksamillion.com
2. ഇന്റര്‍നെറ്റില്‍ അലങ്കാര മത്സ്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ തരുന്ന ധാരാളം വെബ്‌സൈറ്റുകളും ഫോറങ്ങളുമുണ്ട്

3. പരിചയക്കാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അക്വേറിയമുണ്ടെങ്കില്‍ അവരുടെ വീടുകളില്‍ സ്ഥാപിച്ച ടാങ്കുകള്‍ കാണുകയും, അവരുടെ അനുഭവങ്ങളില്‍ നിന്നു കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക

കടപ്പാട് : http://pathwaysaustin.org/
4. അക്വേറിയത്തിന്റെ വലിപ്പത്തിനനുസരിച്ച് മത്സ്യങ്ങളുടെ എണ്ണം തീരുമാനിക്കുക

5. ആരോഗ്യമുള്ള മത്സ്യങ്ങളെ തെരഞ്ഞെടുക്കുക

കടപ്പാട് :  http://arofanatics.com
6. കൃത്യസമയത്ത് മിതമായ തോതില്‍ ഭക്ഷണം നല്‍കു. ആഫ്രിക്കന്‍ സിക്ലിഡുകള്‍ക്ക്  ഭക്ഷണം കൊടുക്കുന്ന ഈ വീഡിയോ കാണൂ


7. അക്വേറിയത്തിനു വേണ്ട ശുദ്ധജലം യഥേഷ്ടം ലഭിക്കുമെന്ന് ആദ്യം തന്നെ ഉറപ്പുവരുത്തുക

8. കാലാകാലങ്ങളില്‍ അക്വേറിയത്തിലെ അഴുക്കു നീക്കം ചെയ്തു വെള്ളത്തിന്റെ ഗുണമേന്മ നിലനിര്‍ത്തുക 

9. അത്യാവശ്യം വേണ്ട മരുന്നുകള്‍, വാട്ടര്‍ സ്റ്റബിലൈസേര്‍സ് (വെള്ളത്തിന്റെ ഗുണമേന്മ നിലനിര്‍ത്താന്‍), ടാപ്പ് വെള്ളത്തിലെ ക്ലോറിന്‍ നിര്‍വീര്യമാക്കുന്ന സംയുക്തങ്ങള്‍ എന്നിവ കരുതുക

10. ആദ്യമായി അക്വേറിയം തുടങ്ങുന്നവര്‍, ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ ഒരു ഡയറിയില്‍ കുറിച്ചുവയ്ക്കുന്നത്, പിന്നീട് അവലോകനം നടത്തുവാനും, അങ്ങനെ അറിവു വര്‍ദ്ധിപ്പിക്കാനും സഹായിക്കും

11. പുതുതായി വാങ്ങുന്ന മത്സ്യങ്ങളെ രണ്ടാഴ്ചയെങ്കിലും ക്വാറന്റൈന്‍ ടാങ്കിലിട്ട് ( രോഗ-കീട ബാധിത മത്സ്യങ്ങളെ നിരീക്ഷിക്കാനും ചികിത്സിക്കാനുമുള്ള പ്രത്യേകം അക്വേറിയം) നിരീക്ഷിച്ച്, അസുഖങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം, പ്രധാന ടാങ്കിലേക്കു മാറ്റുക

12. അക്വേറിയത്തിലെ പ്രധാന ഭാഗങ്ങളായ ഫില്‍റ്റര്‍, ഹീറ്റര്‍, എയര്‍ പമ്പ്, ലാമ്പ് തുടങ്ങിയവ, വിശ്വസിക്കാവുന്ന കമ്പനികളുടേതാണെന്ന് ഉറപ്പുവരുത്തു



Sunday, April 29, 2012

അക്വേറിയം ഹോബിയില്‍ നിങ്ങള്‍ പരാജിതരാണോ?

അക്വേറിയത്തിലെ നൈട്രജന്‍ ചംക്രമണം  കടപ്പാട് : http://www.americanaquariumproducts.com
 നൈട്രജന്‍ ചംക്രമണം എന്താണെന്നറിയാമോ? അക്വേറിയത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് പരമപ്രധാനമായ ഒന്നാണിത്. തുടക്കക്കാര്‍ പലപ്പോഴും ചെയ്യുന്ന അബദ്ധങ്ങളിലൊന്നു നൈട്രജന്‍ ചംക്രമണത്തെ അവഗണിക്കുന്നതാണ്.

വര്‍ണ്ണമത്സ്യങ്ങളുടെ ഭംഗിയില്‍ മതിമറന്നു അക്വേറിയം ധൃതിയില്‍ സ്വന്തമാക്കുന്ന തുടക്കക്കാര്‍ക്ക്, പലപ്പോഴും നിരാശയായിരിക്കും ഫലം. വിജ്ഞാനപ്രദമായ ഈ ഹോബി തുടക്കത്തിലേ ഉപേക്ഷിക്കാതെ ആനന്ദകരമായി നടത്തിക്കൊണ്ടു പോകുന്നതിനു സാങ്കേതിക പരിജ്ഞാനം അത്യന്താപേക്ഷിതമാണ്.



ആല്‍ഗകള്‍ നിറഞ്ഞ ഒരു അക്വേറിയം      കടപ്പാട്: http://3.bp.blogspot.com
 അസന്തുലിതമായ സാഹചര്യങ്ങളില്‍ അക്വേറിയത്തില്‍ ആല്‍ഗകള്‍ പെരുകുന്നു. മത്സ്യങ്ങള്‍, സസ്യങ്ങള്‍, തീറ്റ, പരിപാലനം എന്നിവ തമ്മിലുള്ള ബന്ധം മനസ്സിലാക്കാതെ ഹോബിയില്‍ ഏര്‍പ്പെടുന്ന പലര്‍ക്കും ആല്‍ഗകളുമായി യുദ്ധം തന്നെ ചെയ്യേണ്ടിവരും.


തുടക്കക്കാര്‍ക്ക് സാധാരണയായി അഭിമുഖീകരിക്കേണ്ടി വരുന്ന അപ്രതീക്ഷിത അക്വേറിയം പരാജയങ്ങളെ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളെ പറ്റി മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ''വര്‍ണ്ണ മത്സ്യങ്ങള്‍ നിങ്ങളെ നിരാശപ്പെടുത്തുന്നുവോ?'' എന്ന ലേഖനം വായിക്കൂ. ലേഖനത്തിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ. 

അക്വേറിയത്തിലെ ജലം മാറ്റുന്നതിനെയും മണല്‍ അല്ലെങ്കില്‍ ചരല്‍, കണ്ണാടിയുടെ പ്രതലം എന്നിവ വൃത്തിയാക്കുന്നതിനെയും പറ്റിയുള്ള വീഡിയോ കാണൂ.

Wednesday, March 21, 2012

ഏന്‍ഡ്ലെര്‍ വര്‍ണ്ണമത്സ്യങ്ങള്‍

http://www.seriouslyfish.com
തുടക്കക്കാര്‍ക്ക്  എളുപ്പത്തില്‍  വളര്‍ത്തി തുടങ്ങാവുന്ന വര്‍ണ്ണമത്സ്യങ്ങളാണ് എന്‍ഡ്ലെഴ്സ് ഗപ്പികള്‍. ഗപ്പി മത്സ്യങ്ങളോട് വളരെയധികം രൂപസാദൃശ്യം പുലര്‍ത്തുന്ന ഇവ പ്രസവിക്കുന്ന മത്സ്യങ്ങളാണ്. തിളങ്ങുന്ന മെറ്റാലിക്, ഫ്ലൂറസെന്റ്‌ പച്ച നിറത്തിലുള്ള പശ്ചാത്തലത്തില്‍ കറുപ്പ്, ഓറഞ്ച്, നീല വര്‍ണ്ണങ്ങളില്‍ ചിത്രപ്പണികളുള്ള എന്‍ഡ്ലെഴ്സ് മത്സ്യങ്ങളെ പറ്റി മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച, 'അലങ്കാര മത്സ്യങ്ങളില്‍ ഒരു എന്‍ഡ്ലെര്‍ സാന്നിദ്ധ്യം' എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി ഫ് രൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യൂ. 
http://media.photobucket.com

Saturday, February 25, 2012

അക്വേറിയം മത്സ്യങ്ങള്‍ ജൈവവൈവിധ്യത്തെ ബാധിക്കുമോ?

കടപ്പാട് : www.fishtanksandponds.co.uk
അക്വേറിയത്തില്‍ നാം മത്സ്യങ്ങളെ വളര്‍ത്തുന്നത് ജൈവ ആവാസ വ്യവസ്ഥയ്ക്ക്  തന്നെ എതിരാണോ? അലങ്കാര മത്സ്യങ്ങളുടെ അമിത ചൂഷണമാണോ മത്സ്യങ്ങളുടെ ജൈവ വൈവിധ്യത്തെ ബാധിക്കുന്നത്? അങ്ങനെയെങ്കില്‍ വര്‍ണ്ണമത്സ്യം വളര്‍ത്തല്‍ ധാര്‍മ്മികമാണോ? ആവാസവ്യവസ്ഥയ്ക്ക്  കോട്ടം വരാതെ ഹോബി തുടരാനാകുമോ? ഈ വിഷയത്തെക്കുറിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ മാതൃഭൂമി കാര്‍ഷികത്തിലെ ഈ ലേഖനം വായിക്കൂ. വര്‍ണ്ണമത്സ്യങ്ങള്‍ വളര്‍ത്തുന്നതിലെ ധാര്‍മ്മികതയെപ്പറ്റിയുള്ള ഈ ലേഖനത്തിന്റെ PDF രൂപം ഇവിടെ കാണൂ.
കടപ്പാട് : www.fishaquarist.com
അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നവര്‍ എപ്പോഴെങ്കിലും ഇത് ചിന്തിച്ചിരിക്കാം. തങ്ങള്‍ ചെയ്യുന്നത് ക്രൂരതയല്ലേ? മത്സ്യങ്ങളും ജീവികളല്ലേ? അവയുടെ സ്വാതന്ത്ര്യം നാം കവര്‍ന്നെടുക്കുകയല്ലേ? അതും നമ്മുടെ സ്വാര്‍ഥതയല്ലേ?
കടപ്പാട് : www.ubergizmo.com
അനിയന്ത്രിതമായി പിടിച്ചെടുക്കുന്നത് മത്സ്യങ്ങളുടെ ആവാസവ്യവസ്ഥകളെ തകര്‍ക്കില്ലേ?
കടപ്പാട് : thefishingblog.wordpress.com
വര്‍ണ്ണമത്സ്യങ്ങളെ കൃത്രിമപ്രജനനത്തിലൂടെ വളര്‍ത്തിയെടുക്കുന്നത് ഗുണകരമാണോ?
കടപ്പാട് : www.advancedaquarist.com
മത്സ്യങ്ങളുടെ ജൈവവൈവിധ്യത്തിനു ഭീഷണി അലങ്കാര മത്സ്യ വിപണി മാത്രമാണോ?
കടപ്പാട് : www.ccrnatacna.org
അലങ്കാര മത്സ്യങ്ങള്‍ മൂലം അല്ലെങ്കില്‍ കൃത്രിമപ്രജനനം മൂലം ഏതെങ്കിലും മത്സ്യത്തിന് അതിന്റെ ആവാസത്തില്‍ അഭിവൃദ്ധി ഉണ്ടായിട്ടുണ്ടോ?
കടപ്പാട് : nippyfish.net
മാതൃഭൂമി കാര്‍ഷികത്തിലെ വര്‍ണ്ണമത്സ്യങ്ങള്‍ വളര്‍ത്തുന്നതിലെ ധാര്‍മ്മികതയെപ്പറ്റിയുള്ള ഈ ലേഖനം വായിക്കൂ. ഇതിന്റെ PDF രൂപം ഇവിടെ കാണൂ.
കടപ്പാട് : www.allexperts.com
          അക്വേറിയം കടകള്‍ അലങ്കാരമത്സ്യങ്ങളോട്  ചെയ്യുന്ന ക്രൂരത കാണൂ.
 

വര്‍ണ്ണ മത്സ്യപരിപാലനത്തിലെ ധാര്‍മ്മികത

കടപ്പാട് : www.adfg.alaska.go
മാതൃഭൂമി കാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ച 'വര്‍ണ്ണ മത്സ്യപരിപാലനം ധാര്‍മ്മികമോ?' എന്ന ലേഖനം വായിക്കൂ. പി ഡി എഫ് രൂപം ഇവിടെ കാണൂ.

അക്വേറിയം ഹോബി തുടങ്ങാനാഗ്രഹിക്കുന്ന  പലരും പ്രകൃതിയുടെ ഭാഗമായ മത്സ്യങ്ങളെ കണ്ണാടിക്കൂടുകളില്‍ അടച്ചിട്ടു വളര്‍ത്തുന്നത് ശരിയാണോയെന്ന് ചിലപ്പോഴെങ്കിലും സംശയിച്ചിരിക്കാം.
കടപ്പാട് : www.petmd.com
ഇതിനനുകൂലമായും പ്രതികൂലമായും പലതരത്തിലുള്ള വാദപ്രതിവാദങ്ങള്‍ നിരത്താം. മത്സ്യങ്ങള്‍ പ്രകൃതിയില്‍ ഏറെ ദൂരം സഞ്ചരിക്കാറുള്ളത്  ഇര തേടാനും, പ്രജനനത്തിനും, ഇരപിടിയന്മാരില്‍ നിന്ന് രക്ഷനേടാനുമൊക്കെയാണ് .
കടപ്പാട് : www.fishkeepingonline.info
എന്നാല്‍ പ്രകൃതിദത്തമായ സാഹചര്യങ്ങളോട് കിടപിടിക്കുംവിധം മത്സ്യങ്ങളെ അക്വേറിയത്തില്‍ വളര്‍ത്തുന്നതില്‍ തെറ്റുണ്ടോ? കൂടുതലറിയാനായി മാതൃഭൂമി കാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ച 'വര്‍ണ്ണ മത്സ്യപരിപാലനം ധാര്‍മ്മികമോ?' എന്ന ലേഖനം വായിക്കൂ. പി ഡി എഫ് രൂപം ഇവിടെ കാണൂ.

Saturday, February 18, 2012

ചെമപ്പിനഴക്‌

കബൊംബയിനത്തിലെ അക്വേറിയം സസ്യങ്ങളില്‍  വളര്‍ത്താന്‍ ഏറ്റവും പ്രയാസമുള്ള ഇനമാണ്, ചെമപ്പ് മുതല്‍ പര്‍പ്പിള്‍ നിറത്തില്‍ വരെ പൂക്കളുള്ള കബൊംബ ഫര്‍കേറ്റ. ശാഖകള്‍ കുറഞ്ഞു മൃദുലമായ തണ്ടുകളോട് കൂടിയ ഈ ചെടികളെ വളക്കൂറുള്ള അടിത്തട്ടില്‍ ധാരാളം പ്രകാശം നല്‍കി വളര്‍ത്തണം. സൂക്ഷ്മ മൂലകങ്ങള്‍,  CO2 എന്നിവ ഫര്‍കേറ്റയുടെ നല്ല വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. അക്വേറിയങ്ങളില്‍ ചെമപ്പ് നിറം വിതറി വളര്‍ന്നു നില്‍ക്കുന്ന കബൊംബ ഫര്‍കേറ്റയുടെ വിവിധ മുഖങ്ങള്‍, ഈ ഫോട്ടോ ബ്ലോഗ്‌ പോസ്റ്റിലൂടെ അറിയൂ.

അനുഭവ സമ്പന്നരായ അക്വേറിയം ഹോബിയിസ്റ്റുകള്‍ക്ക് യോജിച്ച ഈ ചെടിയെ പറ്റി കൂടുതല്‍ അറിയാനായി മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച  ലേഖനം വായിക്കൂ. PDF രൂപം ഇവിടെ കാണൂ.
കടപ്പാട് : croa.com
കടപ്പാട്: aquamax.de
കടപ്പാട്: naturaquaristik-live.de
കനാലില്‍  വളര്‍ന്നു നില്‍ക്കുന്ന ഫര്‍കേറ്റ. കടപ്പാട്: Dig deep
ചെമപ്പിനഴക്‌. കടപ്പാട്: akv-home.ru

പച്ചയിലനാരുകളും മഞ്ഞപ്പൂക്കളും

കടപ്പാട് : aquabase.com
മഞ്ഞ കബൊംബ എന്നറിയപ്പെടുന്ന കബൊംബ  അക്വാട്ടിക്ക,  പലപ്പോഴും നമ്മുടെ അക്വേറിയം കടകളില്‍ വളരെ വിരളമായേ ലഭ്യമാകാറുള്ളൂ.  ഇനി അഥവാ കിട്ടുകയാണെങ്കില്‍ത്തന്നെ, ചെടികള്‍ വളരെ മോശമായ സ്ഥിതിയിലുമായിരിക്കും. പലപ്പോഴും  നിറം  മങ്ങി പാതി  അഴുകിയ  അവസ്ഥയില്‍,  കടകളില്‍ നിന്ന് വാങ്ങേണ്ടി വരുന്ന  ഇത്തരം ചെടികളെ, അക്വേറിയത്തിലേയ്ക്ക്  മാറ്റുന്നതിന് മുന്‍പ് പ്രത്യേകമായി വളര്‍ത്തിയെടുക്കേണ്ടാതായും വരും.  ഇത്തിരി ശ്രമപ്പെട്ടിട്ടാണെങ്കിലും വളര്‍ത്താന്‍ സര്‍വഥാ യോഗ്യനായ ഒരു അക്വേറിയം സസ്യമാണ് മഞ്ഞ കബൊംബ. കടും പച്ച നിറത്തില്‍ നാരുകള്‍ പോലെയുള്ള ഇലകളാണ് ഈ ചെടിയ്ക്കുള്ളത്. മഞ്ഞ കബൊംബയിലെ  ചിലയിനങ്ങളിലാകട്ടെ, മഞ്ഞ കലര്‍ന്ന പച്ച നിറത്തിലുള്ള ഇലകള്‍ കാണപ്പെടുന്നു. നന്നായി പരിപാലിക്കപ്പെടുന്ന ഒരു ടാങ്കില്‍, ചിലപ്പോള്‍ മഞ്ഞപ്പൂക്കള്‍ ഉത്പാദിപ്പിച്ചു ഹോബിയിസ്റ്റുകളെ സന്തോഷിപ്പിക്കാറുമുണ്ട് ഈ ചെടി! സസ്യാഹാരികളായ  മത്സ്യങ്ങളെ വളര്‍ത്തുന്ന ടാങ്കില്‍ കടിച്ചു മുറിക്കപ്പെടുന്നത്‌ മൂലം,  പലപ്പോഴും മഞ്ഞ കബൊംബ ശരിയായി വളരാറില്ല. അതുപോലെ തന്നെ ചിലയിനം ഒച്ചുകളും, ഇതിന്റെ ഇലകളെ ആഹരിക്കുന്നതായി  കണ്ടു വരുന്നു. ശക്തിയേറിയ ജലപ്രവാഹമുള്ള ഒരു ടാങ്കില്‍, മഞ്ഞ കബോംബ പലപ്പോഴും ശരിയായി വളരാന്‍ പ്രയാസമാണ്. പ്രത്യേകിച്ച്  വെളിച്ചത്തിന്റെ അഭാവവും കൂടിയായാല്‍, തണ്ടുകള്‍ മൃദുവാകുന്നതിനാല്‍ എളുപ്പം ഒടിഞ്ഞു പോരുകയും ചെയ്യും. പക്ഷെ മറ്റു ചെടികളോടോന്നിച്ചു നട്ടാല്‍, ഒരു പരിധി വരെ ഫില്‍റ്റെര്‍ ജലപ്രവാഹം മൂലമുള്ള തണ്ടൊടിയല്‍  ഒഴിവാക്കാം. വളര്‍ച്ചാസാഹചര്യങ്ങളില്‍ അല്പം നിഷ്കര്‍ഷത പുലര്‍ത്തുന്നതിനാല്‍, അനുഭവസമ്പന്നരായ ഹോബിയിസ്റ്റുകള്‍ക്കാണ് ഈ ചെടി വളര്‍ത്താന്‍ എളുപ്പം. എന്നാല്‍ അക്വേറിയത്തിലെ ജലതാപനില, വളക്കൂറുള്ള അടിത്തട്ട്, വെള്ളത്തിലെ ഇരുമ്പിന്റെ അളവ്, CO2 കൊടുക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു വെല്ലുവിളിയായി തുടക്കക്കാര്‍ക്കും മഞ്ഞ കബൊംബ വളര്‍ത്താവുന്നതാണ്.

കബൊംബ  അക്വാട്ടിക്കയുടെ പ്രത്യേകതകളെക്കുറിച്ചും, ഈ ചെടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ സാഹചര്യങ്ങളെപ്പറ്റിയും മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച  ലേഖനത്തില്‍ വായിക്കാം. PDF രൂപം ഇവിടെ ലഭിക്കും.

Thursday, February 16, 2012

മഞ്ഞയും ചെമപ്പും കബൊംബകളോ ?!

കബൊംബ അക്വാട്ടിക്ക. കടപ്പാട് : C. Gadd
കബൊംബയുടെ മറ്റ് രണ്ടു സ്പീഷീസുകളായ കബൊംബ അക്വാട്ടിക്ക, കബൊംബ ഫര്‍കേറ്റ എന്നിവ, താരതമ്യേന അനുഭവസമ്പന്നരായ അക്വേറിയം ഹോബിയിസ്റ്റുകള്‍ക്ക് വളരെ യോജിച്ചവയാണ്. ഇവയ്ക്കു പുറമേ, കബൊംബേസിയെ സസ്യകുടുംബത്തിലെ മറ്റ് സ്പീഷീസുകളെ തിരിച്ചറിയേണ്ടത് എങ്ങനെയെന്നും, അവയെ വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്നും പ്രതിപാദിക്കുന്ന ലേഖനം  'അക്വേറിയത്തിലെ വിശറിച്ചെടി - കബൊംബ  (രണ്ടാം ഭാഗം)' മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. ഇതിന്റെ PDF രൂപം ഇവിടെ ലഭിക്കും.

ഈ ലേഖനപരമ്പരയിലെ ആദ്യ ലേഖനം, 'അക്വേറിയത്തിലെ വിശറിച്ചെടി - കബൊംബ  (ഒന്നാം ഭാഗം)', തുടക്കക്കാര്‍ക്ക് യോജിച്ച പച്ച കബൊംബ അഥവാ കബൊംബ കരൊലിനിയാനയെ കുറിച്ചായിരുന്നു. വളരെ ഹാനികരമായ കളയായി മാറിക്കൊണ്ടിരിക്കുകയാണെങ്കിലും, കേരളത്തില്‍ എല്ലായിടത്തും സുലഭമായ ഒരു അക്വേറിയം സസ്യമാണ് പച്ച കബൊംബ.

അക്വേറിയത്തില്‍ നട്ട് പിടിപ്പിക്കാന്‍ പാകത്തില്‍, ചെറിയ പ്ലാസ്റ്റിക് പാത്രത്തില്‍ വളര്‍ത്തിയെടുത്ത കബൊംബ അക്വാട്ടിക്കയെ കാണൂ.

അക്വേറിയത്തില്‍ കബൊംബ വളര്‍ത്താന്‍ ചില പൊടിക്കൈകള്‍

അക്വേറിയത്തില്‍ വളര്‍ന്നു നില്‍ക്കുന്ന കബൊംബ കരൊലിനിയാന. കടപ്പാട്: ഫോട്ടോബക്കറ്റ്
അക്വേറിയത്തിന്റെ പച്ചപ്പ്‌ കൂട്ടുക മാത്രമല്ല, ഉയര്‍ന്ന പ്രകാശസംശ്ലേഷണം വഴി ടാങ്കില്‍ ധാരാളം ഓക്സിജന്‍  ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ഒരു ജലസസ്യമാണ് കബൊംബ. ആമ്പല്‍ചെടി ഉള്‍പ്പെടുന്ന നിംഫയേല്‍സ് എന്ന വര്‍ഗ്ഗത്തിലാണ് കബൊംബയുടെ സ്ഥാനം. സ്വാഭാവിക സാഹചര്യങ്ങളില്‍ യാതൊരു പരിചരണവും കൂടാതെ ഇടതൂര്‍ന്നു വളര്‍ന്ന് ഒരു കളയായി മാറുമെങ്കിലും, പലരും അക്വേറിയത്തില്‍ കബൊംബ വളര്‍ത്തുന്നതില്‍ പരാജിതരാകാറുണ്ട്.പക്ഷെ അല്പം ശ്രദ്ധ വെച്ചാല്‍ ഇവയെ അക്വേറിയത്തിലും  നന്നായി വളര്‍ത്താനാകും. നല്ല വളക്കൂറുള്ള അടിത്തട്ട്, വേണ്ടത്ര പ്രകാശം, അക്വേറിയത്തിലെ ജലത്തിന്റെ ഗുണമേന്മ തുടങ്ങിയവ കബൊംബയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ദ്രുതഗതിയില്‍ വളരുന്ന വലിയ ചെടികളെ  വെട്ടിയൊതുക്കി നിര്‍ത്തിയാല്‍ പുതിയ ശാഖകളുണ്ടാകും. മാത്രമല്ല ചെടികളുടെ ചുവടു ഭാഗത്തെ ഇലകള്‍ക്ക് വേണ്ടത്ര പ്രകാശം ലഭിക്കുകയും ചെയ്യും.

കബൊംബ എന്ന ജനുസ്സിലെ അഞ്ചു സ്പീഷീസുകളില്‍ ഏറ്റവും പ്രചാരമുള്ള ഒന്നാണ്, പച്ചകബൊംബ എന്നറിയപ്പെടുന്ന കബൊംബ കരൊലിനിയാന. തുടക്കക്കാര്‍ക്ക് വളരെ യോജിച്ച പച്ചകബൊംബയുടെ പ്രത്യേകതകളും,  വളര്‍ത്തുന്നതിലെ പൊടിക്കൈകളും മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'അക്വേറിയത്തിലെ വിശറിച്ചെടി' എന്ന  ലേഖനത്തില്‍ വിശദമായി വായിക്കാം. PDF രൂപം ഇവിടെ.

കബൊംബ തിങ്ങിവളര്‍ന്നു നില്‍ക്കുന്ന ഈ അക്വേറിയം കാണൂ.

Wednesday, February 15, 2012

കബൊംബ പടരുന്നു, കേരളത്തിലും !

അക്വേറിയം ഹോബിയിലൂടെ കേരളത്തിലേയ്ക്ക് വന്ന കബൊംബ കരൊലിനിയാന എന്ന വിശറിച്ചെടി, ഇന്ന് നമ്മുടെ നാട്ടിലെ ജലാശയങ്ങളില്‍ ഒരു കളസസ്യമായി മാറിക്കൊണ്ടിരിക്കുന്നു.  പമ്പ പരിരക്ഷണ സമിതി നടത്തിയ ഒരു പഠനത്തില്‍, പമ്പാ നദിയില്‍ മാത്രമല്ല കുട്ടനാടിലെ ജലാശയങ്ങളിലും കനാലുകളിലും കബൊംബ ഒരു കളയായി പടര്‍ന്നു കൊണ്ടിരിക്കുന്നുവെന്ന് കണ്ടെത്തി. അനിയന്ത്രിത മണല്‍വാരല്‍ മൂലം ചളി നിറഞ്ഞ അടിത്തട്ട് , ഈ ചെടികള്‍ക്ക് വളരാന്‍ പറ്റിയ സാഹചര്യമൊരുക്കുന്നു.  കബൊംബയുടെ വളര്‍ച്ച ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നതിനോടൊപ്പം, നദിയുടെ അടിത്തട്ടില്‍ ജീര്‍ണ്ണവസ്തുക്കള്‍ നിറച്ച്  കാലക്രമേണ ആഴം കുറയ്ക്കുകയും ചെയ്യുന്നു. ചെടികള്‍ നിറഞ്ഞ ജലാശയങ്ങളില്‍ വേണ്ടത്ര സൂര്യപ്രകാശം കടത്തിവിടാതെ, ജലജീവികളുടെ വളര്‍ച്ചയിലും കബൊംബ സ്വാധീനം ചെലുത്തുന്നു. കബൊംബയിലെ രാസകങ്ങള്‍ ജലാശയങ്ങളിലെ തനതായ  സസ്യജാലങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും, അവിടങ്ങളിലെ ആവാസവ്യവസ്ഥയെ തകര്‍ക്കുകയും ചെയ്യുന്നു. കൃഷിസ്ഥലങ്ങളില്‍ നിന്നും ഒഴുകിവരുന്ന രാസവളങ്ങള്‍ ഈ ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നുമുണ്ട്. 

കബൊംബ പടര്‍ന്ന പമ്പാ നദി  - ഫോട്ടോ: Leju Kamal കടപ്പാട് : Hindu Daily
അക്വേറിയം ജലസസ്യമായി നമ്മുടെ നാട്ടില്‍ എത്തിയ ഒരു ചെടിയാണ്  ഇത്തരത്തില്‍ ഒരു കളയായി മാറിയത്  എന്നതിനാല്‍, ഈ പ്രശ്നത്തെക്കുറിച്ചുള്ള  അവബോധം ആദ്യമുണ്ടാകേണ്ടതും അക്വേറിയം ഹോബിയിസ്റ്റുകള്‍ക്കാണ്. ഹിന്ദു ദിനപത്രത്തില്‍, ശ്രീ രാധാകൃഷ്ണന്‍ കുറ്റൂര്‍ എഴുതിയ ഈ ലേഖനം വായിക്കൂ. PDF രൂപത്തില്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യൂ.

കബൊംബയെക്കുറിച്ച്, ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ കളസസ്യവിഭാഗത്തില്‍ നിന്നുള്ള ഈ വീഡിയോ കാണൂ.

 

Monday, February 13, 2012

അക്വേറിയത്തിലെ വിശറിച്ചെടി - കബൊംബ (ഒന്നാം ഭാഗം)

കേരളത്തിലെ സാധാരണക്കാരായ അക്വേറിയം ഹോബിയിസ്റ്റുകള്‍ക്ക്  ഏറെ യോജിച്ച, കബൊംബ എന്ന വിശറിച്ചെടിയെക്കുറിച്ചുള്ള ലേഖനം (ഒന്നാം ഭാഗം) മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. ലേഖനം വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ. ലേഖനത്തിന്റെ PDF രൂപം ഇവിടെ നിന്നും ലഭിക്കും.

അക്വേറിയത്തില്‍ പ്രസരിപ്പോടെ വളര്‍ന്നു നില്‍ക്കുന്ന കബൊംബ കരൊലിനിയാനയെ ഈ വീഡിയോയില്‍ കാണൂ.


എന്തിന് ഇങ്ങനെയൊരു ബ്ലോഗ്‌ ?

സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, കേരളത്തില്‍ അക്വേറിയം ഹോബിയിസ്റ്റുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. അക്വേറിയങ്ങള്‍ക്ക് മറ്റെന്നെത്തെക്കാളും പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, വര്‍ണ്ണമത്സ്യപരിപാലനത്തെ, ശാസ്ത്രീയ മനോഭാവത്തോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു. തദ്ദേശീയ സാങ്കേതികവിദ്യകളും, വികസിതരാജ്യങ്ങളിലെ പുരോഗമന ചിന്താരീതിയും ഗവേഷണ ഫലങ്ങളും ഈ മേഖലയില്‍ സമന്വയിപ്പിക്കേണ്ടത്, ഇന്നിന്റെ ആവശ്യമാണ്‌. വിവരസാങ്കേതികവിദ്യയിലെ മുന്നേറ്റം അക്വേറിയം ഹോബിയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാണെങ്കിലും, ഈ വിഷയത്തില്‍ ആഴത്തിലുള്ള ചിന്തയും ശാസ്ത്രീയ കാഴ്ചപ്പാടും നമ്മുടെയിടയില്‍ ഇനിയും വേരൂന്നിയിട്ടില്ല. മലയാളത്തില്‍ ഇന്ന് ലഭ്യമായ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളുമാകട്ടെ അന്വേഷണകുതുകിയായ ഒരു ഹോബിയിസ്റ്റിന്റെ ഗവേഷണത്വരയെ തൃപ്തിപ്പെടുത്താന്‍ അത്രകണ്ട് പര്യാപ്തവുമല്ല. ഉല്ലാസദായകമായ ഈ ഹോബിയുടെ വിജ്ഞാനപ്രദമായ മറ്റൊരു വശം കൂടി തിരിച്ചറിയുവാന്‍ കുറച്ചുപേര്‍ക്കെങ്കിലും സാധിച്ചാല്‍ ഈ എളിയ സംരംഭം വിജയിച്ചുവെന്നു കരുതാം. 

സ്വന്തം കാഴ്ചപ്പാട്, അഭിപ്രായങ്ങള്‍ തുടങ്ങിയവ പങ്കുവെയ്ക്കാന്‍ അനുഭവസമ്പന്നരായ ഹോബിയിസ്റ്റുകളെ ക്ഷണിക്കുന്നു. തുടക്കക്കാര്‍ക്കും, ഇനിയുമേറെ ദൂരം സഞ്ചരിക്കുവാനുള്ള അക്വേറിയം ഹോബിയിസ്റ്റുകള്‍ക്കും തീര്‍ച്ചയായും ഇതൊരു മുതല്‍ക്കൂട്ടായിരിക്കും.