അക്വേറിയം ഹോബിയിലൂടെ കേരളത്തിലേയ്ക്ക് വന്ന കബൊംബ കരൊലിനിയാന എന്ന വിശറിച്ചെടി, ഇന്ന് നമ്മുടെ നാട്ടിലെ ജലാശയങ്ങളില്‍ ഒരു കളസസ്യമായി മാറിക്കൊണ്ടിരിക്കുന്നു. പമ്പ പരിരക്ഷണ സമിതി നടത്തിയ ഒരു പഠനത്തില്‍, പമ്പാ നദിയില്‍ മാത്രമല്ല കുട്ടനാടിലെ ജലാശയങ്ങളിലും കനാലുകളിലും കബൊംബ ഒരു കളയായി പടര്‍ന്നു കൊണ്ടിരിക്കുന്നുവെന്ന് കണ്ടെത്തി. അനിയന്ത്രിത മണല്‍വാരല്‍ മൂലം ചളി നിറഞ്ഞ അടിത്തട്ട് , ഈ ചെടികള്‍ക്ക് വളരാന്‍ പറ്റിയ സാഹചര്യമൊരുക്കുന്നു. കബൊംബയുടെ വളര്‍ച്ച ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നതിനോടൊപ്പം, നദിയുടെ അടിത്തട്ടില്‍ ജീര്‍ണ്ണവസ്തുക്കള്‍ നിറച്ച് കാലക്രമേണ ആഴം കുറയ്ക്കുകയും ചെയ്യുന്നു. ചെടികള്‍ നിറഞ്ഞ ജലാശയങ്ങളില്‍ വേണ്ടത്ര സൂര്യപ്രകാശം കടത്തിവിടാതെ, ജലജീവികളുടെ വളര്‍ച്ചയിലും കബൊംബ സ്വാധീനം ചെലുത്തുന്നു. കബൊംബയിലെ രാസകങ്ങള്‍ ജലാശയങ്ങളിലെ തനതായ സസ്യജാലങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും, അവിടങ്ങളിലെ ആവാസവ്യവസ്ഥയെ തകര്‍ക്കുകയും ചെയ്യുന്നു. കൃഷിസ്ഥലങ്ങളില്‍ നിന്നും ഒഴുകിവരുന്ന രാസവളങ്ങള്‍ ഈ ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നുമുണ്ട്.
കബൊംബ പടര്‍ന്ന പമ്പാ നദി - ഫോട്ടോ: Leju Kamal കടപ്പാട് : Hindu Daily |
അക്വേറിയം ജലസസ്യമായി നമ്മുടെ
നാട്ടില്‍ എത്തിയ ഒരു ചെടിയാണ് ഇത്തരത്തില്‍ ഒരു കളയായി മാറിയത്
എന്നതിനാല്‍, ഈ പ്രശ്നത്തെക്കുറിച്ചുള്ള അവബോധം ആദ്യമുണ്ടാകേണ്ടതും
അക്വേറിയം ഹോബിയിസ്റ്റുകള്‍ക്കാണ്. ഹിന്ദു ദിനപത്രത്തില്‍, ശ്രീ രാധാകൃഷ്ണന്‍ കുറ്റൂര്‍ എഴുതിയ ഈ ലേഖനം വായിക്കൂ. PDF രൂപത്തില്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യൂ.
കബൊംബയെക്കുറിച്ച്, ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ കളസസ്യവിഭാഗത്തില്‍ നിന്നുള്ള ഈ വീഡിയോ കാണൂ.
പമ്പാ നദിയില്‍ മാത്രമല്ല, മറ്റു പല ജലാശയങ്ങളിലും ഈ കള വളരുന്നുണ്ടെന്ന് ട്രെയിന്‍ യാത്രകള്‍ക്കിടെ മനസ്സിലാക്കാനായിട്ടുണ്ട്. ഈ പ്രശ്നത്തെക്കുറിച്ച് അധികമാരും ബോധവാന്മാരാണെന്നു തോന്നുന്നില്ല. കുളവാഴയുടെയും ആഫ്രിക്കന്‍ പായലിന്റെയും വിധിയാകുമോ കബൊംബയ്ക്കും?
ReplyDeleteഇപ്പോള്‍ത്തന്നെ ശ്രദ്ധിച്ചാല്‍ കബൊംബ ഒരു കളയായി വ്യാപിക്കുന്നത് തടയാം. ഈ വിഷയത്തെക്കുറിച്ചു കൂടുതല്‍ ബോധവത്കരണവും സര്‍ക്കാരിന്റെ ഇടപെടലും ആവശ്യമാണ്.
ReplyDelete