അക്വേറിയത്തില്‍ നാം മത്സ്യങ്ങളെ വളര്‍ത്തുന്നത് ജൈവ ആവാസ വ്യവസ്ഥയ്ക്ക് തന്നെ എതിരാണോ? അലങ്കാര മത്സ്യങ്ങളുടെ അമിത ചൂഷണമാണോ മത്സ്യങ്ങളുടെ ജൈവ വൈവിധ്യത്തെ ബാധിക്കുന്നത്? അങ്ങനെയെങ്കില്‍ വര്‍ണ്ണമത്സ്യം വളര്‍ത്തല്‍ ധാര്‍മ്മികമാണോ? ആവാസവ്യവസ്ഥയ്ക്ക് കോട്ടം വരാതെ ഹോബി തുടരാനാകുമോ? ഈ വിഷയത്തെക്കുറിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ മാതൃഭൂമി കാര്‍ഷികത്തിലെ ഈ ലേഖനം വായിക്കൂ. വര്‍ണ്ണമത്സ്യങ്ങള്‍ വളര്‍ത്തുന്നതിലെ ധാര്‍മ്മികതയെപ്പറ്റിയുള്ള ഈ ലേഖനത്തിന്റെ PDF രൂപം ഇവിടെ കാണൂ.
അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നവര്‍ എപ്പോഴെങ്കിലും ഇത് ചിന്തിച്ചിരിക്കാം. തങ്ങള്‍ ചെയ്യുന്നത് ക്രൂരതയല്ലേ? മത്സ്യങ്ങളും ജീവികളല്ലേ? അവയുടെ സ്വാതന്ത്ര്യം നാം കവര്‍ന്നെടുക്കുകയല്ലേ? അതും നമ്മുടെ സ്വാര്‍ഥതയല്ലേ?
അക്വേറിയം ഹോബി തുടങ്ങാനാഗ്രഹിക്കുന്ന പലരും പ്രകൃതിയുടെ ഭാഗമായ മത്സ്യങ്ങളെ കണ്ണാടിക്കൂടുകളില്‍ അടച്ചിട്ടു വളര്‍ത്തുന്നത് ശരിയാണോയെന്ന് ചിലപ്പോഴെങ്കിലും സംശയിച്ചിരിക്കാം.
ഇതിനനുകൂലമായും പ്രതികൂലമായും പലതരത്തിലുള്ള വാദപ്രതിവാദങ്ങള്‍ നിരത്താം. മത്സ്യങ്ങള്‍ പ്രകൃതിയില്‍ ഏറെ ദൂരം സഞ്ചരിക്കാറുള്ളത് ഇര തേടാനും, പ്രജനനത്തിനും, ഇരപിടിയന്മാരില്‍ നിന്ന് രക്ഷനേടാനുമൊക്കെയാണ് .
എന്നാല്‍ പ്രകൃതിദത്തമായ സാഹചര്യങ്ങളോട് കിടപിടിക്കുംവിധം മത്സ്യങ്ങളെ അക്വേറിയത്തില്‍ വളര്‍ത്തുന്നതില്‍ തെറ്റുണ്ടോ? കൂടുതലറിയാനായി മാതൃഭൂമി കാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ച 'വര്‍ണ്ണ മത്സ്യപരിപാലനം ധാര്‍മ്മികമോ?' എന്ന ലേഖനം വായിക്കൂ. പി ഡി എഫ് രൂപം ഇവിടെ കാണൂ.
കബൊംബയിനത്തിലെ അക്വേറിയം സസ്യങ്ങളില്‍ വളര്‍ത്താന്‍ ഏറ്റവും പ്രയാസമുള്ള
ഇനമാണ്, ചെമപ്പ് മുതല്‍
പര്‍പ്പിള്‍ നിറത്തില്‍ വരെ പൂക്കളുള്ള കബൊംബ ഫര്‍കേറ്റ. ശാഖകള്‍ കുറഞ്ഞു
മൃദുലമായ തണ്ടുകളോട് കൂടിയ ഈ ചെടികളെ വളക്കൂറുള്ള അടിത്തട്ടില്‍ ധാരാളം
പ്രകാശം നല്‍കി വളര്‍ത്തണം. സൂക്ഷ്മ മൂലകങ്ങള്‍, CO2
എന്നിവ ഫര്‍കേറ്റയുടെ നല്ല വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. അക്വേറിയങ്ങളില്‍ ചെമപ്പ് നിറം
വിതറി വളര്‍ന്നു നില്‍ക്കുന്ന കബൊംബ ഫര്‍കേറ്റയുടെ വിവിധ മുഖങ്ങള്‍, ഈ ഫോട്ടോ
ബ്ലോഗ് പോസ്റ്റിലൂടെ അറിയൂ.
അനുഭവ
സമ്പന്നരായ അക്വേറിയം ഹോബിയിസ്റ്റുകള്‍ക്ക് യോജിച്ച ഈ ചെടിയെ പറ്റി
കൂടുതല്‍ അറിയാനായി മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം
വായിക്കൂ. PDF രൂപം ഇവിടെ കാണൂ.
മഞ്ഞ കബൊംബ എന്നറിയപ്പെടുന്ന കബൊംബ അക്വാട്ടിക്ക,
പലപ്പോഴും നമ്മുടെ അക്വേറിയം കടകളില്‍ വളരെ വിരളമായേ ലഭ്യമാകാറുള്ളൂ. ഇനി
അഥവാ കിട്ടുകയാണെങ്കില്‍ത്തന്നെ, ചെടികള്‍ വളരെ മോശമായ
സ്ഥിതിയിലുമായിരിക്കും. പലപ്പോഴും നിറം മങ്ങി പാതി അഴുകിയ അവസ്ഥയില്‍,
കടകളില്‍ നിന്ന് വാങ്ങേണ്ടി വരുന്ന ഇത്തരം ചെടികളെ,
അക്വേറിയത്തിലേയ്ക്ക് മാറ്റുന്നതിന് മുന്‍പ് പ്രത്യേകമായി
വളര്‍ത്തിയെടുക്കേണ്ടാതായും വരും. ഇത്തിരി ശ്രമപ്പെട്ടിട്ടാണെങ്കിലും
വളര്‍ത്താന്‍ സര്‍വഥാ യോഗ്യനായ ഒരു അക്വേറിയം സസ്യമാണ് മഞ്ഞ കബൊംബ. കടും
പച്ച നിറത്തില്‍ നാരുകള്‍ പോലെയുള്ള ഇലകളാണ് ഈ ചെടിയ്ക്കുള്ളത്. മഞ്ഞ
കബൊംബയിലെ ചിലയിനങ്ങളിലാകട്ടെ, മഞ്ഞ കലര്‍ന്ന പച്ച നിറത്തിലുള്ള
ഇലകള്‍ കാണപ്പെടുന്നു. നന്നായി പരിപാലിക്കപ്പെടുന്ന ഒരു ടാങ്കില്‍,
ചിലപ്പോള്‍ മഞ്ഞപ്പൂക്കള്‍ ഉത്പാദിപ്പിച്ചു ഹോബിയിസ്റ്റുകളെ
സന്തോഷിപ്പിക്കാറുമുണ്ട് ഈ ചെടി! സസ്യാഹാരികളായ മത്സ്യങ്ങളെ
വളര്‍ത്തുന്ന
ടാങ്കില്‍ കടിച്ചു മുറിക്കപ്പെടുന്നത് മൂലം, പലപ്പോഴും മഞ്ഞ
കബൊംബ
ശരിയായി വളരാറില്ല. അതുപോലെ തന്നെ ചിലയിനം ഒച്ചുകളും, ഇതിന്റെ ഇലകളെ ആഹരിക്കുന്നതായി കണ്ടു വരുന്നു. ശക്തിയേറിയ ജലപ്രവാഹമുള്ള ഒരു ടാങ്കില്‍,
മഞ്ഞ കബോംബ പലപ്പോഴും ശരിയായി വളരാന്‍ പ്രയാസമാണ്. പ്രത്യേകിച്ച്
വെളിച്ചത്തിന്റെ അഭാവവും കൂടിയായാല്‍, തണ്ടുകള്‍ മൃദുവാകുന്നതിനാല്‍
എളുപ്പം ഒടിഞ്ഞു പോരുകയും ചെയ്യും. പക്ഷെ മറ്റു ചെടികളോടോന്നിച്ചു
നട്ടാല്‍, ഒരു പരിധി വരെ ഫില്‍റ്റെര്‍ ജലപ്രവാഹം മൂലമുള്ള തണ്ടൊടിയല്‍
ഒഴിവാക്കാം. വളര്‍ച്ചാസാഹചര്യങ്ങളില്‍ അല്പം നിഷ്കര്‍ഷത
പുലര്‍ത്തുന്നതിനാല്‍, അനുഭവസമ്പന്നരായ ഹോബിയിസ്റ്റുകള്‍ക്കാണ് ഈ ചെടി
വളര്‍ത്താന്‍ എളുപ്പം. എന്നാല്‍ അക്വേറിയത്തിലെ ജലതാപനില, വളക്കൂറുള്ള
അടിത്തട്ട്, വെള്ളത്തിലെ ഇരുമ്പിന്റെ അളവ്, CO2
കൊടുക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു വെല്ലുവിളിയായി
തുടക്കക്കാര്‍ക്കും മഞ്ഞ കബൊംബ വളര്‍ത്താവുന്നതാണ്.
കബൊംബ
അക്വാട്ടിക്കയുടെ പ്രത്യേകതകളെക്കുറിച്ചും, ഈ ചെടിയുടെ
വളര്‍ച്ചയ്ക്കാവശ്യമായ സാഹചര്യങ്ങളെപ്പറ്റിയും മാതൃഭൂമി
ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനത്തില്‍ വായിക്കാം. PDF രൂപം ഇവിടെ ലഭിക്കും.
കബൊംബയുടെ മറ്റ് രണ്ടു സ്പീഷീസുകളായ കബൊംബ അക്വാട്ടിക്ക, കബൊംബ ഫര്‍കേറ്റ എന്നിവ, താരതമ്യേന അനുഭവസമ്പന്നരായ അക്വേറിയം ഹോബിയിസ്റ്റുകള്‍ക്ക് വളരെ യോജിച്ചവയാണ്. ഇവയ്ക്കു പുറമേ, കബൊംബേസിയെ സസ്യകുടുംബത്തിലെ മറ്റ് സ്പീഷീസുകളെ തിരിച്ചറിയേണ്ടത് എങ്ങനെയെന്നും, അവയെ വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്നും പ്രതിപാദിക്കുന്ന ലേഖനം 'അക്വേറിയത്തിലെ വിശറിച്ചെടി - കബൊംബ (രണ്ടാം ഭാഗം)' മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. ഇതിന്റെ PDF രൂപം ഇവിടെ ലഭിക്കും.
അക്വേറിയത്തിന്റെ പച്ചപ്പ് കൂട്ടുക മാത്രമല്ല, ഉയര്‍ന്ന പ്രകാശസംശ്ലേഷണം വഴി ടാങ്കില്‍ ധാരാളം ഓക്സിജന്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ഒരു ജലസസ്യമാണ് കബൊംബ. ആമ്പല്‍ചെടി ഉള്‍പ്പെടുന്ന നിംഫയേല്‍സ് എന്ന വര്‍ഗ്ഗത്തിലാണ് കബൊംബയുടെ സ്ഥാനം. സ്വാഭാവിക സാഹചര്യങ്ങളില്‍ യാതൊരു പരിചരണവും കൂടാതെ ഇടതൂര്‍ന്നു വളര്‍ന്ന് ഒരു കളയായി മാറുമെങ്കിലും, പലരും അക്വേറിയത്തില്‍ കബൊംബ വളര്‍ത്തുന്നതില്‍ പരാജിതരാകാറുണ്ട്.പക്ഷെ അല്പം ശ്രദ്ധ വെച്ചാല്‍ ഇവയെ അക്വേറിയത്തിലും നന്നായി വളര്‍ത്താനാകും. നല്ല വളക്കൂറുള്ള അടിത്തട്ട്, വേണ്ടത്ര പ്രകാശം, അക്വേറിയത്തിലെ ജലത്തിന്റെ ഗുണമേന്മ തുടങ്ങിയവ കബൊംബയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ദ്രുതഗതിയില്‍ വളരുന്ന വലിയ ചെടികളെ വെട്ടിയൊതുക്കി നിര്‍ത്തിയാല്‍ പുതിയ ശാഖകളുണ്ടാകും. മാത്രമല്ല ചെടികളുടെ ചുവടു ഭാഗത്തെ ഇലകള്‍ക്ക് വേണ്ടത്ര പ്രകാശം ലഭിക്കുകയും ചെയ്യും.
കബൊംബ എന്ന ജനുസ്സിലെ അഞ്ചു സ്പീഷീസുകളില്‍ ഏറ്റവും പ്രചാരമുള്ള ഒന്നാണ്, പച്ചകബൊംബ എന്നറിയപ്പെടുന്ന കബൊംബ കരൊലിനിയാന. തുടക്കക്കാര്‍ക്ക് വളരെ യോജിച്ച പച്ചകബൊംബയുടെ പ്രത്യേകതകളും, വളര്‍ത്തുന്നതിലെ പൊടിക്കൈകളും മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'അക്വേറിയത്തിലെ വിശറിച്ചെടി' എന്ന ലേഖനത്തില്‍ വിശദമായി വായിക്കാം. PDF രൂപം ഇവിടെ.
കബൊംബ തിങ്ങിവളര്‍ന്നു നില്‍ക്കുന്ന ഈ അക്വേറിയം കാണൂ.
അക്വേറിയം ഹോബിയിലൂടെ കേരളത്തിലേയ്ക്ക് വന്ന കബൊംബ കരൊലിനിയാന എന്ന വിശറിച്ചെടി, ഇന്ന് നമ്മുടെ നാട്ടിലെ ജലാശയങ്ങളില്‍ ഒരു കളസസ്യമായി മാറിക്കൊണ്ടിരിക്കുന്നു. പമ്പ പരിരക്ഷണ സമിതി നടത്തിയ ഒരു പഠനത്തില്‍, പമ്പാ നദിയില്‍ മാത്രമല്ല കുട്ടനാടിലെ ജലാശയങ്ങളിലും കനാലുകളിലും കബൊംബ ഒരു കളയായി പടര്‍ന്നു കൊണ്ടിരിക്കുന്നുവെന്ന് കണ്ടെത്തി. അനിയന്ത്രിത മണല്‍വാരല്‍ മൂലം ചളി നിറഞ്ഞ അടിത്തട്ട് , ഈ ചെടികള്‍ക്ക് വളരാന്‍ പറ്റിയ സാഹചര്യമൊരുക്കുന്നു. കബൊംബയുടെ വളര്‍ച്ച ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നതിനോടൊപ്പം, നദിയുടെ അടിത്തട്ടില്‍ ജീര്‍ണ്ണവസ്തുക്കള്‍ നിറച്ച് കാലക്രമേണ ആഴം കുറയ്ക്കുകയും ചെയ്യുന്നു. ചെടികള്‍ നിറഞ്ഞ ജലാശയങ്ങളില്‍ വേണ്ടത്ര സൂര്യപ്രകാശം കടത്തിവിടാതെ, ജലജീവികളുടെ വളര്‍ച്ചയിലും കബൊംബ സ്വാധീനം ചെലുത്തുന്നു. കബൊംബയിലെ രാസകങ്ങള്‍ ജലാശയങ്ങളിലെ തനതായ സസ്യജാലങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും, അവിടങ്ങളിലെ ആവാസവ്യവസ്ഥയെ തകര്‍ക്കുകയും ചെയ്യുന്നു. കൃഷിസ്ഥലങ്ങളില്‍ നിന്നും ഒഴുകിവരുന്ന രാസവളങ്ങള്‍ ഈ ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നുമുണ്ട്.
അക്വേറിയം ജലസസ്യമായി നമ്മുടെ
നാട്ടില്‍ എത്തിയ ഒരു ചെടിയാണ് ഇത്തരത്തില്‍ ഒരു കളയായി മാറിയത്
എന്നതിനാല്‍, ഈ പ്രശ്നത്തെക്കുറിച്ചുള്ള അവബോധം ആദ്യമുണ്ടാകേണ്ടതും
അക്വേറിയം ഹോബിയിസ്റ്റുകള്‍ക്കാണ്. ഹിന്ദു ദിനപത്രത്തില്‍, ശ്രീ രാധാകൃഷ്ണന്‍ കുറ്റൂര്‍ എഴുതിയ ഈ ലേഖനം വായിക്കൂ. PDF രൂപത്തില്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യൂ.
കബൊംബയെക്കുറിച്ച്, ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ കളസസ്യവിഭാഗത്തില്‍ നിന്നുള്ള ഈ വീഡിയോ കാണൂ.
കേരളത്തിലെ സാധാരണക്കാരായ അക്വേറിയം ഹോബിയിസ്റ്റുകള്‍ക്ക് ഏറെ യോജിച്ച, കബൊംബ എന്ന വിശറിച്ചെടിയെക്കുറിച്ചുള്ള ലേഖനം (ഒന്നാം ഭാഗം) മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. ലേഖനം വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ. ലേഖനത്തിന്റെ PDF രൂപം ഇവിടെ നിന്നും ലഭിക്കും.
അക്വേറിയത്തില്‍ പ്രസരിപ്പോടെ വളര്‍ന്നു നില്‍ക്കുന്ന കബൊംബ കരൊലിനിയാനയെ ഈ വീഡിയോയില്‍ കാണൂ.
സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, കേരളത്തില്‍ അക്വേറിയം ഹോബിയിസ്റ്റുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. അക്വേറിയങ്ങള്‍ക്ക് മറ്റെന്നെത്തെക്കാളും പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, വര്‍ണ്ണമത്സ്യപരിപാലനത്തെ, ശാസ്ത്രീയ മനോഭാവത്തോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു. തദ്ദേശീയ
സാങ്കേതികവിദ്യകളും, വികസിതരാജ്യങ്ങളിലെ പുരോഗമന ചിന്താരീതിയും ഗവേഷണ ഫലങ്ങളും ഈ മേഖലയില്‍
സമന്വയിപ്പിക്കേണ്ടത്, ഇന്നിന്റെ ആവശ്യമാണ്. വിവരസാങ്കേതികവിദ്യയിലെ മുന്നേറ്റം
അക്വേറിയം ഹോബിയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാണെങ്കിലും, ഈ വിഷയത്തില്‍
ആഴത്തിലുള്ള ചിന്തയും ശാസ്ത്രീയ കാഴ്ചപ്പാടും നമ്മുടെയിടയില്‍ ഇനിയും
വേരൂന്നിയിട്ടില്ല. മലയാളത്തില്‍ ഇന്ന് ലഭ്യമായ പുസ്തകങ്ങളും
പ്രസിദ്ധീകരണങ്ങളുമാകട്ടെ അന്വേഷണകുതുകിയായ ഒരു ഹോബിയിസ്റ്റിന്റെ
ഗവേഷണത്വരയെ തൃപ്തിപ്പെടുത്താന്‍ അത്രകണ്ട് പര്യാപ്തവുമല്ല. ഉല്ലാസദായകമായ ഈ
ഹോബിയുടെ വിജ്ഞാനപ്രദമായ മറ്റൊരു വശം കൂടി തിരിച്ചറിയുവാന്‍
കുറച്ചുപേര്‍ക്കെങ്കിലും സാധിച്ചാല്‍ ഈ എളിയ സംരംഭം വിജയിച്ചുവെന്നു
കരുതാം.
സ്വന്തം
കാഴ്ചപ്പാട്, അഭിപ്രായങ്ങള്‍ തുടങ്ങിയവ പങ്കുവെയ്ക്കാന്‍ അനുഭവസമ്പന്നരായ
ഹോബിയിസ്റ്റുകളെ ക്ഷണിക്കുന്നു. തുടക്കക്കാര്‍ക്കും, ഇനിയുമേറെ ദൂരം
സഞ്ചരിക്കുവാനുള്ള അക്വേറിയം ഹോബിയിസ്റ്റുകള്‍ക്കും തീര്‍ച്ചയായും ഇതൊരു
മുതല്‍ക്കൂട്ടായിരിക്കും.